

കൗമാരക്കാർക്കിടയിലെ പ്രണയബന്ധങ്ങൾ കുറ്റകരമാണ് നേപ്പാളിൽ. ബലാത്സംഗക്കേസുകളുടെ പരിധിയിൽപ്പെടുന്ന ഇവയ്ക്ക് കനത്ത ശിക്ഷയും ലഭിക്കും. ഈ നിയമത്തിൽ മാറ്റം വരുത്താനൊരുങ്ങുകയാണ് പുതിയ ബാലേന്ദ്ര ഷാ സർക്കാർ. റോമിയോ-ജൂലിയറ്റ് വ്യവസ്ഥ ഉൾപ്പെടുത്തിക്കൊണ്ട് ബലാത്സംഗ നിയമത്തിൽ സർക്കാർ ഭേദഗതി വരുത്തിയേക്കാം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാജ്യത്തെ ക്രിമിനൽ നിയമങ്ങൾ പരിഷ്കരിക്കുന്നതിൻറെ ഭാഗമായാണ് നീക്കം.
രാജ്യത്ത് നിലവിൽ പതിനെട്ട് വയസ്സിൽ താഴെ പ്രായമുള്ളവർ തമ്മിലുള്ള പ്രണയബന്ധങ്ങൾ ക്രിമിനൽ കുറ്റത്തിൻറെ പരിധിയിലാണ് വരുന്നത്. ബലാത്സംഗനിയമത്തിന് കീഴിലാണിത് എന്നതിനാൽ പല സാഹചര്യങ്ങളിലും കുട്ടികൾ ജയിൽശിക്ഷ വരെ അനുഭവിക്കാറുണ്ട്. ഈ സാഹചര്യം ഒഴിവാക്കുകയാണ് റോമിയോ-ജൂലിയറ്റ് വ്യവസ്ഥയുടെ പ്രധാന ലക്ഷ്യം
ഏകദേശം ഒരേ പ്രായത്തിലുള്ള കൗമാരക്കാർ തമ്മിലുള്ള, പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങളെ ബലാത്സംഗക്കുറ്റത്തിൽ നിന്നൊഴിവാക്കും. പതിനാറിനും പതിനെട്ടിനുമിടയിൽ പ്രായമുള്ളവർക്കിടയിലെ ബന്ധങ്ങളിൽ, പ്രായവ്യത്യാസം മൂന്ന് വയസ്സിനുള്ളിൽ മാത്രമാണെങ്കിലേ റോമിയോ-ജൂലിയറ്റ് വ്യവസ്ഥ ബാധകമാകുകയുള്ളൂ. ഇത്, ഈ ബന്ധങ്ങളെ ലൈംഗികപീഡനമായി കണക്കാക്കാതിരിക്കാൻ സഹായകമാകുമെന്നാണ് വിലയിരുത്തൽ.
കൗമാരക്കാരുടെ ബന്ധങ്ങളെ കുറ്റകരമായി കാണുന്നതും പ്രണയബന്ധങ്ങളുടെ പേരിൽ ചെറിയ ആൺകുട്ടികളെ വർഷങ്ങളോളം ജയിലിലേക്ക് തള്ളിവിടുന്നതും ആശങ്ക സൃഷ്ടിക്കുന്നുവെന്ന് നേരത്തേ തന്നെ വിമർശനമുയർന്നിരുന്നു. ഇത് കണക്കിലെടുത്ത്, പരസ്പര സമ്മതത്തോടെയുള്ള ഇത്തരം ബന്ധങ്ങളും ലൈംഗിക ചൂഷണവും തമ്മിൽ വേർതിരിക്കാനാണ് സർക്കാർ ശ്രമം.
ഏകദേശം ഒരേ പ്രായത്തിലുള്ള കൗമാരക്കാർ പരസ്പര സമ്മതത്തോടെ പ്രണയിക്കുന്നത് ബലാത്സംഗ കുറ്റത്തിന്റെ പരിധിയിൽ ഇനി മുതൽ ഉൾപ്പെടില്ല. പക്ഷേ, ഭീഷണിപ്പെടുത്തിയോ ചൂഷണം ചെയ്തോ ഉണ്ടാകുന്ന ബന്ധങ്ങളും രണ്ട് വ്യക്തികൾ തമ്മിൽ വലിയ പ്രായവ്യത്യാസം ഉള്ള ബന്ധങ്ങളാണെങ്കിലും സാധാരണ ബലാത്സംഗ നിയമങ്ങളുടെ പരിധിയിൽ തന്നെ ഉൾപ്പെടും. ഈ പരിഷ്കാരം പുതിയൊരു നിയമമായി കൊണ്ടുവരുന്നതിന് പകരം നേപ്പാളിൻറെ നാഷണൽ ക്രിമിനൽ കോഡിൽ ഉൾപ്പെടുത്താനാണ് തീരുമാനം.
മനുഷ്യവികാസം, കുട്ടികൾ തമ്മിൽ പ്രായത്തിലുള്ള അടുപ്പം, അനാവശ്യകാര്യങ്ങളെ കുറ്റവത്കരിക്കുന്ന രീതി എന്നിവ കണക്കിലെടുത്താണ് സർക്കാരിന്റെ പുതിയ നീക്കമെന്ന് നേപ്പാൾ നിയമമന്ത്രി പരശ്വാർ ധുംകാന പ്രതികരിച്ചിട്ടുണ്ട്. എന്നാൽ വ്യക്തികൾക്കിടയിൽ പ്രായവ്യത്യാസം കുറവാണെങ്കിലോ പൂർണസമ്മതത്തോടെയുള്ള ബന്ധമല്ലെങ്കിലോ നിയമം ബാധകമാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനപ്രീതി ഏറെയുണ്ടെങ്കിലും റോമിയോ-ജൂലിയറ്റ് ഭേദഗതിക്കെതിരെ രംഗത്തെത്തുന്നവരും കുറവല്ല. കുട്ടികളുടെ സുരക്ഷ ചൂണ്ടിക്കാട്ടിയാണ് വിമർശകരുടെ വാദങ്ങളെല്ലാം. ബലാത്സംഗ നിയമങ്ങളിൽ ഇളവ് വരുത്തുന്നത്, ബാലവിവാഹം, നിർബന്ധിത ബന്ധങ്ങൾ, ചൂഷണം എന്നിവയിൽ നിന്ന് പെൺകുട്ടികളെ സംരക്ഷിക്കാൻ രൂപപ്പെടുത്തിയ സുരക്ഷാ സംവിധാനങ്ങളെ ദുർബലപ്പെടുത്തുമെന്നാണ് ഇവർ ആശങ്കപ്പെടുന്നത്.
ഇതാദ്യമായല്ല റോമിയോ-ജൂലിയറ്റ് വ്യവസ്ഥ നേപ്പാളിൽ ചർച്ചാവിഷയമാകുന്നത്. നിലവിലെ നിയമത്തിനെതിരെ ഉയർന്ന വിമർശനങ്ങളിൽ നിയമഭേദഗതിക്ക് വേണ്ടി പലതവണ വാദങ്ങളുമുയർന്നിട്ടുണ്ട്. പരസ്പരസമ്മതത്തോടെയുള്ള ബന്ധങ്ങളാണെങ്കിൽ പോലും ചെറിയ ആൺകുട്ടികൾ ജയിലിൽ പോകുന്ന സാഹചര്യമുണ്ടാകുന്നു എന്നായിരുന്നു ഒരു വാദം. മാതാപിതാക്കൾക്ക് എതിർപ്പുണ്ടാകുന്ന ബന്ധങ്ങളിൽ ഈ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നു എന്നും വിമർശനങ്ങളുയർന്നിരുന്നു.
English Summary: Romantic relationships among teenagers are considered illegal in Nepal. Such cases fall under rape laws and can attract severe punishment. The new government led by Balendra Shah is now reportedly planning to amend the law. Reports suggest that the government may introduce a “Romeo and Juliet” provision by bringing changes to the rape law. The move is part of broader efforts to reform the country’s criminal laws.