54 ചതുരശ്ര കിലോമീറ്ററിൽനിന്ന് 2.5 ലേക്ക്, താജിവാസ് ഹിമാനി അപ്രത്യക്ഷമാകുന്നു; കശ്മീരിനെ കാത്തിരിക്കുന്ന പാരിസ്ഥിതിക ദുരന്തം

സ്വിറ്റ്‌സര്‍ലന്‍ഡ് മാതൃകയിലുള്ള ഹിമാനി സംരക്ഷണ നടപടികള്‍ എത്രയും വേഗം നടപ്പാക്കണമെന്ന് വിദഗ്ധര്‍
54 ചതുരശ്ര കിലോമീറ്ററിൽനിന്ന് 2.5 ലേക്ക്, താജിവാസ് ഹിമാനി അപ്രത്യക്ഷമാകുന്നു; കശ്മീരിനെ കാത്തിരിക്കുന്ന പാരിസ്ഥിതിക ദുരന്തം
Published on

കശ്മീരിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നും സോനാമാര്‍ഗിന്റെ വേനല്‍ക്കാല സൗന്ദര്യത്തിന്റെ പ്രതീകവുമായ താജിവാസ് ഹിമാനി (Thajiwas Glacier) അതിവേഗം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണെന്ന് പുതിയ പഠനം. ഹിമയുഗത്തിന് (Ice Age) ശേഷം ഈ ഹിമാനിയുടെ 95 ശതമാനത്തോളം മഞ്ഞുപാളികളും നഷ്ടപ്പെട്ടതായി പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒരുകാലത്ത് 54 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടന്നിരുന്ന ഈ കൂറ്റന്‍ ഹിമാനി ഇപ്പോള്‍ വെറും 2.5 ചതുരശ്ര കിലോമീറ്ററായി ചുരുങ്ങി. കശ്മീര്‍ സര്‍വകലാശാലയിലെയും ന്യൂഡല്‍ഹിയിലെ ഇന്റര്‍-യൂണിവേഴ്‌സിറ്റി ആക്‌സിലറേറ്റര്‍ സെന്ററിലെയും ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ ഞെട്ടിക്കുന്ന കണ്ടെത്തൽ.

'ഹിമാനിയുടെ അവശിഷ്ടം' മാത്രം

''പാലിയോ-ഗ്ലേഷ്യല്‍ റീകണ്‍സ്ട്രക്ഷന്‍ ഓഫ് ദി താജിവാസ് ഗ്ലേസിയര്‍ ഇന്‍ ദി കശ്മീര്‍ ഹിമാലയ'' (Paleo-glacial Reconstruction of the Thajiwas Glacier in the Kashmir Himalaya) എന്ന പേരില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍, നിലവിലുള്ള മഞ്ഞുപാളിയെ ഒരു 'ഹിമാനിയുടെ അവശിഷ്ടം' (relic of a glacier) എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഒരുകാലത്ത് പ്രകൃതിയുടെ വിസ്മയമായിരുന്ന ഒരു വലിയ മഞ്ഞുശരീരത്തിന്റെ വളരെ ചെറിയൊരു ഭാഗം മാത്രമാണ് ഇപ്പോള്‍ അവിടെ അവശേഷിക്കുന്നത്.

54 ചതുരശ്ര കിലോമീറ്ററിൽനിന്ന് 2.5 ലേക്ക്, താജിവാസ് ഹിമാനി അപ്രത്യക്ഷമാകുന്നു; കശ്മീരിനെ കാത്തിരിക്കുന്ന പാരിസ്ഥിതിക ദുരന്തം
'ഞങ്ങളാണ് യഥാര്‍ത്ഥ തൃണമൂല്‍', ദീദിയെ ശത്രുപക്ഷത്ത് നിര്‍ത്തി സഹോദരങ്ങള്‍; സയോനി ഘോഷും യൂസുഫ് പത്താനും ഉള്‍പ്പെടെ 19 എംപിമാര്‍ വിമതചേരിയില്‍

ജമ്മു കശ്മീരിലെ ഗന്ദര്‍ബല്‍ ജില്ലയിലുള്ള പ്രശസ്തമായ ഹില്‍ സ്റ്റേഷനായ സോനാമാര്‍ഗിന്റെ ഭാവിക്കുനേരെയാണ് ഈ പഠനഫലം വിരല്‍ ചൂണ്ടുന്നത്. ഈ വേനല്‍ക്കാലത്ത് ഇവിടെയെത്തുന്ന സഞ്ചാരികളെ വരവേല്‍ക്കുന്നത് പച്ചപ്പുല്ലും ഉണങ്ങിയ പുല്‍മേടുകളും വെറും തരിശുഭൂമിയുമാണ്. പഴയതുപോലെയുള്ള വിശാലമായ മഞ്ഞുപാടങ്ങള്‍ അവിടെ ദൃശ്യമല്ല. താജിവാസിന്റെ ഐക്കണിക് ദൃശ്യങ്ങള്‍ ഭൂരിഭാഗവും അപ്രത്യക്ഷമായിക്കഴിഞ്ഞു.

നാശത്തിനു പിന്നിലെ കാരണങ്ങള്‍

ആഗോളതാപനം മൂലം ഹിമാലയന്‍ മേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന താപനിലയാണ് ഈ ദ്രുതഗതിയിലുള്ള നാശത്തിനു പ്രധാന കാരണം. ശീതകാലത്തെ മഞ്ഞുവീഴ്ചയിലുണ്ടായ ഗണ്യമായ കുറവ്, ബ്ലാക്ക് കാര്‍ബണ്‍ മലിനീകരണം, പരിസ്ഥിതിലോല പ്രദേശത്തെ അനിയന്ത്രിതമായ വിനോദസഞ്ചാരം എന്നിവയാണ് ഹിമാനിയുടെ നാശത്തിന്റെ മറ്റുകാരണമായി ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഇതൊരു വലിയ പാരിസ്ഥിതിക പ്രതിസന്ധിയാണെന്നും പ്രത്യാഘാതങ്ങള്‍ ദൂരവ്യാപകമായിരിക്കുമെന്നും പരിസ്ഥിതി ഭൂമിശാസ്ത്രജ്ഞനായ ഡോ. മസൂണ്‍ എ. ബെയ്ഗ് മുന്നറിയിപ്പ് നല്‍കുന്നു. 'ഹിമാനിയുടെ വെറും അഞ്ചു മുതല്‍ ഏഴ് ശതമാനം വരെയുള്ള ഭാഗം മാത്രമാണ് ഇനി അവശേഷിക്കുന്നത്. ഇത് തികച്ചും ഒരു ദുരന്തമാണ്,' അദ്ദേഹം പറഞ്ഞു. ഇത് പ്രദേശത്തെ കൃഷി, തോട്ടവിളകള്‍, ജലവൈദ്യുത ഉല്‍പ്പാദനം എന്നിവയെ സാരമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

54 ചതുരശ്ര കിലോമീറ്ററിൽനിന്ന് 2.5 ലേക്ക്, താജിവാസ് ഹിമാനി അപ്രത്യക്ഷമാകുന്നു; കശ്മീരിനെ കാത്തിരിക്കുന്ന പാരിസ്ഥിതിക ദുരന്തം
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച പിസ്റ്റൾ ഷൂട്ടർ; ഷൂട്ടിങ് ഇതിഹാസം ജസ്പാല്‍ റാണ ഓർമയാകുമ്പോൾ

വരാനിരിക്കുന്ന ജലപ്രതിസന്ധി

സിന്ധ് നദിയിലെ ജലലഭ്യതയുടെ പ്രധാന സ്രോതസ്സുകളിലൊന്നാണ് താജിവാസ് ഹിമാനി. അതുകൊണ്ടുതന്നെ ഇതിന്റെ തകര്‍ച്ച ടൂറിസത്തെ മാത്രമല്ല, പ്രദേശത്തെ ജലസുരക്ഷയെയും ജനങ്ങളുടെ ഉപജീവനമാര്‍ഗ്ഗത്തെയും പ്രതികൂലമായി ബാധിക്കും. ഈ സാഹചര്യത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് മാതൃകയിലുള്ള ഹിമാനി സംരക്ഷണ നടപടികള്‍ എത്രയും വേഗം നടപ്പാക്കണമെന്നാണ് വിദഗ്ധര്‍ ആവശ്യപ്പെടുന്നത്.

മലിനീകരണവും വാഹനങ്ങളില്‍നിന്നുള്ള പുകയും കര്‍ശനമായി നിയന്ത്രിക്കുക, വിനോദസഞ്ചാരികളുടെ എണ്ണം ക്രമീകരിക്കുക, കുതിരകളുടെ സഞ്ചാരപാത മാറ്റുക, ബ്ലാക്ക് കാര്‍ബണ്‍ അടിഞ്ഞുകൂടുന്നത് കുറയ്ക്കുക, മൈക്രോപ്ലാസ്റ്റിക് പൂര്‍ണ്ണമായും നിരോധിക്കുക എന്നിവയാണ് നിര്‍ദേശിക്കപ്പെട്ടിട്ടുള്ള അടിയന്തര നടപടികള്‍. കൂടാതെ ഗ്രീന്‍ഹൗസ് വാതകങ്ങളുടെ പുറന്തള്ളല്‍ കുറയ്ക്കുന്നതിനുള്ള ആഗോള കാലാവസ്ഥാ നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്നും ശാസ്ത്രജ്ഞര്‍ ഊന്നിപ്പറയുന്നു.

താജിവാസ് ഹിമാനി ചരിത്രത്തിലേക്കു മറയുമ്പോള്‍ അത് കശ്മീരിന്റെ സൗന്ദര്യം നഷ്ടപ്പെടുന്നതിന്റെ കഥ മാത്രമല്ല പറയുന്നത്, മറിച്ച് ഹിമാലയന്‍ പരിസ്ഥിതി വ്യവസ്ഥയില്‍ കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കുന്ന അതിവേഗത്തിലുള്ള ആഘാതത്തിന്റെ ശക്തമായൊരു മുന്നറിയിപ്പ് കൂടിയാണ്.

English Summary: One of Kashmir’s most famous tourist attractions, the Thajiwas Glacier near Sonamarg, is disappearing at an alarming rate, according to a new study by researchers from the University of Kashmir and the Inter-University Accelerator Centre (IUAC), New Delhi. The glacier has lost nearly 95% of its ice cover since the last Ice Age, shrinking from about 54 square kilometres to just 2.5–2.8 square kilometres today.

Madism Digital
madismdigital.com