

ആഗോളതാപനം അതിന്റെ എല്ലാ മുന്നറിയിപ്പുകളും പിന്നിട്ട് മുന്നേറുകയാണ്. ആഗോള താപനില 1.5 ഡിഗ്രി സെല്‍ഷ്യസ് കുറയ്ക്കുക എന്ന അനിവാര്യമായ മാറ്റം ചര്‍ച്ചകളില്‍ നിറയുകയാണ്. വ്യവസായ വിപ്ലവത്തിന് മുൻപുള്ള കാലഘട്ടവുമായി താരതമ്യം ചെയ്യുമ്പോള്‍ ഭൂമിയുടെ ശരാശരി ഉപരിതല താപനില 1.5 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലായി ഉയരാതിരിക്കുക എന്നതാണ് കാലാവസ്ഥാ പ്രവര്‍ത്തനത്തിലെ പ്രധാന ലക്ഷ്യം. എന്നാല്‍ ഈ ലക്ഷ്യം അത്ര എളുപ്പമല്ലെന്ന് വ്യക്തമാക്കുകയാണ് ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി വിഭാഗം (യുഎന്‍ഇപി). യുഎന്‍ഇപി മുന്നറിയിപ്പ് പശ്ചാത്തലമായെടുത്താല്‍ കാലാവസ്ഥാ പ്രശ്‌നങ്ങള്‍ ഏറ്റവും അധികം ബാധിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ.
ഉയര്‍ന്ന ചൂടും അസ്ഥിരമായ മണ്‍സൂണും
കാലവസ്ഥയെ ആശ്രയിച്ചാണ് ഇന്നും ഇന്ത്യയിലെ കൃഷി, സമ്പദ്‌വ്യവസ്ഥ എന്നിവ പ്രവര്‍ത്തിക്കുന്നത്. ഇതിന് അപ്പുറത്താണ് രാജ്യത്തിന്റെ ഭൂപ്രകൃതി. ലോകബാങ്ക് കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ ജനസംഖ്യയുടെ 80 ശതമാനത്തിലധികവും കാലാവസ്ഥാ ദുരന്തങ്ങള്‍ക്ക് സാധ്യതയുള്ള ജില്ലകളില്‍ ആണ് ഉള്‍പ്പെടുന്നത്. കടുത്ത ചൂട്, വെള്ളപ്പൊക്കം, വരള്‍ച്ച, ചുഴലിക്കാറ്റുകള്‍ എന്നിവയുള്‍പ്പെടെ രാജ്യത്തെ പ്രകൃതി ദുരന്തങ്ങളില്‍ ഉള്‍പ്പെടുന്നു.
2026 ല്‍ പുറത്തുവന്ന മറ്റൊരു പഠനം അനുസരിച്ച് രാജ്യത്തെ താപനിലയില്‍ കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ ഏകദേശം ഒരു ഡിഗ്രി സെല്‍ഷ്യസ് വര്‍ധിച്ചു. ഇതിന് പിന്നാലെ ഉഷ്ണതരംഗങ്ങളുടെ ആവൃത്തി, ദൈര്‍ഘ്യം, തീവ്രത എന്നിവയും വര്‍ധിച്ചിട്ടുണ്ട്. ഇതിന് പുറമെ ഇന്ത്യയിലെ ചൂടിന്റെ സ്വഭാവത്തിലും മാറ്റം സംഭവിച്ചു. മനുഷ്യശരീരത്തിന് സ്വയം തണുപ്പിക്കാന്‍ കഴിയാത്ത വിധം കഠിനമായ ചൂട്, ഈര്‍പ്പം എന്നിവ ഇന്ത്യയിലുടനീളം വ്യാപിച്ചെന്നാണ് 2026ലെ മറ്റൊരു പഠനം ചൂണ്ടിക്കാട്ടുന്നത്. ചൂടിന്റെ കാഠിന്യം വേനല്‍ക്കാലത്തിന് അപ്പുറത്ത് മണ്‍സൂണില്‍ പോലും വര്‍ധിക്കുന്ന നിലയാണുള്ളത്. രാജ്യത്തെ ജല, ഭക്ഷ്യ സുരക്ഷയും താപനിലയിലെ മാറ്റം കാര്യമായി സ്വാധീനിക്കും.
എല്‍നിനോ പ്രശ്‌നങ്ങള്‍ ഗുരുതരമാക്കും
ആഗോളതാപനം എല്‍ നിനോ പ്രതിഭാസത്തെയും മണ്‍സൂണ്‍ കാലത്തെ ഇന്ത്യയിലെ വരള്‍ച്ചയും വര്‍ധിപ്പിക്കും. രാജ്യത്തെ ഭക്ഷ്യോത്പ്പാദനത്തെ സാരമായി ബാധിക്കുന്ന നിലയില്‍ എല്‍ നിനോ സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തല്‍. ഇതിനകം വര്‍ധിച്ചുവരുന്ന രാജ്യത്തെ ജലക്ഷാമം കൂടുതല്‍ വഷളാക്കുമെന്നും സമീപകാല പഠനങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു.
ചൂടിനും മഴയ്ക്കും അപ്പുറത്തെ പ്രത്യാഘാതങ്ങള്‍
ആഗോളതാപനം ഹിമാലയത്തിലെ ഹിമാനികളില്‍ വേഗത്തില്‍ മഞ്ഞ് നഷ്ടപ്പെടുന്ന നിലയുണ്ടാക്കുന്നു. ഹിന്ദുക്കുഷ് ഹിമാലയ മേഖലയെ സാരമായി ഇത് ബാധിക്കും. 2026 ലെ ആദ്യമാസങ്ങളില്‍ മേഖലയിലുടനീളം ഹിമാനികളുടെ മഞ്ഞുവീഴ്ച നിരക്ക് 2000 മുതല്‍ ഇരട്ടിയായി. ഇന്റര്‍നാഷ്ണല്‍ സെന്റര്‍ ഫോര്‍ ഇന്റഗ്രേറ്റഡ് മൗണ്ടേന്‍ പഠനങ്ങളാണ് ഇക്കാര്യം പറയുന്നത്. വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പ്പൊട്ടല്‍ തുടങ്ങിയ ദുരന്തസാഹചര്യങ്ങളും കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമാണ്. നേപ്പാളില്‍ കഴിഞ്ഞ ആഴ്ച ഉണ്ടായ വെള്ളപ്പൊക്കം ഇതിന്റെ ഇതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ്.
ആഗോള ഹരിതഗൃഹ വാതക ഉദ്വമനത്തില്‍ നേപ്പാള്‍ പോലുള്ള രാജ്യങ്ങള്‍ വളരെ ചെറിയ സംഭാവന മാത്രമേ നല്‍കിയിട്ടുള്ളൂ. ഇവിടെയാണ് ആഗോള താപനം മൂലം പര്‍വതങ്ങളും ഹിമാനികളും ദുര്‍ബല സമൂഹങ്ങളും കടുത്ത കാലാവസ്ഥാ അപകടങ്ങള്‍ നേരിടുന്നു.
കോപ് 31 നല്‍കുന്ന പ്രതീക്ഷകള്‍
2026 നവംബര്‍ 9 മുതല്‍ 20 വരെ തുര്‍ക്കിയിലെ അന്റാലിയയില്‍ നടക്കുന്ന അടുത്ത യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയായ കേപ് 31 പുതിയ കണക്കുകളുടെ പശ്ചാത്തലത്തില്‍ വലിയ പ്രാധാന്യം അര്‍ഹിക്കുന്നു. 1.5 ഡിഗ്രി സെല്‍ഷ്യസ് എന്ന താപനിലാ ലക്ഷ്യം കൈവരിക്കാന്‍ കാലാവസ്ഥാ പ്രവര്‍ത്തനം വേഗത്തിലാക്കുക. ശുദ്ധ ഊര്‍ജത്തിലേക്കുള്ള മാറ്റവും വൈദ്യുതീകരണവും ശക്തമാക്കുക. കാലാവസ്ഥാ പ്രതിരോധശേഷിയുള്ള നഗരങ്ങളും അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കുക. വികസ്വര രാജ്യങ്ങളിലേക്കുള്ള കാലാവസ്ഥാ ധനസഹായം വര്‍ധിപ്പിക്കുക. ഹരിത വ്യവസായവല്‍ക്കരണം വേഗത്തിലാക്കുക. ദുര്‍ബലമായ പ്രദേശങ്ങള്‍, സമുദ്രങ്ങള്‍, പരിസ്ഥിതി സംവിധാനങ്ങള്‍ എന്നിവയുടെ കാലാവസ്ഥാ പ്രതിരോധശേഷി വര്‍ധിപ്പിക്കുക എന്നിവയാണ് കേപ് 31 പറയുന്നത്.
Global warming is advancing beyond critical climate warnings, putting the 1.5°C temperature target under increasing pressure. The goal of limiting the rise in Earth’s average surface temperature to 1.5°C above pre-industrial levels remains a central objective of climate action. However, the UN Environment Programme (UNEP) has warned that achieving this target is becoming increasingly difficult. India is among the countries particularly vulnerable to the impacts of climate change, including extreme heat, changing rainfall patterns and other climate-related risks.