

ഗ്രാമീണ മേഖലകളിൽ, തൊഴിൽ ചെയ്യുന്ന സ്ത്രീകളുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്. കാരണം പക്ഷേ സ്ത്രീസ്വാതന്ത്ര്യം അംഗീകരിക്കപ്പെടുന്നു എന്നതല്ല. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നു എന്ന സാധ്യതയിലേക്കും ഇത് വിരൽ ചൂണ്ടുന്നില്ല. കടുത്ത പട്ടിണി മൂലം ഗ്രാമമേഖലകളിൽ സ്ത്രീകൾ കൂടുതലായി ജോലിക്കിറങ്ങാൻ നിർബന്ധിതരാവുന്നു എന്ന യാഥാർഥ്യമാണത്. അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ ഒക്സ്ഫാം നടത്തിയ പഠനത്തിലാണ് വിവരങ്ങൾ.
പഠന റിപ്പോർട്ട് അനുസരിച്ച്, ഗ്രാമീണ മേഖലയിലെ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്ത നിരക്ക് (Labour force participation rate) 2017-18 ലെ 24.6 ശതമാനത്തിൽ നിന്ന് 2023-24 ൽ 47.6 ശതമാനമായി ഏകദേശം ഇരട്ടിയായി വർധിച്ചു. ലോകത്ത് എവിടെയും ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും വേഗത്തിലുള്ള വർധനവുകളിലൊന്നാണിത്.
പക്ഷേ, സ്ത്രീകൾക്ക് കൂടുതൽ ജോലി ലഭിക്കുന്നതിന് പകരം, കൂടുതൽ സ്ത്രീകൾ "സ്വയം തൊഴിൽ ചെയ്യുന്നവരായി" (self-employed) കണക്കാക്കപ്പെടുകയാണ് ചെയ്തത്. ഒരു കട നടത്തുന്നതു മുതൽ സ്വന്തം കുടുംബത്തിന്റെ കൃഷിയിടത്തിൽ പ്രതിഫലമില്ലാതെ പണിയെടുക്കുന്നത് വരെ ഈ സ്വയം തൊഴിൽ വിഭാഗത്തിൽ ഉൾപ്പെടുന്നു.
സ്വയം തൊഴിൽ ചെയ്യുന്നവരായി തരംതിരിച്ചിരിക്കുന്ന ഗ്രാമീണ സ്ത്രീകളുടെ എണ്ണം 2017-18 ലെ 57 ശതമാനത്തിൽ നിന്ന് 2023-24 ൽ 72.2 ശതമാനമായി ഉയർന്നതായി ഓക്സ്ഫാം പഠനം കണ്ടെത്തി. എന്നാൽ, ഈ സ്ത്രീകളിൽ 59 ശതമാനം പേരും കുടുംബ സംരംഭങ്ങളിൽ വേതനമില്ലാതെ ജോലി ചെയ്യുന്നവരായിരുന്നു.
ഇതേ കാലയളവിൽ ശമ്പളമുള്ള ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന സ്ത്രീകളുടെ പങ്ക് 11 ശതമാനത്തിൽ നിന്ന് 8 ശതമാനമായി കുറഞ്ഞു. താൽക്കാലിക തൊഴിലാളികളുടെ എണ്ണം 32 ശതമാനത്തിൽ നിന്ന് 20 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
മറ്റൊരു രീതിയിൽ പറഞ്ഞാൽ, സ്ത്രീകൾ തൊഴിൽ രംഗത്തേക്ക് വന്നിട്ടുണ്ടെങ്കിലും, കൃത്യമായ വേതനവും കരാറും സുരക്ഷിതത്വവുമുള്ള തൊഴിൽ മേഖലകളിൽ നിന്ന് മാറി പ്രതിഫലമില്ലാത്തതോ സുരക്ഷിതമല്ലാത്തതോ ആയ സ്വന്തം തൊഴിൽ പങ്കാളിത്തങ്ങളിലേക്ക് അവർ തള്ളിവിടപ്പെടുകയാണ് ചെയ്തത്.
നയപരമായ മാറ്റങ്ങൾ എന്തുകൊണ്ടാണ് ആശങ്കയുണ്ടാക്കുന്നത് എന്നും ഓക്സ്ഫാം പഠനം എടുത്തുപറയുന്നുണ്ട്. മുൻപ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന് കീഴിൽ 54 ശതമാനം തൊഴിൽ ദിനങ്ങളും സ്ത്രീകൾക്കായിരുന്നു. എന്നാൽ അതിനുപകരം ഇപ്പോൾ VB-GRAM-G ആക്ട് പ്രാബല്യത്തിൽ വന്നിരിക്കുകയാണ്.
ആവശ്യമനുസരിച്ച് തൊഴിൽ ഉറപ്പുനൽകിയിരുന്ന പഴയ രീതിയിൽ നിന്ന് വ്യത്യസ്തമായി, പുതിയ പദ്ധതി തൊഴിലിനെ പ്രത്യേക സീസണുകളിലേക്ക് മാത്രമായി പരിമിതപ്പെടുത്തുന്നു. വേതനച്ചെലവിന്റെ 40 ശതമാനം സാമ്പത്തിക ഞെരുക്കമുള്ള സംസ്ഥാനങ്ങളുടെ തലയിൽ കെട്ടിവെക്കുകയും ചെയ്യുന്നു. കൂടാതെ, മൊബൈൽ ആപ്പ് വഴി ദിവസം രണ്ടുനേരം ജിയോ-ടാഗ് ചെയ്ത ഫോട്ടോകൾ അപ്ലോഡ് ചെയ്യേണ്ടതും നിർബന്ധമാണ്. ഡിജിറ്റൽ സാങ്കേതികവിദ്യയിലും ഫോണുകളിലും പരിമിതമായ പ്രവേശനവും നൈപുണ്യവുമുള്ള സ്ത്രീകൾക്ക് ഇതൊരു വലിയ തടസ്സമായി മാറുന്നു.
സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തത്തിലുണ്ടായ വർധനവിൽ വലിയൊരു ഭാഗവും സ്വയം തൊഴിൽ, വേതനമില്ലാത്ത കുടുംബ ജോലികൾ, ഗുണനിലവാരം താരതമ്യേന കുറഞ്ഞ കൃഷി-അസംഘടിത ജോലികൾ എന്നിവയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നതെന്നും കൃത്യമായ ശമ്പളമുള്ള തൊഴിലുകൾ കുറഞ്ഞതായും 'ദി വയർ' മുമ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ പ്രവണത സാമ്പത്തിക വളർച്ചയെയോ അവസരങ്ങളെയോ അല്ല സൂചിപ്പിക്കുന്നത്, മറിച്ച് കുടുംബങ്ങളിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം സ്ത്രീകൾ കുറഞ്ഞ വേതനമുള്ളതും ഉപജീവനത്തിന് മാത്രമുള്ളതുമായ ജോലികൾ ചെയ്യാൻ നിർബന്ധിതരാകുന്നതിനെയാണ്.
സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തത്തിൽ മാറ്റം വരുന്നത് എന്തുകൊണ്ടാണെന്നതിലേക്ക് ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്ന പഠനങ്ങൾ നല്ലൊരു വിശദീകരണം നൽകുന്നുണ്ട്. ഉദാഹരണത്തിന്, ഗുജറാത്തിലെ 'പാലൻപൂർ' ഗ്രാമത്തിൽ നടന്ന പഠനത്തിൽ, കുടുംബത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുമ്പോൾ സ്ത്രീകൾ വേതനമുള്ള ജോലികളിൽ നിന്ന് പിന്മാറുന്നുവെന്നും സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ കൂടുതൽ സ്ത്രീകൾ തൊഴിൽ രംഗത്തേക്ക് വരാൻ നിർബന്ധിതരാകുന്നുവെന്നും കണ്ടെത്തി.
തമിഴ്നാട്ടിലെ രണ്ട് ഗ്രാമങ്ങളിൽ നടത്തിയ പുതിയ പഠനവും സമാനമായ നിഗമനത്തിലാണ് എത്തുന്നത്. സാമ്പത്തിക പ്രതിസന്ധിയുള്ള കാലഘട്ടങ്ങളിൽ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം ഉയരുകയും കുടുംബ സാഹചര്യങ്ങൾ മെച്ചപ്പെടുമ്പോൾ അത് താഴുകയും ചെയ്യുന്നു.
A report has found that the number of working women in rural areas is increasing. However, this does not mean that women's freedom is being recognised, nor does it necessarily indicate the creation of more job opportunities. Rather, the reality is that severe hunger is forcing more women in rural areas to enter the workforce. These findings were revealed in a study conducted by international non-governmental organisation Oxfam.