

ഗൂഗിൾ എന്നാൽ ടെക് ഭീമനെന്നാണ് നമ്മുടെ മനസ്സിലേക്ക് വരുന്ന ആദ്യത്തെ ചിന്ത. പക്ഷേ ഗൂഗിൾ സ്വന്തമായും സഹോദരസ്ഥാപനങ്ങളിലൂടെയും പല ശാസ്ത്രപരീക്ഷണങ്ങളും സംഘടിപ്പിക്കാറുണ്ട്. ആരോഗ്യപരമായ പ്രോഗ്രാമുകളും ഇതിലുൾപ്പെടും.
ഇത്തരത്തിലുള്ള ഒരു പരീക്ഷണത്തിനായ് കൊതുകുകളെ തുറന്നുവിടാൻ ഗൂഗിൾ അനുവാദം ചോദിച്ചതാണ് ഏറ്റവും പുതിയ വാർത്ത. കാലിഫോർണിയയിലും ഫ്ളോറിഡയിലുമായി 3.2 കോടി കൊതുകുകളെ തുറന്നുവിടാൻ യു.എസ് ഭരണകൂടത്തോടാണ് ഗൂഗിൾ അനുവാദം ചോദിച്ചിരിക്കുന്നത്. അതും വെറും കൊതുകുകളല്ല, ബാക്ടീരിയ ബാധിച്ച കൊതുകുകളെ.
എന്താണ് ഗൂഗിളിന്റെ ഉദ്ദേശം?
ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റിന് കീഴിലുള്ള ലൈഫ് സയൻസസ് വിഭാഗമായ വെരിലി, ഗൂഗിൾ ഡീബഗ് പ്രോജക്ട് എന്ന പേരിൽ ഒരു ആരോഗ്യ പരിപാടി സംഘടിപ്പിച്ചിരുന്നു. കീടങ്ങളെ തുരത്തലിന് ഊന്നൽ നൽകിയ ഈ പദ്ധതി വിജയം കണ്ടതിന് പിന്നാലെയാണ് പുതിയ പരിപാടിയുമായി ഇവരെത്തിയിരിക്കുന്നത്.
ഡെങ്കിപ്പനി, സിക്ക, മഞ്ഞപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ മാരകരോഗങ്ങൾ പരത്തുന്ന കൊതുകുകളുടെ നിവാരണത്തിന് പരീക്ഷണാടിസ്ഥാനത്തിൽ അനുമതി നൽകണം എന്നാണ് പുതിയ അഭ്യർഥന. ഇതിനായ് യുഎസ് എൺവയോൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസിയെ ആണ് വെറിലി സമീപിച്ചിരിക്കുന്നത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശം.
ഫ്ളോറിഡയിലും കലിഫോർണിയയിലും വെസ്റ്റ് നൈൽ വൈറസ്, സെന്ർറ് ലൂയി എൻസെഫലിറ്റിസ് എന്നീ രോഗങ്ങൾ പരത്തുന്ന കൊതുകുകളെ നിയന്ത്രിക്കുകയാണ് പരീക്ഷണത്തിലൂടെ ചെയ്യുക. കൊതുകുജന്യ രോഗങ്ങൾ കുറയ്ക്കുക എന്ന ഉദ്ദേശത്തോടെ നടപ്പാക്കുന്ന ഈ പരീക്ഷണം വിജയിച്ചാൽ ഭാവിയിൽ ഇന്ത്യയിലടക്കം ഇത് പ്രായോഗികമാക്കാം.
തുറന്നുവിടുന്ന കൊതുകുകളിൽ ഒന്നുപോലും മനുഷ്യരെ കടിക്കില്ല എന്നതാണ് വെറിലി നൽകുന്ന ഉറപ്പ്. വോൾബാച്ചിയ എന്ന ബാക്ടീരിയുമായി സംക്രമിപ്പിച്ച കൊതുകുകളെയാണ് തുറന്നു വിടുന്നത്. ഈ കൊതുകുകൾ മനുഷ്യരെ കടിക്കില്ല- കാരണം ആൺകൊതുകുകളെ മാത്രമാണ് വോൾബാച്ചിയ ബാധിക്കുക. പെൺകൊതുകുകളാണ് മനുഷ്യരെ കടിക്കുക എന്നതിനാൽ വോൾബാച്ചിയ കൊതുകുകളെ തുറന്നുവിട്ടാലും പ്രദേശവാസികൾക്ക് കടിയേൽക്കില്ല.
ഇവയെ തുറന്നുവിട്ടാൽ, ബാക്ടീരിയ ഇല്ലാത്ത പെൺകൊതുകുകളുമായി ഇവ ഇണചേരും. എന്നാൽ മുട്ട വിരിയില്ല. അങ്ങനെ ഈ പ്രദേശങ്ങളിലെ കൊതുകുകളുടെ എണ്ണം ഗണ്യമായി കുറയും. വെസ്റ്റ് നൈല്‍ വൈറസ്, സെന്റ് ലൂയി എന്‍സെഫലിറ്റിസ് രോഗങ്ങള്‍ പരത്തുന്ന ക്യുലെക്‌സ് (Culex) കൊതുകുകളെ ഇല്ലായ്മ ചെയ്യുക എന്നതാണ് പരീക്ഷണത്തിന്റെ ലക്ഷ്യം. അമേരിക്കയില്‍ ഏറ്റവുമധികം പേര്‍ക്ക് ബാധിക്കുന്ന അസുഖമാണ് വെസ്റ്റ് നൈല്‍ എന്ന് സിഡിസിയുടെ (CDC) പഠനങ്ങള്‍ പറയുന്നു.
വോൾബാച്ചിയ ബാക്ടീരിയ പ്രവേശിക്കുന്നത് ആൺകൊതുകുകളിൽ തന്നെയാണെന്ന് ഉറപ്പ് വരുത്തുകയാണ് വെറിലിക്ക് മുന്നിലുള്ള ഒരു വെല്ലുവിളി. എന്നാലിതിന് ലോകത്തിലേക്കും വെച്ച് ഏറ്റവും മുന്തിയ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനാണ് ഗൂഗിളിന്ർറെ തീരുമാനം. നിർമിതബുദ്ധിയെയാവും സ്വാഭാവികമായും ഇതിനായി ഉപയോഗിക്കുക. കൊതുകുകളെ വിരിയിക്കാൻ ഓട്ടോമേറ്റഡ് റിയറിങ് റോബോട്ടുകളെയും ഉപയോഗിക്കും. വാഹനങ്ങളടക്കം ഉപയോഗിച്ചാവും തിരഞ്ഞെടുത്ത കൊതുകുകളെ തുറന്നു വിടുക.
ഈഡിസ് ഈജിപ്തി കൊതുകിനത്തിലാണ് നിലവിൽ പരീക്ഷണം കേന്ദ്രീകരിക്കുന്നത്. ഡെങ്കിപ്പനി, സിക്ക വൈറസ്, മഞ്ഞപ്പനി (Yellow Fever), ചിക്കുൻഗുനിയ എന്നിവയുടെ ഭൂരിഭാഗം കേസുകളും പടർത്തുന്നത് ഈ ഇനത്തിലുള്ള കൊതുകുകളാണ് എന്നതിനാലാണിത്.
English Summary: When people think of Google, the first thing that comes to mind is a tech giant. But Google, both directly and through its sister organizations, is also involved in a variety of scientific experiments and research projects, including public health initiatives.
The latest example is a proposal seeking permission to release mosquitoes as part of an experiment. Google has reportedly requested approval from U.S. authorities to release 32 million mosquitoes across California and Florida. These are not ordinary mosquitoes, but mosquitoes infected with a specific type of bacteria as part of a disease-control program.