

വരാനിരിക്കുന്ന അതിഭീകരമായ ചൂടിൽ, ഇന്ത്യയിലെ 80 ശതമാനം വയോജനങ്ങളുടെയും ജീവൻ അപകടത്തിലായേക്കാമെന്ന് റിപ്പോർട്ട്. വർധിച്ചുവരുന്ന ആഗോളതാപനത്തിൽ ഏറ്റവുമധികം ദുരിതമനുഭവിക്കാൻ പോകുന്നത് ഇന്ത്യ, ചൈന, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ വയോജനങ്ങളാണെന്നാണ് ലാൻസെറ്റ് പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.
പ്രായം എങ്ങനെ ചൂടിനെ പ്രതിരോധിക്കാനുള്ള ശരീരശേഷിയെ സ്വാധീനിക്കുന്നു എന്ന പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ വെളിവായത്. അത്യുഷ്ണം പോലുള്ള സാഹചര്യങ്ങൾ ചെറുപ്പക്കാരെയാണ് കാര്യമായി ബാധിക്കുക എന്നതായിരുന്നു ഇതുവരെയുള്ള ധാരണ. എന്നാൽ പുതിയ റിപ്പോട്ട് പ്രകാരം ഇന്ത്യയിൽ വയോജനങ്ങളാണ് ചൂടിന് ഇരയാകാൻ സാധ്യത കൂടുതലുള്ള പ്രായക്കാർ.
വർധിച്ചുവരുന്ന ആഗോളതാപനം കണക്കിലെടുത്താണ് ലാൻസെറ്റിലെ പ്ലാനറ്ററി ഹെൽത്ത് എസ്റ്റിമേറ്റ് വിഭാഗത്തിൽ പഠനം നടന്നത്. ഭൂമിയിലെ താപനില 3 ഡിഗ്രി സെൽഷ്യസിന് മുകളിലായാൽ അത് ഇന്ത്യയിൽ അത്യുഷ്‌ണ തരംഗങ്ങൾക്ക് കാരണമാകുമെന്നും ഇത് പ്രായമായവരിൽ ഗുരുതര ആഘാതങ്ങളുണ്ടാക്കുമെന്നും പഠനം പറയുന്നു.
വ്യവസായവത്കരണത്തിന് മുമ്പുള്ള കാലഘട്ടത്തെ അപേക്ഷിച്ച് ഭൂമിയിലെ താപനില 3 ഡിഗ്രി സെൽഷ്യസോ അതിൽ കൂടുതലോ ഉയർന്നാൽ, ഇന്ത്യ ഉൾപ്പടെയുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ ദശലക്ഷക്കണക്കിന് മുതിർന്ന പൌരന്മാർ കടുത്ത ആരോഗ്യപ്രതിസന്ധി നേരിടേണ്ടി വരും. വ്യവസായ വിപ്ലവ കാലഘട്ടത്തെ അപേക്ഷിച്ച് ഭൂമിയുടെ ശരാശരി താപനില ഇപ്പോൾ 1.2°C മുതൽ 1.3°C വരെ വർധിച്ചു നിൽക്കുകയാണ്.
ചൂടിനെ പ്രതിരോധിക്കുന്നതിൽ ദുർബലമായ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ആഗോള താപനില 3 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയർന്നാൽ, ശരീരത്തിന് താങ്ങാവുന്നതിനും അപ്പുറമായ ചൂട് വർഷത്തിൽ ശരാശരി 180 മണിക്കൂറെങ്കിലും ഇന്ത്യക്കാർ അനുഭവിക്കേണ്ടി വരും. സ്വാഭാവികമായും ഇതേറ്റവും കൂടുതൽ ബാധിക്കുക വയോജനങ്ങളെയാവും.
2030ഓടെ ആഗോളതാപനം 1.5 ഡിഗ്രി സെൽഷ്യസ് ഉയരുകയും ഇതോടെ മാസങ്ങളോളം, അസഹനീയമായ ചൂട് ഇന്ത്യയിൽ തുടരുകയും ചെയ്യും. പ്രായമായവരിൽ നിർജലീകരണം, ഹൃദയാഘാതം ഉൾപ്പടെയുള്ള ബുദ്ധിമുട്ടുകൾ വർധിക്കാൻ ഇത് കാരണമാകുമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ആഗോളതാപനം മൂലം ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയും സിന്ധു-ഗംഗാ സമതല പ്രദേശങ്ങളും (Indo-Gangetic Plain) കടുത്ത ഉഷ്ണതരംഗ ഭീഷണിയിലാണെന്ന് ലാൻസെറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
പകൽ സമയത്തെ കടുത്ത ചൂടിൽ നിന്ന് ശരീരത്തിന് ആശ്വാസം ലഭിക്കാൻ രാത്രിയിലെ തണുപ്പ് അത്യാവശ്യമാണ്. എന്നാൽ രാത്രിയിലും താപനില ഉയർന്ന നിലയിൽ തുടരുന്നത് ശരീരത്തിന്റെ സ്വാഭാവിക രോഗപ്രതിരോധ ശേഷിയെ തകരാറിലാക്കും. ഇത് രാജ്യത്തെ വൈദ്യുത ശൃംഖലകൾക്കും, ആരോഗ്യ സംരക്ഷണ മേഖലയ്ക്കും താങ്ങാനാവാത്ത സമ്മർദ്ദമുണ്ടാക്കുമെന്നും വിദഗ്ധർ അറിയിക്കുന്നുണ്ട്.
A report warns that extreme heat in the coming years could put the lives of 80% of India’s elderly population at risk. A study published in The Lancet highlights that older people in India, China, Pakistan and Bangladesh are likely to be among those worst affected by intensifying global warming.