രണ്ട് പതിറ്റാണ്ടിന്റെ ജയില്‍ വാസം, കേരളത്തിന്റെ കനിവില്‍ തൂക്കുകയറില്‍ നിന്ന് മോചനം; അബ്ധുള്‍ റഹീം നാടണയുന്നു

അബ്ദുൾ റഹീം കേസ് ഒരു വ്യക്തിയുടെ നിയമപോരാട്ടം മാത്രമല്ല... പ്രവാസി ജീവിതത്തിന്റെ അനിശ്ചിതത്വവും മനുഷ്യാവകാശ ചർച്ചകളും സമൂഹത്തിന്റെ കൂട്ടായ ഇടപെടലിന്റെ ശക്തിയും വ്യക്തമാക്കി തന്ന ഒരു സുപ്രധാന സംഭവം കൂടിയാണ്...
രണ്ട് പതിറ്റാണ്ടിന്റെ ജയില്‍ വാസം, കേരളത്തിന്റെ കനിവില്‍ തൂക്കുകയറില്‍ നിന്ന് മോചനം; അബ്ധുള്‍ റഹീം നാടണയുന്നു
Published on

'20 വർഷം... അനിശ്ചിതത്വങ്ങളുടെ നടുവിൽ പ്രതീക്ഷയറ്റ കാത്തിരിപ്പ്.

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീം നാട്ടിലേക്ക് തിരിക്കുകയാണ്. മെയ് 19ന് ശിക്ഷാകാലാവധി കഴിയുന്നതോടെ, ദുർവിധി പേറിയ പ്രവാസജീവിതം മതിയാക്കി റഹീം വീടണയും. സുമനസ്സുകളുടെ സഹായത്തോടെ ജീവിതം തിരിച്ചുപിടിച്ച് ഇനി പ്രിയപ്പെട്ടവർക്കൊപ്പം.

ഒന്നര കോടി സൗദി റിയാല്‍ (34 കോടിയിലേറെ ഇന്ത്യന്‍ രൂപ) മോചനദ്രവ്യമായി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അബ്ദുൽ റഹീമിൻ്റെ വധശിക്ഷ റിയാദ് കോടതി റദ്ദാക്കിയത്. 19 വര്‍ഷമായി ജയിലില്‍ കഴിയുന്ന റഹീമിന് ഒരു വര്‍ഷം കൂടി തടവ് ശിക്ഷ അനുഭവിച്ചാല്‍ മതിയായിരുന്നു. ഈ തടവാണ് ഇപ്പോൾ അവസാനിക്കുന്നത്.

കേസിൻ്റെ നാൾവഴികൾ

2006 – അപകടവും അറസ്റ്റും

സൗദി അറേബ്യയിൽ ഡ്രൈവറായി റഹീം ജോലി ചെയ്യുന്നതിനിടെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. സ്പോൺസറുടെ ഭിന്നശേഷിക്കാരനായ മകനെ വാഹനത്തിൽ കൊണ്ടുപോകുന്നതിനിടെ അപകടമുണ്ടായി. കുട്ടി മരിച്ചതോടെ റഹീമിനെതിരെ ഗുരുതര കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. അപകടം യഥാർത്ഥത്തിൽ എങ്ങനെ സംഭവിച്ചു എന്നതിനെച്ചൊല്ലി പിന്നീട് പല വാദങ്ങളും ഉയർന്നു. മനഃപൂർവമല്ലാതെ സംഭവിച്ച അപകടത്തിലാണ് ജീവൻ നഷ്ടമായതെന്ന് വ്യക്തമായെങ്കിലും വിധി റഹീമിന് എതിരായി.

വിചാരണയും വധശിക്ഷയും

സൗദി കോടതിയിൽ നടന്ന വിചാരണയ്ക്ക് ശേഷം അബ്ദുൾ റഹീമിന് വധശിക്ഷ വിധിച്ചു. കേസ് മലയാളി സമൂഹത്തിലും പ്രവാസി ലോകത്തും വലിയ ആശങ്ക സൃഷ്ടിക്കുകയും ചെയ്തു. ഭാഷാപ്രശ്നങ്ങൾ, നിയമസഹായത്തിലെ പരിമിതികൾ, വിദേശരാജ്യങ്ങളിലെ നിയമ വ്യവസ്ഥകളെക്കുറിച്ചുള്ള അറിവില്ലായ്മ എന്നിവയും ചർച്ചയായി.

ജയിലിലെ വർഷങ്ങൾ

വർഷങ്ങളോളം റഹീമിന് സൗദി ജയിലിൽ കഴിയേണ്ടിവന്നു. കുടുംബം കേരളത്തിൽ വലിയ സാമ്പത്തികവും മാനസികവുമായ പ്രതിസന്ധി നേരിട്ടു. അമ്മയും ബന്ധുക്കളും ഓഫീസുകൾ കയറിയിറങ്ങി മോചനത്തിനായി അപേക്ഷകൾ നൽകി.

പ്രവാസി സംഘടനകളുടെ ഇടപെടൽ

സൗദിയിലെയും മറ്റ് ഗൾഫ് രാജ്യങ്ങളിലെയും മലയാളി സംഘടനകൾ കേസിൽ സജീവമായി ഇടപെട്ടു. നിയമസഹായം, വിവർത്തന സഹായം, നയതന്ത്ര ഇടപെടൽ എന്നിവയ്ക്കായി വിവിധ കൂട്ടായ്മകൾ പ്രവർത്തിച്ചു. കേസ് ക്രമേണ കേരളത്തിന്റെ പൊതുചർച്ചകളിൽ പ്രധാന വിഷയമായി മാറി.

'ബ്ലഡ് മണി' ചർച്ച

സൗദി നിയമപ്രകാരം മരിച്ച വ്യക്തിയുടെ കുടുംബം മാപ്പ് നൽകിയാൽ 'ദിയ' അഥവാ 'ബ്ലഡ് മണി' നൽകി ശിക്ഷയിൽ ഇളവ് നേടാനാകുന്ന സാഹചര്യമുണ്ടായിരുന്നു. ഇതോടെ അബ്ദുൾ റഹീമിനെ രക്ഷിക്കാനായി വലിയ തോതിൽ ഫണ്ട് റെയ്സിംഗ് ആരംഭിച്ചു.

കേരളത്തിന്റെ കൂട്ടായ ഇടപെടൽ

കേരളത്തിൽ സമൂഹ്യമാധ്യമങ്ങൾ വഴിയും പൊതുപ്രവർത്തകരുടെ നേതൃത്വത്തിലുമായി വൻ ക്യാംപെയ്ൻ നടന്നു. ചെറിയ തുകകളായി സാധാരണ ജനങ്ങൾ നൽകിയ സംഭാവനകൾ കോടികളായി സമാഹരിക്കപ്പെട്ടു. മത-രാഷ്ട്രീയ ഭേദമില്ലാതെ ആളുകൾ ക്യാംപെയ്‌നിൽ പങ്കാളികളായി.

നയതന്ത്ര ഇടപെടലുകൾ

ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും വിവിധ ജനപ്രതിനിധികളും കേസിൽ ഇടപെട്ടു. സൗദി അധികാരികളുമായും മരിച്ച ബാലന്റെ കുടുംബവുമായും ചർച്ചകൾ തുടരുകയും ഒത്തുതീർപ്പിനുള്ള ശ്രമങ്ങൾ ശക്തമാക്കുകയും ചെയ്തു. ഈ ശ്രമങ്ങൾ ഫലം കണ്ടു.. ഒടുവിൽ ശിക്ഷാ കാലാവധി പൂർത്തിയാക്കി മെയ് 20ന് റഹീം നാട്ടിലേക്ക് മടങ്ങും.

അബ്ദുൾ റഹീം കേസ് ഒരു വ്യക്തിയുടെ നിയമപോരാട്ടം മാത്രമല്ല. പ്രവാസി ജീവിതത്തിന്റെ അനിശ്ചിതത്വവും മനുഷ്യാവകാശ ചർച്ചകളും സമൂഹത്തിന്റെ കൂട്ടായ ഇടപെടലിന്റെ ശക്തിയും വ്യക്തമാക്കി തന്ന ഒരു സുപ്രധാന സംഭവം കൂടിയാണ്.

English Summary: Abdul Rahim became the centre of a major human rights and legal battle after being sentenced to death in Saudi Arabia following a 2006 accident that led to the death of a Saudi boy. The case drew widespread attention in Kerala and among expatriate communities, triggering massive public campaigns and fundraising efforts to secure “blood money” compensation under Saudi law. Support from the public, expatriate organisations, and diplomatic interventions turned the case into a symbol of the struggles faced by migrant workers abroad and the power of collective public action.

Madism Digital
madismdigital.com