ജെന്‍സന്‍ ഹുവാങ് വിവാദം: സിംഗപ്പൂര്‍ കമ്പനിയും ചൈനീസ് ചാരവൃത്തി ആരോപണവും എന്‍വിഡിയയും തമ്മിലുള്ള ബന്ധം

മലേഷ്യയിലെ ഒരു ഡാറ്റാ സെന്ററില്‍ എന്‍വിഡിയ ചിപ്പുകള്‍ ഉപയോഗിക്കാതെ പെട്ടികളില്‍ പാക്ക് ചെയ്ത നിലയില്‍ കണ്ടെത്തിയതാണ് ചിപ്പുകള്‍ അനധികൃതമായി കടത്തുകയാണോ എന്ന സംശയത്തിലേക്ക് വഴിവെച്ചത്.
ജെന്‍സന്‍ ഹുവാങ് വിവാദം: സിംഗപ്പൂര്‍ കമ്പനിയും ചൈനീസ് ചാരവൃത്തി ആരോപണവും എന്‍വിഡിയയും തമ്മിലുള്ള ബന്ധം
Published on: 

ചിപ്പ് നിര്‍മ്മാണ രംഗത്തെ പ്രമുഖ ആഗോള കമ്പനിയായ എന്‍വിഡിയ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ജെന്‍സന്‍ ഹുവാങ്ങിനെ 'മെഗാസ്പീഡ്' കമ്പനിയിലെ മുന്‍ എക്‌സിക്യൂട്ടീവായ ഒരു സ്ത്രീ വഴി ചൈനീസ് ഇന്റലിജന്‍സ് ലക്ഷ്യമിട്ടു എന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. അമേരിക്കന്‍ അധികാരികള്‍ 2024 മുതല്‍ അന്വേഷണം നടത്തുന്ന സിംഗപ്പൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഡാറ്റാ സെന്റര്‍ കമ്പനിയിലേക്കും ചൈനയ്ക്ക് നിരോധിത ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചിപ്പുകള്‍ നല്‍കുന്നുവെന്ന സംശയങ്ങളിലേക്കും ഈ സംഭവം വീണ്ടും വെളിച്ചം വീശുന്നു.

ട്രംപിന്റെ പ്രതികരണവും ഉന്നതതല അന്വേഷണവും

ഈ ആരോപണങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് ജാഗ്രതയോടെയാണ് പ്രതികരിച്ചത്. 'ഞാന്‍ അദ്ദേഹത്തോട് ഇതിനെക്കുറിച്ച് സംസാരിച്ചിട്ടില്ല. അദ്ദേഹം ഒരു നല്ല വ്യക്തിയാണെന്ന് എനിക്കറിയാം, എന്നാല്‍ എന്താണ് നടക്കുന്നത് എന്ന് കൃത്യമായി പറയാനാവില്ല. എല്ലാം നന്നായി തീരുമെന്ന് കരുതുന്നു,' ട്രംപ് വ്യക്തമാക്കി. ഹുവാങ് ഒരു മാന്യനായ വ്യക്തിയാണെന്നും അദ്ദേഹത്തിന് ഇതില്‍ വ്യക്തമായ വിശദീകരണം നല്‍കാനുണ്ടാകുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, വിവാദം ശക്തമായതോടെ എന്‍വിഡിയയിലെ സ്വതന്ത്ര ഡയറക്ടര്‍മാര്‍ അടങ്ങുന്ന കമ്മിറ്റി പുറത്തുനിന്നുള്ള ലീഗല്‍ കൗണ്‍സിലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കമ്പനിയുടെ സുപ്രധാന രഹസ്യങ്ങളോ യുഎസിന്റെ ദേശീയ സുരക്ഷയോ അപകടത്തിലായിട്ടില്ലെന്നാണ് ബോര്‍ഡിന്റെ പ്രാഥമിക നിഗമനമെങ്കിലും വിഷയം ഗൗരവമായി പരിശോധിക്കുമെന്ന് അവര്‍ അറിയിച്ചു.

ജെന്‍സന്‍ ഹുവാങ് വിവാദം: സിംഗപ്പൂര്‍ കമ്പനിയും ചൈനീസ് ചാരവൃത്തി ആരോപണവും എന്‍വിഡിയയും തമ്മിലുള്ള ബന്ധം
ഇന്ത്യയിൽ നടക്കുന്നത് ഒരു പൊളിറ്റിക്കൽ ഫൈറ്റ്; അൾട്രാ റൈറ്റാണ് രാജ്യം ഭരിക്കുന്നത്: എ എ റഹീം എംപി

ഹുവാങ്ങിനെതിരെയുള്ള ആരോപണങ്ങളും ചാരവൃത്തി സംശയവും

ആലീസ് ഹുവാങ് എന്ന സ്ത്രീയുമായി തനിക്ക് വ്യക്തിപരമായ ബന്ധമുണ്ടെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ ജെന്‍സന്‍ ഹുവാങ് തന്നെ ശരിവെച്ചിരുന്നു. 'ഞാന്‍ എന്റെ ഭാര്യയോട് വിശ്വസ്തത പുലര്‍ത്തിയില്ല. എന്റെ പ്രവൃത്തികള്‍ അവരെയും മക്കളെയും വേദനിപ്പിച്ചു. ഞാന്‍ ചെയ്തതിന് ഒരു ന്യായീകരണവുമില്ല, ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു', എന്നാണ് ഹുവാങ് ജീവനക്കാര്‍ക്ക് അയച്ച സന്ദേശത്തില്‍ പറയുന്നത്. എന്നാല്‍, ഈ വ്യക്തിപരമായ ബന്ധത്തിന് പിന്നില്‍ ചൈനീസ് ഇന്റലിജന്‍സ് ഏജന്‍സിയായ മിനിസ്ട്രി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റിയുടെ ഇടപെടലുണ്ടെന്നാണ് ആഗോള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹുവാങ്ങില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്താനും ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതി നിയന്ത്രണങ്ങള്‍ ലഘൂകരിക്കാനും ചൈന പദ്ധതിയിട്ടിരുന്നു എന്ന സംശയമാണ് ഉയരുന്നത്. ട്രംപ് ഭരണകൂടത്തില്‍ ഇതിനായി ലോബിയിംഗ് നടത്തിയിരുന്ന വ്യക്തി എന്ന നിലയില്‍ ഹുവാങ്ങിനുമേല്‍ ചൈനീസ് സ്വാധീനമുണ്ടായിരുന്നോ എന്ന് അമേരിക്ക നിരീക്ഷിച്ചുവരികയാണ്.

എന്താണ് മെഗാസ്പീഡ്? ചൈനീസ് ബന്ധങ്ങള്‍ എന്തൊക്കെയാണ്?

സിംഗപ്പൂരില്‍ രജിസ്റ്റര്‍ ചെയ്ത് മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഡാറ്റാ സെന്ററുകള്‍ നടത്തുന്ന കമ്പനിയാണ് മെഗാസ്പീഡ്. എന്നാല്‍, ഇതിന്റെ വേരുകള്‍ '7റോഡ്' എന്ന ചൈനീസ് ഗെയിമിംഗ്, ക്ലൗഡ്-കമ്പ്യൂട്ടിംഗ് കമ്പനിയിലാണ് ചെന്നെത്തുന്നത്. 2023-ല്‍ പേര് മാറ്റുന്നതിന് മുമ്പ് '7റോഡ് ഇന്റര്‍നാഷണല്‍ എന്നാണ് ഈ കമ്പനി അറിയപ്പെട്ടിരുന്നത്. മെഗാസ്പീഡിന്റെ മലേഷ്യന്‍ അഫിലിയേറ്റ് 2024 ജൂണിനും 2026 ഫെബ്രുവരിക്കും ഇടയില്‍ 4.8 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള അഡ്വാന്‍സ്ഡ് എന്‍വിഡിയ ഉപകരണങ്ങള്‍ വാങ്ങിയിട്ടുണ്ട്. അലിബാബ അടക്കമുള്ള ചൈനീസ് കമ്പനികള്‍ക്ക് ചൈനയ്ക്ക് പുറത്തുള്ള ഇന്‍ഫ്രാസ്ട്രക്ചര്‍ വഴി കമ്പ്യൂട്ടിംഗ് ശേഷി ലഭ്യമാക്കാന്‍ മെഗാസ്പീഡ് സഹായിച്ചതായി ദി ന്യൂയോര്‍ക്ക് ടൈംസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു.

യുഎസ് കൊമേഴ്സ് ഡിപ്പാര്‍ട്ട്മെന്റിന്റെയും സിംഗപ്പൂരിന്റെയും അന്വേഷണങ്ങള്‍

2024 അവസാനത്തോടെ അമേരിക്കന്‍ കൊമേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് മെഗാസ്പീഡിനെതിരെ അന്വേഷണം ആരംഭിച്ചിരുന്നു. മലേഷ്യയിലെ ഒരു ഡാറ്റാ സെന്ററില്‍ എന്‍വിഡിയ ചിപ്പുകള്‍ ഉപയോഗിക്കാതെ പെട്ടികളില്‍ പാക്ക് ചെയ്ത നിലയില്‍ കണ്ടെത്തിയതാണ് ചിപ്പുകള്‍ അനധികൃതമായി കടത്തുകയാണോ എന്ന സംശയത്തിലേക്ക് വഴിവെച്ചത്. തുടര്‍ന്ന് ഈ കേസ് യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസിന് കൈമാറുകയും ചെയ്തു. അതേസമയം, ആഭ്യന്തര നിയമങ്ങള്‍ ലംഘിച്ചുവെന്ന സംശയത്തില്‍ സിംഗപ്പൂര്‍ അധികൃതരും മെഗാസ്പീഡിനെതിരെ അന്വേഷണം നടത്തുന്നുണ്ട്. എന്നാല്‍, നിയമവിരുദ്ധമായി ചിപ്പുകള്‍ മറിച്ചുവിറ്റതായി അമേരിക്കയോ സിംഗപ്പൂരോ ഇതുവരെ പരസ്യമായി സ്ഥിരീകരിച്ചിട്ടില്ല. കമ്പനിയും എന്‍വിഡിയയും ഈ ആരോപണങ്ങള്‍ നിഷേധിച്ചിട്ടുമുണ്ട്.

ജെന്‍സന്‍ ഹുവാങ് വിവാദം: സിംഗപ്പൂര്‍ കമ്പനിയും ചൈനീസ് ചാരവൃത്തി ആരോപണവും എന്‍വിഡിയയും തമ്മിലുള്ള ബന്ധം
'8 മാസം 81 കേസുകള്‍' കേരളത്തില്‍ മോര്‍ഫിങ് കേസുകള്‍ വര്‍ധിക്കുന്നു, ഇരകള്‍ കുടുതലും കുട്ടികള്‍

അലിബാബ ഫണ്ടിംഗും കല്‍പര്‍ റിസര്‍ച്ചിന്റെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ടും

2026 മേയില്‍ പുറത്തുവന്ന കല്‍പര്‍ റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് ഈ വിവാദത്തിന് പുതിയൊരു തലമാണ് നല്‍കിയത്. മെഗാസ്പീഡിന്റെ ബാലന്‍സ് ഷീറ്റ് 2023-ലെ 33 മില്യണ്‍ ഡോളറില്‍ നിന്ന് 2024-ല്‍ മൂന്നു ബില്യണ്‍ ഡോളറായി കുത്തനെ ഉയര്‍ന്നത് അജ്ഞാത ഉറവിടത്തില്‍ നിന്നുള്ള 2.9 ബില്യണ്‍ ഡോളര്‍ നിക്ഷേപം മൂലമാണെന്ന് കല്‍പര്‍ വെളിപ്പെടുത്തി. മെഗാസ്പീഡിന്റെ മലേഷ്യന്‍ മാതൃകമ്പനിയായ സ്പീഡ്മാട്രിക്‌സ്, അലിബാബയുടെ ഉടമസ്ഥതയിലുള്ള ആപെക്‌സ് എന്റര്‍പ്രൈസിന് തങ്ങളുടെ ബിസിനസ് ഈടായി നല്‍കിയതായും രേഖകള്‍ കാണിക്കുന്നു. അതായത്, അലിബാബയില്‍ നിന്നുള്ള പണം ഉപയോഗിച്ചാണ് എന്‍വിഡിയ സെര്‍വറുകള്‍ വാങ്ങിയതെന്നാണ് കല്‍പര്‍ ആരോപിക്കുന്നത്. കൂടാതെ 2026 സാമ്പത്തിക വര്‍ഷത്തില്‍ എന്‍വിഡിയ ഉണ്ടാക്കിയ വരുമാനത്തിന്റെ 20 ശതമാനത്തിലധികവും ചൈനയില്‍ നിന്നുള്ള അനധികൃത ആവശ്യങ്ങളില്‍ നിന്നാണെന്നും അവര്‍ വാദിക്കുന്നു.

യുഎസ്-ചൈന എഐ പോരാട്ടത്തില്‍ ഈ വിവാദത്തിന്റെ പ്രാധാന്യം

ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനികളിലൊന്നായ എന്‍വിഡിയയുടെ ഗ്രാഫിക്‌സ് പ്രൊസസിംഗ് യൂണിറ്റുകളാണ് ഇന്നത്തെ എഐ വിപ്ലവത്തിന് കരുത്ത് പകരുന്നത്. ഇത്തരം അത്യാധുനിക എഐ ചിപ്പുകള്‍ ചൈന സൈനിക-ഇന്റലിജന്‍സ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചേക്കാം എന്നതിനാല്‍ യുഎസ് ഏര്‍പ്പെടുത്തിയ കയറ്റുമതി വിലക്കുകള്‍ മറികടക്കാന്‍ മൂന്നാം രാജ്യങ്ങളിലെ ഡാറ്റാ സെന്ററുകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നത് അമേരിക്കയ്ക്ക് വലിയ തലവേദനയാണ്. ഈ സാഹചര്യത്തില്‍, വലിയ ദേശീയ സുരക്ഷാ ആശങ്കകള്‍ മുന്‍നിര്‍ത്തി എന്‍വിഡിയ മേധാവി ജെന്‍സന്‍ ഹുവാങ്ങിനോട് നവംബര്‍ 18-ന് അടച്ചിട്ട മുറിയില്‍ നടക്കുന്ന യുഎസ് ഹൗസ് കമ്മിറ്റിക്ക് മുമ്പാകെ കാര്യങ്ങള്‍ വിശദീകരിക്കാന്‍ റിപ്പബ്ലിക്കന്‍ ചെയര്‍മാന്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Summary

Nvidia CEO Jensen Huang is facing scrutiny following reports that Chinese intelligence may have attempted to gain influence over him through a former executive of Singapore-based data centre company Megaspeed. The controversy has drawn attention to suspected attempts to circumvent US export restrictions on advanced AI chips through third-party data centres in Southeast Asia. US authorities have reportedly been investigating Megaspeed since 2024 over concerns that Nvidia's advanced chips were being diverted to Chinese companies, including Alibaba. The company, formerly known as 7Road International, has reportedly purchased $4.8 billion worth of advanced Nvidia equipment through its Malaysian affiliate between June 2024 and February 2026. Both Nvidia and Megaspeed have denied wrongdoing, and authorities have not publicly confirmed any illegal chip transfers.