ചരിത്രത്തിലെ ഏറ്റവും ചൂടേറിയ രണ്ട് വര്‍ഷങ്ങളായ 2023-ലും 2024-ലും ലോകമെമ്പാടുമുള്ള നദികളിലെയും തടാകങ്ങളിലെയും ജലസംഭരണികളിലെയും ജലനിരപ്പ് മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്തവിധം കുത്തനെ ഇടിഞ്ഞതായി അന്താരാഷ്ട്ര പഠനം. ചൈനീസ് അക്കാദമി ഓഫ് സയന്‍സസിന്റെ നേതൃത്വത്തില്‍ നടന്ന ആഗോള ജലസ്രോതസ്സുകളെക്കുറിച്ചുള്ള സമഗ്ര വിശകലനത്തിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങളുള്ളത്. 1991-ന് ശേഷം ഭൂമിയുടെ ഉപരിതല ശുദ്ധജലത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും വലിയ ഇടിവാണിതെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
കണക്കുകള്‍ പറയുന്നത്
1991 മുതല്‍ 2025 വരെയുള്ള കാലയളവില്‍ ലോകത്തിലെ 150 പ്രധാന നദീതടങ്ങളിലെ നീരൊഴുക്കിന്റെ അളവും 12 ലക്ഷത്തിലധികം തടാകങ്ങളെയും ജലസംഭരണികളെയും നിരീക്ഷിച്ച ഉപഗ്രഹ വിവരങ്ങളും സംയോജിപ്പിച്ചാണ് ഗവേഷകര്‍ പഠനം നടത്തിയത്. പഠനമനുസരിച്ച്, ആഗോളതലത്തില്‍ നദികളിലെ നീരൊഴുക്ക് സാധാരണയേക്കാള്‍ ഏകദേശം 5.7 ശതമാനം കുറഞ്ഞു. തടാകങ്ങളിലും ജലസംഭരണികളിലും സംഭരിച്ചിരിക്കുന്ന ജലത്തിന്റെ അളവില്‍ 9.5 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.
കാലാവസ്ഥാ വ്യതിയാനം
ഭൂമി ചൂടുപിടിക്കുന്നതാണ് ഈ പ്രതിസന്ധിക്ക് പിന്നില്‍. ചൂടേറിയ അന്തരീക്ഷം മണ്ണില്‍ നിന്നും നദികളില്‍ നിന്നും തടാകങ്ങളില്‍ നിന്നും കൂടുതല്‍ ഈര്‍പ്പം വലിച്ചെടുക്കുന്നു. ഒപ്പം ചൂടുപിടിച്ച കരഭാഗം ബാഷ്പീകരണത്തിന്റെ വേഗത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ആ ഈര്‍പ്പം പിന്നീട് മറ്റിടങ്ങളില്‍ കനത്ത മഴയായി പെയ്യുന്നു. പലപ്പോഴും സമുദ്രങ്ങള്‍ക്ക് മുകളിലാണ് ഈ മഴ പെയ്തതെന്ന് ഗവേഷകര്‍ പറയുന്നു. 'ചൂടേറിയ അന്തരീക്ഷം എന്നതുകൊണ്ട് കരയില്‍ കൂടുതല്‍ വെള്ളം ലഭ്യമാകുമെന്ന് അര്‍ത്ഥമില്ല. ആഗോളതലത്തില്‍ മഴയുടെ അളവ് വര്‍ധിച്ചെങ്കിലും മഴയില്‍ ഭൂരിഭാഗവും സമുദ്രങ്ങള്‍ക്ക് മുകളിലാണ് പെയ്തിറങ്ങിയത്. അതേസമയം കരയിലെ പല പ്രദേശങ്ങളും കടുത്ത ജലക്ഷാമം നേരിട്ടു', പഠനത്തിന് നേതൃത്വം നല്കിയവരില് ഒരാളായ ഡോ. സുലഗ്ന മിശ്ര വ്യക്തമാക്കുന്നു.
വെള്ളപ്പൊക്കമുണ്ടായിട്ടും വറ്റിവരണ്ട നദികള്‍
2023-24 കാലയളവില്‍ കനത്ത വെള്ളപ്പൊക്കമുണ്ടായ പ്രദേശങ്ങളില്‍പ്പോലും നദികളിലെ നീരൊഴുക്ക് കുറവായിരുന്നു എന്ന വസ്തുതയും പഠനം പുറത്തുകൊണ്ടുവന്നു. ദക്ഷിണ അമേരിക്കയിലാണ് ഇതിന്റെ പ്രത്യാഘാതങ്ങള്‍ ഏറ്റവും രൂക്ഷമായി അനുഭവപ്പെട്ടത്. അവിടെ നദികളിലെ നീരൊഴുക്ക് 17.8 ശതമാനവും തടാകങ്ങളിലെയും ജലസംഭരണികളിലെയും വെള്ളം 16.5 ശതമാനവും കുറഞ്ഞു. 'ദക്ഷിണ അമേരിക്കയുടെ പല ഭാഗങ്ങളിലും കനത്ത വെള്ളപ്പൊക്കമുണ്ടായിട്ടും ഈ രണ്ട് വര്‍ഷങ്ങളില്‍ ഭൂഖണ്ഡത്തിലെ നദികളിലൂടെ സാധാരണയേക്കാള്‍ വളരെ കുറച്ച് വെള്ളം മാത്രമേ ഒഴുകിയിരുന്നുള്ളൂ. കനത്ത മഴയില്‍ ഒരു നദി കരകവിഞ്ഞൊഴുകിയാലും വര്‍ഷത്തില്‍ ഭൂരിഭാഗം സമയവും അതില്‍ വെള്ളം കുറവായിരിക്കും', ഈസ്റ്റ് ആംഗ്ലിയ സര്‍വകലാശാലയിലെ ജലശാസ്ത്ര, കാലാവസ്ഥാ വ്യതിയാന അസോസിയേറ്റ് പ്രൊഫസര്‍ ഡോ. യി ഹെ വിശദീകരിക്കുന്നു.
വരാനിരിക്കുന്ന അപകടസൂചന
സൂപ്പര്‍ എല്‍ നിനോ പ്രതിഭാസം, കാലാവസ്ഥാ പ്രതിസന്ധി മൂലമുണ്ടാകുന്ന വരള്‍ച്ച, മലിനീകരണം, ജലത്തിന്റെ അമിത ചൂഷണം എന്നിവ ലോകമെമ്പാടുമുള്ള ജലസ്രോതസ്സുകളെ കടുത്ത ഭീഷണിയിലാക്കിയിരിക്കുകയാണ്. ഭൂമി ചൂടുപിടിക്കുന്നത് തുടരുന്നതിനനുസരിച്ച് എത്രത്തോളം ജലം ലഭ്യമാകുമെന്ന് പ്രവചിക്കുന്നത് പോലും പ്രയാസകരമായി മാറുകയാണെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്കുന്നു. സാധാരണയായി ജലസമൃദ്ധമെന്ന് കരുതുന്ന പ്രദേശങ്ങളില്‍പ്പോലും ശുദ്ധജല സ്രോതസ്സുകള്‍ അതിവേഗം കുറഞ്ഞുപോകുന്നത് ആശങ്കാജനകമാണെന്നും വെള്ളപ്പൊക്കമുണ്ടാകുന്നു എന്നതുകൊണ്ട് മാത്രം നമുക്ക് ജലസുരക്ഷയുണ്ടെന്ന് അര്‍ത്ഥമില്ലെന്നും ബ്രിട്ടീഷ് ഇക്കോളജിക്കല്‍ സൊസൈറ്റിയിലെ പ്രൊഫ. ക്രിസ്റ്റ്യന്‍ ഡണ്‍ അഭിപ്രായപ്പെട്ടു.
ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ കുറച്ചുകൊണ്ട് കാലാവസ്ഥയെ സുസ്ഥിരമാക്കുന്നതുവരെ, അതിവൃഷ്ടിയും വരള്‍ച്ചയും മാറിമാറി വരുന്ന ഈ 'കാലാവസ്ഥാ ചാഞ്ചാട്ടവും' അത് മനുഷ്യരിലുണ്ടാക്കുന്ന ആഘാതങ്ങളും കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുമെന്ന് റീഡിങ് സര്‍വകലാശാലയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞന് പ്രൊഫ. റിച്ചാര്‍ഡ് അലന് മുന്നറിയിപ്പ് നല്കുന്നു.
A new international study has found an unprecedented decline in global freshwater levels during 2023 and 2024, the two hottest years on record. Researchers led by the Chinese Academy of Sciences reported that river flows fell by around 5.7% and water stored in lakes and reservoirs declined by 9.5%. The study, based on satellite observations and data from major river basins between 1991 and 2025, links the decline to rising temperatures, increased evaporation and changing rainfall patterns. South America experienced particularly severe impacts, with river flows dropping by 17.8%. Researchers warn that climate change, drought, pollution and excessive water extraction could further threaten global freshwater security.