പെൻഗ്വിനുകൾക്കിടയിൽ പ്രജനനം നേരത്തെ, റെക്കോർഡ് വേഗം; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ

'ജെന്റൂ' പെൻഗ്വിനുകളാണ് ഏറ്റവും വലിയ മാറ്റം പ്രകടിപ്പിച്ചത്, കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ അവയുടെ പ്രജനന കാലം 13 ദിവസത്തോളമാണ് മുന്നോട്ട് നീങ്ങിയത്
പെൻഗ്വിനുകൾക്കിടയിൽ പ്രജനനം നേരത്തെ, റെക്കോർഡ് വേഗം; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ
Published on

അന്റാർട്ടിക്കയിൽ പെൻഗ്വിനുകളുടെ പ്രജനനം നേരത്തേ നടക്കുന്നതായി റിപ്പോർട്ട്. കാലാവസ്ഥാ വ്യതിയാനം മൂലം അന്റാർട്ടിക്ക അതിവേഗം ചൂടാകുന്നതിനാൽ, പെൻഗ്വിനുകൾ തങ്ങളുടെ പ്രജനന കാലം റെക്കോർഡ് വേഗത്തിൽ നേരത്തേയാക്കുന്നതായാണ് ശാസ്ത്രജ്ഞരുടെ ആഗോള സംഘം ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്.

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ പെൻഗ്വിനുകളുടെ പ്രജനന രീതികളിൽ ദൃശ്യമായ ഈ അഭൂതപൂർവമായ മാറ്റം, അന്ർറാർട്ടിക്കയിലെ വർദ്ധിച്ചുവരുന്ന താപനിലയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനത്തിന്റെ മുഖ്യ രചയിതാവായ ഇഗ്നാസിയോ ജുവാരസ് മാർട്ടിനെസ് പറഞ്ഞു.

കടലിലെ ഐസിന്റെ അളവ് കുറഞ്ഞതോടെ, വർഷത്തിൽ ഇരതേടാനുള്ള സ്ഥലങ്ങളും കൂടുകൂട്ടാനുള്ള ഇടങ്ങളും കൂടുതൽ ലഭ്യമാകാൻ തുടങ്ങിയതാണ് കാരണം.

അന്റാർട്ടിക്കയിലെ പെൻഗ്വിൻ ജനസംഖ്യ നിരീക്ഷിക്കുന്ന ശാസ്ത്രജ്ഞർ പ്രജനനം അല്പം നേരത്തെ നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും, ഈ മാറ്റത്തിന്റെ തോതും വേഗതയും തങ്ങളെ വളരെയധികം അത്ഭുതപ്പെടുത്തിയെന്നാണ് പ്രതികരിക്കുന്നത്.

"ചരിത്രരേഖകളിലൊന്നും ഇല്ലാത്തവിധം മിക്ക പ്രദേശങ്ങളിലെയും പെൻഗ്വിനുകൾ ഇപ്പോൾ വളരെ നേരത്തെ തന്നെ പ്രജനനം നടത്തുന്ന തരത്തിലാണ് ഈ മാറ്റത്തിന്റെ തോത്," ഓക്‌സ്‌ഫോർഡ് സർവകലാശാലയിലെയും ഓക്‌സ്‌ഫോർഡ് ബ്രൂക്സ് സർവകലാശാലയിലെയും ശാസ്ത്രജ്ഞനായ മാർട്ടിനെസ് പറഞ്ഞു.

ഈ പഠനത്തിനായി, 2012-നും 2022-നും ഇടയിൽ അന്റാർട്ടിക്കയിലുടനീളമുള്ള പെൻഗ്വിൻ കോളനികളിൽ സ്ഥാപിച്ച ഡസൻ കണക്കിന് ടൈം-ലാപ്സ് ക്യാമറകൾ ഉപയോഗിച്ച് ശാസ്ത്രജ്ഞർ ജെന്റൂ ചിൻസ്ട്രാപ്പ്, അഡെലി എന്നീ ഇനങ്ങളിൽപ്പെട്ട പെൻഗ്വിനുകളുടെ കൂടുകൂട്ടൽ മേഖലകൾ നിരീക്ഷിച്ചിരുന്നു.

ഇതിൽ ജെന്റൂ പെൻഗ്വിനുകളാണ് ഏറ്റവും വലിയ മാറ്റം പ്രകടിപ്പിച്ചത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ അവയുടെ പ്രജനന കാലം 13 ദിവസത്തോളമാണ് മുന്നോട്ട് നീങ്ങിയത്—ചില കോളനികളിൽ ഇത് 24 ദിവസം വരെ നേരത്തെയായി.

ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വെച്ച് ഏതൊരു പക്ഷിവർഗ്ഗത്തിലും—സാധ്യതയനുസരിച്ച് ഏതൊരു നട്ടെല്ലുള്ള ജീവിയിലും —പ്രജനന കാലഘട്ടത്തിലുണ്ടാകുന്ന ഏറ്റവും വേഗതയേറിയ മാറ്റമാണിതെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

പെൻഗ്വിനുകൾക്കിടയിൽ പ്രജനനം നേരത്തെ, റെക്കോർഡ് വേഗം; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ
'പെൺകുട്ടിയല്ലേ കൊന്നുകളഞ്ഞേക്കാൻ അവരെന്നോട് പറഞ്ഞു, ഒരമ്മയല്ലേ ഞാൻ എങ്ങനെ കഴിയും അതിന്'; ഭർതൃവീട്ടിലെ ഓർമകൾ പങ്കുവച്ച് പൂജ ചോപ്രയുടെ അമ്മ

അഡെലി,ചിൻസ്ട്രാപ്പ് പെൻഗ്വിനുകളും തങ്ങളുടെ പ്രജനന കാലം ശരാശരി 10 ദിവസത്തോളം മുന്നോട്ട് കൊണ്ടുപോയതായി കണ്ടെത്തി.

ലോകത്തിൽ ഏറ്റവും വേഗത്തിൽ ചൂടുപിടിച്ചുകൊണ്ടിരിക്കുന്ന പ്രദേശങ്ങളിലൊന്നാണ് അന്റാർട്ടിക്കയെന്നും, കഴിഞ്ഞ വർഷം അവിടുത്തെ വാർഷിക ശരാശരി താപനില റെക്കോർഡ് ഉയരത്തിൽ എത്തിയിരുന്നുവെന്നും യൂറോപ്യൻ യൂണിയന്റെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ 'കോപ്പർനിക്കസ്' ഈ മാസം വ്യക്തമാക്കിയിരുന്നു.

എന്നാൽ വർദ്ധിച്ചുവരുന്ന താപനില പെൻഗ്വിനുകളുടെ പെരുമാറ്റത്തെ എങ്ങനെയാണ് ബാധിക്കുന്നത് എന്നതിന്റെ കൃത്യമായ കാരണങ്ങൾ ശാസ്ത്രജ്ഞർക്ക് ഇപ്പോഴും പൂർണ്ണമായി മനസ്സിലാക്കാൻ സാധിച്ചിട്ടില്ല.

ഈ മൂന്ന് ഇനം പെൻഗ്വിനുകളും സാധാരണയായി വ്യത്യസ്ത സമയങ്ങളിലായിരുന്നു പ്രജനനം നടത്തിയിരുന്നത്. എന്നാൽ ജെന്റൂ പെൻഗ്വിനുകളിൽ ഇപ്പോൾ പ്രജനന കാലം നേരത്തെയായത് ഇവ ഒരേ സമയത്ത് വരാൻ കാരണമായേക്കാം. ഇത് ഭക്ഷണത്തിനായും മഞ്ഞില്ലാത്ത കൂടുകൂട്ടൽ സ്ഥലങ്ങൾക്കായും ഇവ തമ്മിലുള്ള മത്സരം വർദ്ധിപ്പിക്കും.

താരതമ്യേന ചൂടുള്ള കാലാവസ്ഥയ്ക്ക് അനുയോജ്യരും സ്വാഭാവികമായി ഇരതേടാൻ മിടുക്കരുമായ ജെന്റൂ പെൻഗ്വിനുകൾക്ക് ഇത് നല്ല വാർത്തയാണെങ്കിലും, ചിൻസ്ട്രാപ്പ്, അഡെലി പെൻഗ്വിനുകൾക്ക് ഇത് അത്ര അനുകൂലമല്ല.

മുമ്പ് അഡെലി, ചിൻസ്ട്രാപ്പ് പെൻഗ്വിനുകൾ ഉപയോഗിച്ചിരുന്ന കൂടുകൾ ജെന്റൂ പെൻഗ്വിനുകൾ കൈയടക്കുന്നത് ഇതിനകം കണ്ടിട്ടുണ്ടെന്നാണ് മാർട്ടിനെസ് പറയുന്നത്.

പെൻഗ്വിനുകൾക്കിടയിൽ പ്രജനനം നേരത്തെ, റെക്കോർഡ് വേഗം; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ
ഭക്ഷണമില്ല, അടിയന്തരാവസ്ഥയും; 50 ദിവസത്തിലേറെയായി പ്രക്ഷോഭം, ബൊളീവിയയിൽ സംഭവിക്കുന്നതെന്ത്?

അതേസമയം, അന്റാർട്ടിക്കയിൽ ജെന്റൂ പെൻഗ്വിനുകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം, ഭക്ഷണത്തിനായി പ്രധാനമായും 'ക്രിൽ' എന്ന ജീവിയെയും പ്രത്യേക ഐസ് അന്തരീക്ഷത്തെയും ആശ്രയിച്ചു കഴിയുന്ന ചിൻസ്ട്രാപ്പ്, അഡെലി പെൻഗ്വിനുകളുടെ എണ്ണം കുറഞ്ഞുവരികയുമാണ്.

പെൻഗ്വിനുകളെ കാലാവസ്ഥാ വ്യതിയാനത്തിന്റെ സൂചകമായി കണക്കാക്കുന്നതിനാൽ, ഈ പഠനത്തിന്റെ ഫലങ്ങൾ ഭൂമിയിലുടനീളമുള്ള മറ്റ് ജീവിവർഗ്ഗങ്ങൾക്കും ബാധകമാണെന്ന് ഓക്സ്ഫോർഡ് സർവകലാശാലയിലെ ഫിയോണ ജോൺസിന്റെ പ്രസ്താവന.

Madism Digital
madismdigital.com