കാലാവസ്ഥാ വ്യതിയാനങ്ങൾ അന്നമില്ലാതാക്കും; ​ഇന്ത്യ കാത്തിരിക്കുന്നത് ​ഗുരുതര പ്രത്യാഘാതങ്ങളെന്ന് പുതിയ പഠനങ്ങൾ

അന്താരാഷ്ട്ര പരിസ്ഥിതി വികസന ഇൻസ്റ്റിറ്റ്യൂട്ട് (IIED) പുറത്തുവിട്ട കണക്കുകൾ പ്രകാരം, സമ്പന്ന രാജ്യങ്ങളെ അപേക്ഷിച്ച് മൂന്നാംലോക രാജ്യങ്ങളിലെ ഭക്ഷ്യസുരക്ഷ ഏഴിരട്ടി വേഗത്തിൽ തകരാൻ സാധ്യതയുണ്ട്.
കാലാവസ്ഥാ വ്യതിയാനങ്ങൾ അന്നമില്ലാതാക്കും; ​ഇന്ത്യ കാത്തിരിക്കുന്നത് ​ഗുരുതര പ്രത്യാഘാതങ്ങളെന്ന് പുതിയ പഠനങ്ങൾ
Published on

ആഗോള താപനിലയിലുണ്ടാകുന്ന നേരിയ വർധനവ് പോലും നമ്മുടെ അടുക്കളകളെ നേരിട്ട് ബാധിച്ചുകൊണ്ടിരിക്കുകയാണ്. ഭൂമിയിലെ ശരാശരി താപനിലയിൽ നേരിയ വർധനവുണ്ടാകുന്നത് കേവല പരിസ്ഥിതി പ്രശ്നം മാത്രമായി ഒതുങ്ങില്ലെന്നും, കോടിക്കണക്കിന് ആളുകളുടെ ജീവൻ നിലനിർത്തുന്ന ഭക്ഷ്യശൃംഖലയുടെ വേരറുക്കുന്നതിലേക്ക് നയിക്കുന്ന ​ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നുമാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. അന്താരാഷ്ട്ര പരിസ്ഥിതി വികസന ഇൻസ്റ്റിറ്റ്യൂട്ട് (IIED) പുറത്തുവിട്ട കണക്കുകൾ പ്രകാരം, സമ്പന്ന രാജ്യങ്ങളെ അപേക്ഷിച്ച് മൂന്നാംലോക രാജ്യങ്ങളിലെ ഭക്ഷ്യസുരക്ഷ ഏഴിരട്ടി വേഗത്തിൽ തകരാൻ സാധ്യതയുണ്ട്. നിലവിൽ കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്ന രാജ്യങ്ങളുടെ എണ്ണം എട്ടിൽ നിന്ന് 24 ആയി ഉയരാമെന്ന മുന്നറിയിപ്പ് വരാനിരിക്കുന്ന മഹാവിപത്തിന്റെ സൂചനയാണ്

നമ്മുടെ രാജ്യത്തെ കണക്കുകൾ കൂടുതൽ ആശങ്കാജനകമാണ്. ലോകത്തിലെ രണ്ടാമത്തെ വലിയ ഗോതമ്പ് ഉത്പാദക രാജ്യമായ ഇന്ത്യയിൽ, കാലാവസ്ഥാ വ്യതിയാനം നേരിട്ട് ബാധിക്കുന്നത് ജനങ്ങളുടെ പ്രധാന ആഹാരമായ റോട്ടിയെയും ചപ്പാത്തിയെയുമാണ്. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി ഉത്പാദിപ്പിക്കപ്പെടുന്നത് 10.5 കോടി ടൺ ഗോതമ്പാണ്. താപനിലയിലുണ്ടാകുന്ന വർധനവ് രാജ്യത്തെ ഗോതമ്പ് ഉത്പാദനത്തിൽ 7 ശതമാനം കുറവുണ്ടാക്കുന്നുവെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. 124 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ മാസമായി 2025 ഫെബ്രുവരി മാറിയത് നമ്മുടെ കാർഷിക മേഖലയ്ക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്.

ഈ പ്രതിസന്ധിയുടെ കാതൽ ഗോതമ്പ് മണികൾ പാകമാകുന്ന 'ഗ്രെയിൻ ഫില്ലിംഗ്' (Grain-filling) ഘട്ടത്തിലുണ്ടാകുന്ന അമിത ചൂടാണ്. ചൂട് കൂടുമ്പോൾ ചെടികൾ അവയുടെ വളർച്ചാ ചക്രം അസ്വാഭാവികമായി വേഗത്തിൽ പൂർത്തിയാക്കുന്നു. ഇത് ഗോതമ്പ് മണികളുടെ വലിപ്പവും തൂക്കവും പോഷകഗുണവും ഗണ്യമായി കുറയ്ക്കുന്നു. 2080-ഓടെ ഉത്തരേന്ത്യയിലെ ഗോതമ്പ് ചെടികളുടെ വളർച്ചാ കാലയളവ് 14 ദിവസം വരെ കുറഞ്ഞേക്കാം, ഇത് ഉത്പാദനത്തിൽ 30 ശതമാനം വരെ ഇടിവുണ്ടാക്കും. ഉത്പാദനത്തിലെ ഈ കുറവ് വിപണിയിൽ ഗോതമ്പ് പൊടിയുടെ (ആട്ട) വില കുതിച്ചുയരാൻ കാരണമാകും. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (FCI) കണക്കുകൾ പ്രകാരം 2024-25 കാലയളവിൽ ലക്ഷ്യമിട്ടതിനേക്കാൾ വളരെ കുറഞ്ഞ അളവിൽ മാത്രമേ ഗോതമ്പ് സംഭരിക്കാൻ നമുക്ക് സാധിച്ചിട്ടുള്ളു, കാലവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതം വ്യക്തമാക്കുന്നതാണ് ഈ ഇടിവ്.

ഭക്ഷ്യലഭ്യത, വാങ്ങാനുള്ള ശേഷി, വിനിയോഗം, സുസ്ഥിരത എന്നീ നാല് സ്തംഭങ്ങളെയാണ് ഈ കാലാവസ്ഥാ വ്യതിയാനം തകർക്കുന്നത്. കാർബൺ പുറന്തള്ളൽ ഇതേ രീതിയിൽ തുടർന്നാൽ 2100-ഓടെ ഉത്തരേന്ത്യയിലെയും മധ്യ ഇന്ത്യയിലെയും ഗോതമ്പ് കൃഷി 40 മുതൽ 100 ശതമാനം വരെ ഇല്ലാതായേക്കാം. ഇത് കേവലം സാമ്പത്തിക നഷ്ടമല്ല, മറിച്ച് ദശലക്ഷക്കണക്കിന് ആളുകളെ പോഷകാഹാരക്കുറവിലേക്കും ആരോഗ്യപ്രശ്നങ്ങളിലേക്കും തള്ളിവിടും. വെള്ളം, ശുചിത്വം, പൊതുജനാരോഗ്യം എന്നിവയെയും ഇത് പരോക്ഷമായി ബാധിക്കും. കൃഷിനാശം മൂലം ആഗോളതലത്തിൽ ഉണ്ടാകുന്ന ഇത്തരം തകർച്ചകൾ വൻതോതിലുള്ള കുടിയേറ്റത്തിനും രാജ്യങ്ങൾ തമ്മിലുള്ള അസ്ഥിരതയ്ക്കും വഴിതെളിക്കും.

ഈ വിനാശകരമായ സാഹചര്യം ഒഴിവാക്കാൻ ആഗോളതലത്തിലും പ്രാദേശികമായും അടിയന്തര ഇടപെടലുകൾ ആവശ്യമാണ്. കാലാവസ്ഥാ ആഘാതങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ള സാമൂഹിക സുരക്ഷാ പദ്ധതികൾ സർക്കാർ തലത്തിൽ ശക്തിപ്പെടുത്തേണ്ടതുണ്ട്. പരമ്പരാഗത രീതികളിൽ നിന്ന് മാറി, കാലാവസ്ഥയെ പ്രതിരോധിക്കുന്ന ആധുനിക കൃഷിരീതികളിൽ നിക്ഷേപം നടത്തുകയും മണ്ണ്-ജല സംരക്ഷണത്തിന് മുൻഗണന നൽകുകയും വേണം. വികസ്വര രാജ്യങ്ങളിലെ കൃഷിനാശം ലോകസമാധാനത്തെ പോലും ബാധിക്കുമെന്നതിനാൽ സമ്പന്ന രാജ്യങ്ങളുടെ സഹകരണം അത്യന്താപേക്ഷിതമാണ്

English Summary: New studies warn that climate change could severely impact global food security, with India facing significant risks to wheat production due to rising temperatures. Even small increases in heat can disrupt crop growth cycles, reduce yield quality, and trigger food shortages. Urgent global and local interventions are needed to prevent long-term agricultural and economic crises.

Related Stories

No stories found.
Madism Digital
madismdigital.com