ഉത്പാദനത്തില്‍ 49% ഇടിവ്; രാജ്യത്ത് ഉള്ളിവില ഇനിയും ഉയര്‍ന്നേക്കുമെന്ന് മുന്നറിയിപ്പ്, മഴക്കുറവും വരള്‍ച്ചയും വില്ലനായി

നാസിക്കില്‍ ഖാരിഫ്, വൈകിയ ഖാരിഫ് സീസണുകളിലായി സാധാരണയായി 99,491 ഹെക്ടറിലാണ് ഉള്ളി കൃഷി ചെയ്യുന്നത്. എന്നാല്‍ ഇത്തവണ കൃഷി ഏകദേശം 75,000 ഹെക്ടറായി കുറഞ്ഞു
ഉത്പാദനത്തില്‍ 49% ഇടിവ്; രാജ്യത്ത് ഉള്ളിവില ഇനിയും ഉയര്‍ന്നേക്കുമെന്ന് മുന്നറിയിപ്പ്, മഴക്കുറവും വരള്‍ച്ചയും വില്ലനായി
Published on: 

വരള്‍ച്ചയെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസമായി പച്ചക്കറി വില വര്‍ധിച്ചുകൊണ്ടിരിക്കെ, അടുക്കളയിലെ ഒഴിച്ചുകൂടാനാകാത്ത വിഭവമായ സവാളയുടെ ചില്ലറ വില്‍പ്പന വില കിലോയ്ക്ക് 55-ല്‍ നിന്ന് 70 രൂപയായി ഉയര്‍ന്നു. ചെറിയ ഉള്ളി വില ഇതിലും കുത്തനെയാണ് ഉയര്‍ന്നത്. 55-ല്‍ നിന്ന് 100 രൂപയായും പിന്നീട് കിലോയ്ക്ക് 240 രൂപയായുമാണ് വില വര്‍ധിച്ചത്. ഗണേശ ചതുര്‍ത്ഥി, ദസറ ഉത്സവ സമയങ്ങളില്‍ കിലോയ്ക്ക് 6570 രൂപ വരെ ഉയര്‍ന്ന സവാള വില പിന്നീട് കുറഞ്ഞിരുന്നെങ്കിലും കഴിഞ്ഞ ഒരു മാസത്തിനിടെ വീണ്ടും കിലോയ്ക്ക് 70 രൂപയായി ഉയരുകയും അതേ നിരക്കില്‍ തുടരുകയും ചെയ്യുകയാണ്.

വിപണിയിലെ പ്രതിസന്ധിയും വിതരണവും

സംസ്ഥാനത്തുടനീളം നിലനില്‍ക്കുന്ന വരള്‍ച്ചയുടെ പശ്ചാത്തലത്തിലുണ്ടായ സവാള ക്ഷാമമാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. സെപ്റ്റംബറില്‍ ചില്ലറ വിപണിയില്‍ കിലോയ്ക്ക് 55-ല്‍ നിന്ന് 6570 രൂപയായി ഉയര്‍ന്ന വില പിന്നീട് കുറഞ്ഞിരുന്നു. എന്നാല്‍ ദീപാവലി സമയത്ത് വില വീണ്ടും 70 രൂപയായി കുതിച്ചുയര്‍ന്നു. നിലവില്‍ മൊത്തവിപണിയില്‍ കിലോയ്ക്ക് ഏകദേശം 5560 ആണ് വില.

മഹാരാഷ്ട്രയില്‍ നിന്നാണ് പ്രധാനമായും സവാള എത്തിയിരുന്നതെങ്കിലും കഴിഞ്ഞ ഏതാനും ആഴ്ചകളായി വിജയപുര ജില്ലയില്‍ നിന്നും സവാള ലഭിച്ചു തുടങ്ങിയത് വിപണിക്ക് വലിയ ആശ്വാസമായി. ഇതുകൊണ്ടാണ് വില കിലോയ്ക്ക് 70 രൂപയില്‍ പിടിച്ചുനിര്‍ത്താനായതെന്നും അല്ലെങ്കില്‍ വില 100 രൂപ വരെ ഉയരുമായിരുന്നുവെന്നും വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ വിപണികളിലേക്ക് എത്തുന്ന സവാളയുടെ 60 ശതമാനവും മഹാരാഷ്ട്രയില്‍ നിന്നും 40 ശതമാനം വിജയപുര ജില്ലയില്‍ നിന്നുമാണ്.

ഉത്പാദനത്തില്‍ 49% ഇടിവ്; രാജ്യത്ത് ഉള്ളിവില ഇനിയും ഉയര്‍ന്നേക്കുമെന്ന് മുന്നറിയിപ്പ്, മഴക്കുറവും വരള്‍ച്ചയും വില്ലനായി
പശ്ചിമഘട്ടത്തെ കാക്കാന്‍ 'ഗ്ലൂസ്'; ഉരുള്‍പൊട്ടല്‍ പ്രവചനത്തില്‍ പുതിയ വഴിത്തിരിവ്

കര്‍ണാടകയില്‍ വന്‍ വിളനാശം

വരള്‍ച്ച കാരണം സവാള കൃഷിയില്‍ 50 ശതമാനത്തിലധികം വിളനാശം സംഭവിച്ചതായി കര്‍ണാടക സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം കാലവര്‍ഷത്തിലെ കനത്ത മഴയാണ് സവാള കൃഷിക്ക് നാശനഷ്ടമുണ്ടാക്കിയതെങ്കില്‍, ഈ വര്‍ഷം വരള്‍ച്ചയാണ് വില്ലനായത്. ഖാരിഫ്, റാബി, വേനല്‍ക്കാലം എന്നീ മൂന്ന് സീസണുകളിലും സവാള കൃഷി ചെയ്യാമെങ്കിലും കര്‍ണാടകയില്‍ ഇത് കൂടുതലായി കൃഷി ചെയ്യുന്നത് ഖാരിഫ് സീസണിലാണ്. 2026-27 ഖാരിഫ് സീസണില്‍ ആകെ 1,54,000 ഹെക്ടര്‍ സ്ഥലത്താണ് സവാള കൃഷിയിറക്കിയതെങ്കിലും 177 താലൂക്കുകളിലായി ഏകദേശം 1,28,000 ഹെക്ടര്‍ സ്ഥലത്തെ വിളവ് നശിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്.

നാസിക്കില്‍ ഉല്‍പാദനം പകുതിയായി കുറയും

രാജ്യത്ത് ഉള്ളിവില ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിപണിയിലെ വിലയിരുത്തല്‍. ഇന്ത്യയിലെ പ്രധാന ഉള്ളി ഉല്‍പാദന കേന്ദ്രങ്ങളിലൊന്നായ മഹാരാഷ്ട്രയിലെ നാസിക് ജില്ലയില്‍ ഈ സീസണില്‍ ഉല്‍പാദനം ഏകദേശം 49 ശതമാനം കുറയുമെന്ന കണക്കുകള്‍ ആശങ്ക ഉയര്‍ത്തുന്നുണ്ട്. ഖാരിഫ്, വൈകിയ ഖാരിഫ് സീസണുകളിലെ മൊത്തം ഉള്ളി ഉല്‍പാദനം കഴിഞ്ഞ വര്‍ഷത്തെ 14.92 ലക്ഷം ടണ്ണില്‍നിന്ന് 7.6 ലക്ഷം ടണ്ണായി കുറയുമെന്നാണ് സംസ്ഥാന കാര്‍ഷിക വകുപ്പിന്റെ കണക്കുകൂട്ടല്‍.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ മൊത്തവ്യാപാര വിപണികളിലേക്ക് വലിയ തോതില്‍ ഉള്ളി എത്തുന്നത് നാസിക്കില്‍നിന്നാണ്. അതിനാല്‍ ജില്ലയിലെ ഉത്പാദനത്തകര്‍ച്ച വരുംമാസങ്ങളില്‍ രാജ്യത്തെ ഉള്ളി വിതരണത്തെയും വിലയെയും സാരമായി ബാധിച്ചേക്കും. സംഭരിച്ചുവെച്ച വേനല്‍ക്കാല ഉള്ളിയുടെ സ്റ്റോക്ക് കുറയുന്നതിനനുസരിച്ച് വിലക്കയറ്റത്തിന് സാധ്യത കൂടുതലാണ്.

കൃഷിവിസ്തൃതിയിലെ ഇടിവും കാലാവസ്ഥാ തിരിച്ചടിയും

നാസിക്കില്‍ ഖാരിഫ്, വൈകിയ ഖാരിഫ് സീസണുകളിലായി സാധാരണയായി 99,491 ഹെക്ടറിലാണ് ഉള്ളി കൃഷി ചെയ്യുന്നത്. എന്നാല്‍ ഇത്തവണ കൃഷി ഏകദേശം 75,000 ഹെക്ടറായി കുറഞ്ഞു. സാധാരണ കൃഷിവിസ്തൃതിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഏകദേശം 24.6 ശതമാനത്തിന്റെ കുറവാണിത്. കൃഷിയിറക്കിയ സ്ഥലങ്ങളില്‍പോലും വരള്‍ച്ച വലിയ നാശനഷ്ടമുണ്ടാക്കി. ഏകദേശം 41,000 ഹെക്ടറിലെ ഉള്ളിക്കൃഷിയെ വരള്‍ച്ച ബാധിച്ചു. അതായത് കൃഷിയിറക്കിയ മൊത്തം ഭൂമിയുടെ പകുതിയിലധികവും മഴക്കുറവിന്റെ പ്രത്യാഘാതം നേരിട്ടു.

ഉത്പാദനത്തില്‍ 49% ഇടിവ്; രാജ്യത്ത് ഉള്ളിവില ഇനിയും ഉയര്‍ന്നേക്കുമെന്ന് മുന്നറിയിപ്പ്, മഴക്കുറവും വരള്‍ച്ചയും വില്ലനായി
എഐ ഓഹരികള്‍ വീണപ്പോള്‍ സ്വര്‍ണത്തിനും അടിതെറ്റി; വില 14 മാസത്തെ താഴ്ന്ന നിലയില്‍

വൈകിയ ഖാരിഫ് സീസണിലെ കൃഷിവിസ്തൃതി കഴിഞ്ഞ വര്‍ഷത്തെ 68,000 ഹെക്ടറില്‍നിന്ന് 54,000 ഹെക്ടറായി കുറഞ്ഞു (ഏകദേശം 20 ശതമാനം ഇടിവ്). ഇതില്‍ 25,000 ഹെക്ടറിലെ കൃഷിയെ വരള്‍ച്ച ബാധിച്ചു. ഖാരിഫ് സീസണിലും സ്ഥിതി വ്യത്യസ്തമല്ല. സാധാരണയായി 32,491 ഹെക്ടറില്‍ കൃഷി നടക്കാറുള്ള സ്ഥാനത്ത് ഇത്തവണ 21,243 ഹെക്ടറില്‍ മാത്രമാണ് കൃഷിയിറക്കിയത് (ഏകദേശം 34 ശതമാനം കുറവ്).

മഴക്കുറവ് ബാധിച്ച നടീല്‍ കാലം

ഉള്ളി കൃഷിക്ക് നിര്‍ണായകമായ മാസങ്ങളില്‍ വേണ്ടത്ര മഴ ലഭിക്കാത്തതാണ് ഉല്‍പാദനം കുറയാന്‍ പ്രധാന കാരണം. ജൂലൈയില്‍ നാസിക്കില്‍ ആവശ്യത്തിന് മഴ ലഭിച്ചെങ്കിലും ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ നീണ്ട വരണ്ട കാലാവസ്ഥയാണ് അനുഭവപ്പെട്ടത്. ഇതോടെ കൃഷിയിറക്കാന്‍ പദ്ധതിയിട്ടിരുന്ന പല കര്‍ഷകര്‍ക്കും വിത്തിറക്കാന്‍ കഴിഞ്ഞില്ല. നേരത്തേ കൃഷിയിറക്കിയ സ്ഥലങ്ങളില്‍ ചെടികളുടെ വളര്‍ച്ചയെയും മഴക്കുറവ് ബാധിച്ചതോടെ വിളവിന്റെ അളവില്‍ വലിയ കുറവുണ്ടായി.

സാധാരണയായി ഖാരിഫ് ഉള്ളിയുടെ നടീല്‍ ജൂലൈ ആദ്യം ആരംഭിച്ച് സെപ്റ്റംബര്‍ പകുതിയോടെ അവസാനിക്കുകയും ഒക്ടോബര്‍ പകുതി മുതല്‍ ഡിസംബര്‍ വരെ വിളവെടുപ്പ് നടക്കുകയുമാണ് പതിവ്. വൈകിയ ഖാരിഫ് സീസണിലെ നടീല്‍ സെപ്റ്റംബര്‍ രണ്ടാം പകുതിയില്‍ ആരംഭിച്ച് നവംബര്‍ 15 വരെ നീളുകയും ജനുവരി ആദ്യം മുതല്‍ മാര്‍ച്ച് പകുതി വരെ വിളവെടുപ്പ് നടക്കുകയും ചെയ്യും. ഇത്തവണ രണ്ട് സീസണുകളിലെയും കൃഷിയെ മഴക്കുറവ് ബാധിച്ചതാണ് വരും മാസങ്ങളിലും വിപണിയെ ആശങ്കയിലാക്കുന്നത്.

Summary

Onion prices across India could rise further as production is expected to decline sharply due to drought and inadequate rainfall. Retail prices have already increased from around ₹55 to ₹70 per kg, while small onions have reportedly surged to ₹240 per kg. Karnataka has suffered significant crop losses, with more than half of its onion cultivation reportedly affected by drought. In Maharashtra's Nashik district, one of India's major onion-producing regions, production during the Kharif and late Kharif seasons is projected to fall by nearly 49%, from 14.92 lakh tonnes last year to 7.6 lakh tonnes this season.