22,000 ഹെക്ടര്‍ വനം ഇല്ലാതായി; ഛത്തീസ്ഗഢും ഒഡീഷയും വന്‍ ഭീഷണിയില്‍; വനസംരക്ഷണ സമിതിയുടെ അനുമതി നിരക്ക് 80 ശതമാനത്തിന് മുകളില്‍

1980-ലെ വന്‍ (സംരക്ഷണ്‍ ഏവം സംവര്‍ദ്ധന്‍) അധിനിയമം അനുസരിച്ച് രൂപീകരിച്ച കേന്ദ്ര ഉപദേശക സമിതിക്ക് മുന്നിലെത്തിയ അപേക്ഷകളുടെ എണ്ണവും അതിന്മേല്‍ സ്വീകരിച്ച നടപടികളുമാണ് സമിതിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നത്
22,000 ഹെക്ടര്‍ വനം ഇല്ലാതായി; ഛത്തീസ്ഗഢും ഒഡീഷയും വന്‍ ഭീഷണിയില്‍; വനസംരക്ഷണ സമിതിയുടെ അനുമതി നിരക്ക് 80 ശതമാനത്തിന് മുകളില്‍
Published on

രാജ്യത്തെ പരിസ്ഥിതി സുരക്ഷയെയും ആദിവാസി-പ്രാദേശിക ജനവിഭാഗങ്ങളുടെ നിലനില്‍പ്പിനെയും വന്‍ ഭീഷണിയിലാഴ്ത്തിക്കൊണ്ട് മധ്യേന്ത്യന്‍ വനമേഖലകള്‍ വന്‍തോതില്‍ വകമാറ്റപ്പെടുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ (2023 ജൂലൈ മുതല്‍ 2026 മേയ് വരെ) രാജ്യത്ത് 22,000 ഹെക്ടറിലധികം വനഭൂമിയാണ് വനേതര ആവശ്യങ്ങള്‍ക്കായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വിട്ടുനല്‍കിയത്. പരിസ്ഥിതി മാഗസിനായ 'ഡൗണ്‍ ടു എര്‍ത്ത്' പുറത്തുവിട്ട ഏറ്റവും പുതിയ വിശകലനത്തിലാണ്, വനം സംരക്ഷിക്കാന്‍ ബാധ്യസ്ഥരായ സമിതികള്‍ തന്നെ വികസന പ്രൊജക്ടുകള്‍ക്ക് ഹോള്‍സെയില്‍ നിരക്കില്‍ അനുമതി നല്‍കുന്ന വിവരങ്ങളുള്ളത്. ഈ വനനശീകരണത്തിന്റെ ഏറ്റവും വലിയ ഇരകളാകുന്നത് ജൈവവൈവിധ്യത്താല്‍ സമ്പന്നമായ ഛത്തീസ്ഗഢ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളാണ്.

വനാവകാശ നിയമങ്ങളുടെ ലംഘനത്തിനെതിരെയും തങ്ങളുടെ പരമ്പരാഗത ഭൂമി കൈയേറുന്നതിനെതിരെയും പ്രാദേശിക ജനവിഭാഗങ്ങളും ആദിവാസി സമൂഹങ്ങളും വര്‍ഷങ്ങളായി ശക്തമായ ജനകീയ പ്രതിരോധം തീര്‍ക്കുന്ന മണ്ണിലാണ് വന്‍തോതിലുള്ള പരിസ്ഥിതി നാശം നടപ്പാക്കപ്പെടുന്നത്

അനുമതി നിരക്ക് 80 ശതമാനത്തിന് മുകളില്‍: വനംസംരക്ഷണം വെറും പേരിലോ?

1980-ലെ വന്‍ (സംരക്ഷണ്‍ ഏവം സംവര്‍ദ്ധന്‍) അധിനിയമം അനുസരിച്ച് രൂപീകരിച്ച കേന്ദ്ര ഉപദേശക സമിതിക്ക് മുന്നിലെത്തിയ അപേക്ഷകളുടെ എണ്ണവും അതിന്മേല്‍ സ്വീകരിച്ച നടപടികളുമാണ് സമിതിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നത്. പരിശോധനയ്ക്ക് വന്ന ആകെ 288 സവിശേഷമായ വനഭൂമി കൈമാറ്റ പ്രൊപ്പോസലുകളില്‍ 242 എണ്ണത്തിനും സമിതി യാതൊരു തടസ്സവുമില്ലാതെ അനുമതി നല്‍കി. അതായത് രാജ്യത്തെ വനം വെട്ടിത്തെളിക്കാന്‍ എത്തുന്ന അപേക്ഷകളുടെ അനുമതി നിരക്ക് 80 ശതമാനത്തിനും മുകളിലാണ്. ഖനനം, ജലവൈദ്യുത പദ്ധതികള്‍, പവര്‍ ട്രാന്‍സ്മിഷന്‍ ലൈനുകള്‍ എന്നിവയ്ക്കായി കാടുകള്‍ കോര്‍പ്പറേറ്റുകള്‍ക്ക് വിട്ടുനല്‍കാന്‍ മന്ത്രാലയം കാട്ടുന്ന അമിത ധൃതിയാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.

22,000 ഹെക്ടര്‍ വനം ഇല്ലാതായി; ഛത്തീസ്ഗഢും ഒഡീഷയും വന്‍ ഭീഷണിയില്‍; വനസംരക്ഷണ സമിതിയുടെ അനുമതി നിരക്ക് 80 ശതമാനത്തിന് മുകളില്‍
ആഗോള താപനത്തെ ചെറുക്കാൻ കാടുകൾക്ക് ഇനി സാധിക്കില്ലേ? പരിസ്ഥിതി ലോകത്തെ ആശങ്കയിലാഴ്ത്തുന്ന പുതിയ കണ്ടെത്തൽ

കല്‍ക്കരി ഖനനത്തില്‍ ശ്വാസം മുട്ടി ഛത്തീസ്ഗഢ്

ഈ വനനശീകരണ വേട്ടയില്‍ ഏറ്റവും കൂടുതല്‍ മരങ്ങള്‍ കടപുഴകി വീണത് ഛത്തീസ്ഗഢിലാണ്. സംസ്ഥാനത്തെ സുര്‍ഗുജ ഡിവിഷനില്‍ പെട്ട 'കെന്റെ എക്സ്റ്റന്‍ഷന്‍ ഓപ്പണ്‍കാസ്റ്റ് കല്‍ക്കരി ഖനന' പദ്ധതിക്കും പിറ്റ്-ഹെഡ് കോള്‍ വാഷറിക്കും വേണ്ടി മാത്രം നാല് ലക്ഷത്തിലധികം (0.4 ദശലക്ഷം) മരങ്ങള്‍ വെട്ടാനാണ് സമിതി അനുമതി നല്‍കിയത്. വനാവകാശ നിയമങ്ങളുടെ ലംഘനത്തിനെതിരെയും തങ്ങളുടെ പരമ്പരാഗത ഭൂമി കൈയേറുന്നതിനെതിരെയും പ്രാദേശിക ജനവിഭാഗങ്ങളും ആദിവാസി സമൂഹങ്ങളും വര്‍ഷങ്ങളായി ശക്തമായ ജനകീയ പ്രതിരോധം തീര്‍ക്കുന്ന മണ്ണിലാണ് വന്‍തോതിലുള്ള ഈ പരിസ്ഥിതി നാശം നടപ്പാക്കപ്പെടുന്നത്.

സിജിമാലിയിലെ നിഗൂഢത: ഒഡീഷയും ഭീഷണിയില്‍

മറ്റൊരു പ്രധാന ധാതുസമ്പന്ന സംസ്ഥാനമായ ഒഡീഷയും വന്‍ പാരിസ്ഥിതിക തകര്‍ച്ചയുടെ നിഴലിലാണ്. വേദാന്ത ഗ്രൂപ്പ് നടത്തുന്ന സിജിമാലി ബോക്‌സൈറ്റ് ഖനന പദ്ധതിക്കായി മാത്രം 700 ഹെക്ടറിലധികം വനഭൂമിയാണ് വകമാറ്റാന്‍ ഒരുങ്ങുന്നത്.എന്നാല്‍ ഈ പദ്ധതിയുടെ ഔദ്യോഗിക യോഗവിവരങ്ങളില്‍ എത്ര മരങ്ങള്‍ മുറിച്ചുമാറ്റുമെന്ന കൃത്യമായ വിവരങ്ങള്‍ പരിസ്ഥിതി മന്ത്രാലയം രേഖപ്പെടുത്തിയിട്ടില്ലെന്നത് ഗുരുതരമായ വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇവിടുത്തെ പീഠഭൂമി പ്രദേശത്ത് ജൈവവൈവിധ്യം കുറവായതിനാല്‍ കാട് വെട്ടുന്നത് വലിയ ആഘാതം ഉണ്ടാക്കില്ലെന്നാണ് സമിതിയുടെ വിചിത്രമായ വാദം. എന്നാല്‍ ഇതേ സമിതിയുടെ റിപ്പോര്‍ട്ടില്‍ തന്നെ താഴ്വരകളിലെ മരങ്ങള്‍ മുറിക്കുന്നത്:

22,000 ഹെക്ടര്‍ വനം ഇല്ലാതായി; ഛത്തീസ്ഗഢും ഒഡീഷയും വന്‍ ഭീഷണിയില്‍; വനസംരക്ഷണ സമിതിയുടെ അനുമതി നിരക്ക് 80 ശതമാനത്തിന് മുകളില്‍
സോളാര്‍ പദ്ധതികള്‍ക്ക് പാരിസ്ഥിതികാനുമതി വേണ്ടേ? ഹരിതോര്‍ജത്തിന്റെ മറവില്‍ ഇല്ലാതാകുന്ന ഗുജറാത്തിലെ റാംസര്‍ നീര്‍ത്തടം
  1. വന്യജീവികളുടെ സ്വാഭാവിക ആവാസവ്യവസ്ഥ തകര്‍ക്കും,

  2. വന്യമൃഗങ്ങളെ കൂട്ടത്തോടെ കുടിയൊഴിപ്പിക്കും,

  3. കടുത്ത മണ്ണൊലിപ്പിന് കാരണമാകും,

  4. സമീപത്തെ ജലാശയങ്ങളില്‍ വലിയ തോതില്‍ ചെളി അടിഞ്ഞ് അവ ഇല്ലാതാക്കും

എന്നിങ്ങനെ വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ കണ്ടെത്തലുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

90 ശതമാനം നാശവും മൂന്ന് മേഖലകള്‍ കാരണം

ആകെ മുറിക്കാന്‍ അനുമതി നല്‍കിയ 2.8 ദശലക്ഷം (28 ലക്ഷം) മരങ്ങളില്‍ 90 ശതമാനവും വിഴുങ്ങിയത് വെറും മൂന്ന് മേഖലകളാണ്. അതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ഖനനമാണ് (1.35 ദശലക്ഷം മരങ്ങള്‍). തൊട്ടുപിന്നില്‍ ജലവൈദ്യുത പദ്ധതികളും (0.93 ദശലക്ഷം മരങ്ങള്‍), പുനരധിവാസ പദ്ധതികളും (0.23 ദശലക്ഷം മരങ്ങള്‍) നിലകൊള്ളുന്നു. വലിയ വനമേഖലകളെ ലക്ഷ്യം വച്ചാണ് കോര്‍പ്പറേറ്റ് അധിനിവേശം നടക്കുന്നത്. വകമാറ്റിയ ഭൂമിയില്‍ 1,000 ഹെക്ടറിന് മുകളില്‍ വിസ്തൃതിയുള്ള നാല് വന്‍കിട പദ്ധതികളും ഉള്‍പ്പെടുന്നു.

തുടര്‍ച്ചയാകുന്ന പരിസ്ഥിതി വേട്ട

ഇന്ത്യയിലെ വനനാശത്തിന്റെ തോത് വര്‍ഷം തോറും ഭീതിജനകമായി ഉയരുകയാണ്. ഇതിനു മുന്‍പ് 2016-നും 2019-നും ഇടയില്‍ രാജ്യത്ത് 69.4 ലക്ഷം മരങ്ങള്‍ മുറിക്കാന്‍ മന്ത്രാലയം അനുമതി നല്‍കിയതായി പാര്‍ലമെന്റില്‍ സമര്‍പ്പിച്ച ഔദ്യോഗിക രേഖകള്‍ ഉദ്ധരിച്ച് 'ഡൗണ്‍ ടു എര്‍ത്ത്' റിപ്പോര്‍ട്ട് ചെയ്തിരുന്നു.ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും മൂലം രാജ്യം കടുത്ത വരള്‍ച്ചയും പ്രകൃതിദുരന്തങ്ങളും നേരിടുമ്പോഴും, വനസംരക്ഷണത്തിന് കാവലിരിക്കേണ്ട മന്ത്രാലയങ്ങള്‍ വന്‍കിട വ്യവസായങ്ങള്‍ക്ക് വേണ്ടി 80 ശതമാനത്തിലേറെ അനുമതി നിരക്കോടെ വനം വിട്ടുനല്‍കുന്നത് മധ്യേന്ത്യയുടെ മാത്രമല്ല, രാജ്യത്തിന്റെ ആകെത്തന്നെയുള്ള പാരിസ്ഥിതിക നിലനില്‍പ്പിന് മേല്‍ വീഴുന്ന കനത്ത പ്രഹരമാണ്.

Summary

India has witnessed a significant diversion of forest land for non-forest purposes over the past three years, raising concerns about environmental protection and the survival of indigenous and local communities. Between July 2023 and May 2026, the Union Ministry of Environment, Forest and Climate Change approved the transfer of more than 22,000 hectares of forest land for development projects. According to a recent analysis published by Down To Earth magazine, committees responsible for safeguarding forests have been granting approvals to development projects at an alarming pace. Biodiversity-rich states such as Chhattisgarh and Odisha have emerged as the worst affected, with environmentalists warning of long-term ecological and social consequences.

Madism Digital
madismdigital.com