വെറും 'സഹായികള്‍', ഇന്ത്യയിലെ പകുതിയിലധികം വനിതാ കര്‍ഷകര്‍ക്കും പ്രതിഫലമില്ല; കാര്‍ഷിക മേഖലയിലെ ലിംഗവിവേചനം തുറന്നുകാട്ടി റിപ്പോര്‍ട്ട്

കാര്‍ഷിക-ഭക്ഷ്യ സംസ്‌കരണ രംഗത്ത് പുരുഷന്മാര്‍ 100 രൂപ സമ്പാദിക്കുമ്പോള്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്നത് ഏകദേശം 82 രൂപ മാത്രമാണ്.
വെറും 'സഹായികള്‍', ഇന്ത്യയിലെ പകുതിയിലധികം വനിതാ കര്‍ഷകര്‍ക്കും പ്രതിഫലമില്ല; കാര്‍ഷിക മേഖലയിലെ ലിംഗവിവേചനം തുറന്നുകാട്ടി റിപ്പോര്‍ട്ട്
Published on

ഇന്ത്യയില്‍ കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പകുതിയിലധികം സ്ത്രീകളും പ്രതിഫലം ലഭിക്കാത്ത കുടുംബ സഹായികളാണെന്ന് റിപ്പോര്‍ട്ട്. ഈ ലിംഗവിവേചനം മൂലം കാര്‍ഷിക ഉല്‍പ്പാദനത്തില്‍ രാജ്യത്തിന് പ്രതിവര്‍ഷം 1.2 ലക്ഷം കോടി മുതല്‍ 2 ലക്ഷം കോടി രൂപ വരെ നഷ്ടം സംഭവിക്കുന്നതായി ധാന്യ വാണിജ്യ പ്ലാറ്റ്ഫോമായ 'ആര്യ.എജി' പുറത്തുവിട്ട പഠനം വെളിപ്പെടുത്തുന്നു. 'ഹെര്‍ ഹാര്‍വെസ്റ്റ് 2026: ദി ഹിഡന്‍ കോസ്റ്റ് ഓഫ് വിമന്‍സ് ഇന്‍വിസിബിള്‍ വര്‍ക്ക് ഇന്‍ ഇന്ത്യന്‍ അഗ്രികള്‍ച്ചര്‍' എന്ന് പേരിട്ടിരിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം കാര്‍ഷിക മേഖലയിലെ 50.5 ശതമാനം സ്ത്രീകളെയും വേതനമില്ലാത്ത സഹായികളായാണ് കണക്കാക്കപ്പെടുന്നത്. പുരുഷന്മാരില്‍ ഇത് 21.7 ശതമാനം മാത്രമാണ്.

അംഗീകാരമില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും

ഇന്ത്യയില്‍ സ്ത്രീകളുടെ ഏറ്റവും വലിയ തൊഴില്‍ ദാതാവ് ഇപ്പോഴും കാര്‍ഷിക മേഖല തന്നെയാണ്. രാജ്യത്തെ ആകെ ജോലി ചെയ്യുന്ന സ്ത്രീകളില്‍ 64.4% പേരും കൃഷി മേഖലയിലാണ്. കാര്‍ഷികരംഗത്ത് സ്ത്രീകളുടെ സംഭാവനയും ഉല്‍പ്പാദന വിഭവങ്ങളില്‍ അവര്‍ക്കുള്ള നിയന്ത്രണവും തമ്മിലുള്ള വലിയ വിടവാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. ഗ്രാമീണ മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകളില്‍ 76.95 ശതമാനവും കാര്‍ഷിക മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്.

ഈ ലിംഗസമത്വമില്ലായ്മ ഉണ്ടാക്കുന്ന സാമ്പത്തിക നഷ്ടവും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കാര്‍ഷിക-ഭക്ഷ്യ സംസ്‌കരണ രംഗത്ത് പുരുഷന്മാര്‍ 100 രൂപ സമ്പാദിക്കുമ്പോള്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്നത് ഏകദേശം 82 രൂപ മാത്രമാണ്. കൂടാതെ, ഒരേ വലുപ്പത്തിലുള്ള കൃഷിഭൂമിയില്‍ പുരുഷന്മാര്‍ നടത്തുന്ന കൃഷിയെ അപേക്ഷിച്ച് സ്ത്രീകള്‍ നടത്തുന്ന കൃഷിയിടങ്ങളില്‍ 24 ശതമാനം ഉത്പ്പാദനക്കുറവുണ്ട്. കഴിവില്ലായ്മ കൊണ്ടല്ല, മറിച്ച് വായ്പ, വിത്തുകളും വളങ്ങളും മറ്റ് പിന്തുണകള്‍ എന്നിവ സമയത്തിന് ലഭിക്കാത്തതാണ് ഈ ഉല്‍പ്പാദന വ്യത്യാസത്തിന് കാരണമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഔദ്യോഗികമായി കര്‍ഷകരായി അംഗീകരിക്കപ്പെടാത്തതിനാലാണ് ഈ ആനുകൂല്യങ്ങളില്‍ നിന്നും സ്ത്രീകള്‍ പുറംന്തള്ളപ്പെട്ടത്.

വെറും 'സഹായികള്‍', ഇന്ത്യയിലെ പകുതിയിലധികം വനിതാ കര്‍ഷകര്‍ക്കും പ്രതിഫലമില്ല; കാര്‍ഷിക മേഖലയിലെ ലിംഗവിവേചനം തുറന്നുകാട്ടി റിപ്പോര്‍ട്ട്
കുട്ടികളുടെ സുരക്ഷയില്‍ കള്ളം പറഞ്ഞ് സക്കര്‍ബര്‍ഗ്; മെറ്റയ്ക്കെതിരെ യുഎസില്‍ ചരിത്രപരമായ വിചാരണ, 200 ബില്യണ്‍ ഡോളറിന്റെ നിയമ പോരാട്ടം

ഉത്പ്പാദനക്ഷമതയിലെ കുറവ്

ഇന്ത്യയിലെ കാര്‍ഷിക തൊഴില്‍ ശക്തിയുടെ 48% പങ്കും സ്ത്രീകളാണ്. എന്നിരുന്നാലും ഭൂമിയുടെ ഉടമസ്ഥാവകാശത്തില്‍ വലിയ വിവേചനം നിലനില്‍ക്കുന്നു. രാജ്യത്തെ ആകെ കൃഷിഭൂമിയുടെ 11.72% മാത്രമാണ് സ്ത്രീകള്‍ കൈകാര്യം ചെയ്യുന്നത്. പ്രവര്‍ത്തനക്ഷമമായ കൃഷിഭൂമികളുടെ 13.96% മാത്രമാണ് സ്ത്രീകളുടെ പേരില്‍ ഉള്ളത്. ആരാണ് ഔദ്യോഗികമായി 'കര്‍ഷകന്‍' എന്ന് തീരുമാനിക്കുന്നതിലും സാമ്പത്തിക വായ്പകള്‍, കാര്‍ഷിക സേവനങ്ങള്‍, സംഭരണ ആനുകൂല്യങ്ങള്‍ എന്നിവ ലഭിക്കുന്നതിലും ഭൂവുടമസ്ഥത ഒരു നിര്‍ണായക പങ്കുവഹിക്കുന്നു. വിഭവങ്ങള്‍ തുല്യമായി ലഭ്യമാക്കിയാല്‍ സ്ത്രീകളുടെ കൃഷിയിടങ്ങളിലെ വിളവ് 20 മുതല്‍ 30 ശതമാനം വരെ വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും.

ഉത്പ്പാദന ഉപാധികളിലെ തുല്യതയില്ലായ്മ കാര്‍ഷിക ഉല്‍പ്പാദനത്തെ 2.5 മുതല്‍ 4 ശതമാനം വരെ കുറയ്ക്കുന്നുവെന്ന ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ കണക്കിന്റെ അടിസ്ഥാനത്തിലാണ് ഈ നഷ്ടം കണക്കാക്കിയിരിക്കുന്നത്. ആണുങ്ങള്‍ നടത്തുന്ന ഫാമുകളുമായി താരതമ്യം ചെയ്യുമ്പോള്‍ സ്ത്രീകളുടെ ഫാമുകളില്‍ ഉത്പ്പാദനക്ഷമത 24% കുറവാണ്. ഇത് കഴിവിന്റെ കുറവുകൊണ്ടല്ല, മറിച്ച് വിഭവങ്ങളുടെയും വായ്പകളുടെയും ലഭ്യതക്കുറവ് മൂലമാണ്.

പരിഹാര മാര്‍ഗങ്ങള്‍

സ്ത്രീകള്‍ എക്കാലത്തും ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ പ്രധാന ഭാഗമാണെന്നും എന്നാല്‍ അവരുടെ സംഭാവനകള്‍ കൂടുതല്‍ ഉടമസ്ഥാവകാശത്തിലേക്കും വരുമാനത്തിലേക്കും സ്വയംഭരണത്തിലേക്കും മാറേണ്ടതുണ്ടെന്നും ആര്യ.എജി മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ പ്രസന്ന റാവു പറഞ്ഞു. ഭൂമിയുടെ ഉടമസ്ഥാവകാശ രേഖ ആരുടെ പേരിലായാലും കൃഷി ചെയ്യുന്ന സ്ത്രീകളെ 'കര്‍ഷകരായി' തത്വത്തില്‍ അംഗീകരിക്കണമെന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. സംഭരണ സൗകര്യങ്ങള്‍, സാമ്പത്തിക വായ്പകള്‍, കര്‍ഷക ഉല്‍പ്പാദക സംഘടനകള്‍, ആധുനിക സാങ്കേതികവിദ്യ എന്നിവയിലൂടെ ഈ പ്രതിസന്ധി പരിഹരിക്കാമെന്ന് റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു.

Summary

More than half of the women working in India’s agricultural sector are unpaid family helpers, highlighting a major gender gap that could be costing the country between ₹1.2 lakh crore and ₹2 lakh crore in agricultural output every year, according to a study released by grain commerce platform Arya.ag. The report, titled Her Harvest 2026: The Hidden Cost of Women’s Invisible Work in Indian Agriculture, found that 50.5% of women working in agriculture are classified as unpaid helpers, compared with 21.7% of men. Agriculture remains the largest source of employment for women in India, accounting for 64.4% of all working women and 76.95% of employed women in rural areas.

Madism Digital
madismdigital.com