

ആഗോളതാപനം മൂലം സമുദ്രമഞ്ഞ് അതിവേഗം ഉരുകുന്നതിനെത്തുടർന്ന് അന്റാർട്ടിക്കിലെ എമ്പറർ പെൻഗ്വിൻ കുഞ്ഞുങ്ങൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. ഹിമപാളികൾ അപ്രത്യക്ഷമായതോടെ പെൻഗ്വിൻ കുഞ്ഞുങ്ങൾ സമുദ്രത്തിൽ മുങ്ങിമരിക്കുന്നത് നിത്യസംഭവമായ സാഹചര്യത്തിൽ, ഈ വർഗത്തെ വംശനാശഭീഷണി നേരിടുന്ന വിഭാഗമായി (Endangered) അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ സംഘടനയായ ഐ.യു.സി.എൻ (IUCN) പ്രഖ്യാപിച്ചു. ഭൂമിയിലെ ഏറ്റവും വലിയ പെൻഗ്വിൻ വിഭാഗമായ ഇവയുടെ നിലനിൽപ്പിന് കാലാവസ്ഥാ വ്യതിയാനം വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
തീരത്തോട് ചേർന്ന് ഉറച്ചുനിൽക്കുന്ന 'ഫാസ്റ്റ് ഐസ്' (Fast Ice) എന്നറിയപ്പെടുന്ന സമുദ്രമഞ്ഞിനെയാണ് എമ്പറർ പെൻഗ്വിനുകൾ ജീവിതചക്രത്തിനായി പ്രധാനമായും ആശ്രയിക്കുന്നത്. ഈ ഹിമപാളികളിലാണ് ഇവയുടെ കുഞ്ഞുങ്ങൾ വിരിഞ്ഞു വളരുന്നത്. വെള്ളം നനയാത്ത വിധം ചിറകുകൾ പാകപ്പെടുന്നത് വരെ ഇവയ്ക്ക് ഈ മഞ്ഞു പ്രദേശം സുരക്ഷിത താവളമാണ്. എന്നാൽ, ആഗോളതാപനം ആഞ്ഞടിച്ചതോടെ 2016 മുതൽ അന്റാർട്ടിക്കയിലെ സമുദ്രമഞ്ഞ് റെക്കോർഡ് വേഗത്തിലാണ് ഉരുകിത്തീരുന്നത്.
ശൈത്യകാലം അവസാനിക്കുന്നതിന് മുൻപേ സമുദ്രമഞ്ഞ് പൊട്ടിപ്പിളരുന്നതോടെ പെൻഗ്വിൻ കോളനികൾ ഒന്നാകെ കടലിലേക്ക് വീഴുകയാണ്. നീന്താൻ പ്രായമാകാത്ത കുഞ്ഞുങ്ങൾ ഇതോടെ കൂട്ടത്തോടെ മുങ്ങിമരിക്കുന്നു. വെള്ളത്തിൽ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെട്ട് കരയ്ക്ക് കയറുന്നവയാകട്ടെ, ശരീരം നനഞ്ഞുകുതിരുന്നതോടെ അതിശൈത്യം താങ്ങാനാവാതെ തണുത്തുറഞ്ഞു മരിക്കുകയും ചെയ്യുന്നു. പെൻഗ്വിനുകളുടെ വംശവർദ്ധനവിനെ ഈ പ്രതിസന്ധി ഗുരുതരമായി ബാധിച്ചിരിക്കുകയാണ്.
അന്റാർട്ടിക്കിലെ ഹിമപാളികൾ തകരുന്നതിന്റെ പ്രത്യാഘാതങ്ങൾ എത്രത്തോളം ഭീകരമാണെന്ന് സമീപകാല കണക്കുകൾ വ്യക്തമാക്കുന്നു. 2022-ൽ ബെല്ലിങ്ഷൗസൻ (Bellingshausen) കടലിലെ അഞ്ച് പ്രജനന കേന്ദ്രങ്ങളിൽ നാലെണ്ണം തകർന്ന് വീണതോടെ ആയിരക്കണക്കിന് കുഞ്ഞുങ്ങളാണ് കടലിൽ പൊലിഞ്ഞത്. ഇതിനുമുമ്പ് 2016-ൽ വെഡ്ഡൽ കടലിലെ പ്രശസ്തമായ പെൻഗ്വിൻ കോളനിയും സമാനമായ രീതിയിൽ അപ്രത്യക്ഷമായിരുന്നു. ഈ സംഭവങ്ങളെ "ഭീകരവും അത്യന്തം ഹൃദയഭേദകവും" എന്നാണ് ഗവേഷകർ വിശേഷിപ്പിച്ചത്.
ഐയുസിഎന്നിന്റെ (IUCN) ഏറ്റവും പുതിയ വിലയിരുത്തൽ പ്രകാരം, സമുദ്രമഞ്ഞ് ഉരുകുന്നത് ഇതേ വേഗതയിൽ തുടർന്നാൽ 2080-ഓടെ എമ്പറർ പെൻഗ്വിനുകളുടെ എണ്ണത്തിൽ പകുതിയോളം കുറവുണ്ടാകും. നിലവിൽ ഭൂമിയിൽ ഏകദേശം 5,95,000 പ്രായപൂർത്തിയായ പെൻഗ്വിനുകളുണ്ടെന്നാണ് കണക്ക്. എന്നാൽ 2009 മുതൽ 2018 വരെയുള്ള ചുരുങ്ങിയ കാലയളവിൽ തന്നെ ഇവയുടെ എണ്ണത്തിൽ 10 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. വരും പതിറ്റാണ്ടുകൾ മഞ്ഞുഭൂമിയുടെ ഈ കാവൽക്കാർക്ക് അതിജീവനത്തിന്റെ അഗ്നിപരീക്ഷയായിരിക്കുമെന്നാണ് ശാസ്ത്രലോകം നൽകുന്ന മുന്നറിയിപ്പ്.
പെൻഗ്വിൻ വർഗത്തിലെ ഏറ്റവും വലിപ്പമേറിയവരായ എമ്പറർ പെൻഗ്വിനുകൾ ഇന്ന് നിലനിൽപ്പിനായുള്ള കടുത്ത പോരാട്ടത്തിലാണ്. ഐയുസിഎന്നിന്റെ (IUCN) പുതുക്കിയ പട്ടികയിൽ 'ഭീഷണിക്കടുത്ത്' എന്ന വിഭാഗത്തിലായിരുന്ന ഇവയെ ഇപ്പോൾ 'വംശനാശഭീഷണി നേരിടുന്നവയുടെ' ഗണത്തിലേക്ക് ഉയർത്തിയിരിക്കുകയാണ്. അന്റാർട്ടിക്കിലെ ഹിമഭൂമി നേരിടുന്ന പാരിസ്ഥിതിക തകർച്ചയുടെ മറ്റൊരു ഇരയായി അന്റാർട്ടിക് ഫർ സീലുകളും മാറിയിരിക്കുന്നു.
കാലാവസ്ഥാ വ്യതിയാനം മൂലം ഇവയുടെ പ്രധാന ആഹാരമായ 'ക്രില്ലുകളുടെ' ലഭ്യതയിൽ വലിയ കുറവുണ്ടായതാണ് സീലുകൾക്ക് തിരിച്ചടിയായത്. ഇതിന്റെ ഫലമായി 2000-മാണ്ടിന് ശേഷം ഇവയുടെ എണ്ണത്തിൽ പകുതിയോളം കുറവുണ്ടായതായി പഠനങ്ങൾ വ്യക്തമാക്കുന്നു. ഇതോടെ, വംശനാശത്തിന്റെ കാര്യത്തിൽ 'ആശങ്കപ്പെടാനില്ലാത്ത' അവസ്ഥയിൽ നിന്ന് ഫർ സീലുകളെയും 'വംശനാശഭീഷണി നേരിടുന്ന' വിഭാഗത്തിലേക്ക് ഐയുസിഎൻ മാറ്റി. ധ്രുവപ്രദേശങ്ങളിലെ ജൈവവൈവിധ്യം എത്രത്തോളം വേഗത്തിലാണ് തകർന്നുകൊണ്ടിരിക്കുന്നതെന്ന് ഈ കണക്കുകൾ അടിവരയിടുന്നു.
സമുദ്ര പരിസ്ഥിതി വിദഗ്ധനായ ഡോ. ഫിലിപ്പ് ട്രാഥൻ പറഞ്ഞു: “മനുഷ്യനിർമിത കാലാവസ്ഥാ മാറ്റമാണ് ഏറ്റവും വലിയ ഭീഷണി. സമുദ്രമഞ്ഞ് നേരത്തേ പൊട്ടിത്തെറിക്കുന്നത് ഇതിനകം കോളനികളെ ബാധിക്കുന്നു. ഇത് പ്രജനനം, ഭക്ഷണം, തൂവൽമാറ്റം എന്നിവയെല്ലാം ബാധിക്കും. എമ്പറർ പെൻഗ്വിനുകൾ നമ്മുടെ ലോകം എങ്ങനെ മാറുന്നു എന്ന് കാണിക്കുന്ന സൂചനകളാണ്.”
ഫോസിൽ ഇന്ധനങ്ങളുടെ അമിതമായ ഉപയോഗം മൂലം അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുന്ന കാർബൺ ഡയോക്സൈഡിന്റെ അളവ് പൂർണ്ണമായും കുറയ്ക്കുക മാത്രമാണ് ആഗോളതാപനത്തിന് തടയിടാനുള്ള ഏക പോംവഴിയെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ, വരാനിരിക്കുന്ന മെയ് മാസത്തിൽ ജപ്പാനിൽ നടക്കുന്ന അന്റാർട്ടിക് ഉടമ്പടി യോഗത്തിൽ എമ്പറർ പെൻഗ്വിനുകളെ 'പ്രത്യേക സംരക്ഷിത വിഭാഗമായി' പ്രഖ്യാപിക്കണമെന്ന് വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ ആവശ്യപ്പെട്ടു.
ഇത്തരമൊരു പ്രഖ്യാപനം ഉണ്ടായാൽ അന്റാർട്ടിക്കിലെ ടൂറിസം, കപ്പൽ ഗതാഗതം എന്നിവയ്ക്ക് കർശന നിയന്ത്രണങ്ങൾ വരും. ഇത് പെൻഗ്വിനുകളുടെ ആവാസവ്യവസ്ഥ നേരിടുന്ന സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. ഹിമഭൂമിയിലെ ഈ രാജാക്കന്മാരെ വരുംതലമുറയ്ക്കായി നിലനിർത്താൻ ലോകരാഷ്ട്രങ്ങളുടെ അടിയന്തര ഇടപെടൽ അനിവാര്യമാണെന്നും ഡബ്ലിയു.ഡബ്ലിയു.എഫ് ഓർമ്മിപ്പിക്കുന്നു.
English Summary: Emperor penguins have been declared endangered as climate change melts Antarctic sea ice, leading to mass chick deaths and colony collapses. If the trend continues, their population is expected to decline sharply in the coming decades.