

വടക്കന്‍ ഫ്രാന്‍സില്‍ നിന്ന് ചെറിയ ബോട്ടുകളില്‍ ഇംഗ്ലീഷ് ചാനല്‍ കടന്ന് യുകെയിലേക്ക് എത്തുന്ന ഭൂരിഭാഗം സ്ത്രീകളും അതിദാരുണമായ ലൈംഗിക പീഡനങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും ഇരയാകുന്നുണ്ടെന്ന് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി ഷബാന മഹ്‌മൂദിന്റെ വെളിപ്പെടുത്തല്‍. മനുഷ്യക്കടത്തുകാരായ കുറ്റവാളി സംഘങ്ങളാണ് ഈ യാത്രകള്‍ നിയന്ത്രിക്കുന്നത് എന്ന് ഷബാന പറഞ്ഞു. 'ദ റെസ്റ്റ് ഈസ് പോളിറ്റിക്‌സ്' പോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് ഷബാന മഹ്‌മൂദ് അഭയാര്‍ത്ഥി പ്രശ്‌നത്തെയും രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളെയും കുറിച്ച് വ്യക്തമാക്കിയത്.
'അതിര്‍ത്തി നമ്മുടെ നിയന്ത്രണത്തിലല്ല'
യുകെ അതിര്‍ത്തിയുടെ നിയന്ത്രണം മാഫിയാ സംഘങ്ങളുടെ കയ്യിലാണെന്ന് ഷബാന ആരോപിച്ചു. 'വടക്കന്‍ ഫ്രാന്‍സിലെത്തി ഡിങ്കി ബോട്ടുകളില്‍ കയറാന്‍ തയ്യാറെടുക്കുന്ന ആളുകളെ തരംതിരിക്കുന്നത് മനുഷ്യക്കടത്തുകാരായ കുറ്റവാളി സംഘങ്ങളാണ്. വടക്കന്‍ ഫ്രാന്‍സിലുള്ള മിക്കവാറും എല്ലാ സ്ത്രീകളും യാത്രയിലുടനീളം പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയും. ചില പുരുഷന്മാരും വലിയ രീതിയിലുള്ള അക്രമങ്ങള്‍ക്കും ഭീഷണികള്‍ക്കും ഇരയായിട്ടുണ്ട്', അവര്‍ പറഞ്ഞു. യുകെയില്‍ എത്തി അഭയം നേടാനും ഒടുവില്‍ നമ്മളിലൊരാളായി മാറാനും ഒരാള്‍ക്ക് അര്‍ഹതയുണ്ടോ എന്ന് നിര്‍ണ്ണയിക്കുന്നത് ഇത്തരം കുറ്റവാളി സംഘങ്ങളാകരുത് എന്നും ആഭ്യന്തര സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
തീവ്ര വലതുപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനം
തുറമുഖങ്ങള്‍ ഉപരോധിക്കുകയും അത്തരം നയങ്ങളെ പ്രശംസിക്കുകയും ചെയ്യുന്ന തീവ്ര വലതുപക്ഷ പ്രതിഷേധക്കാര്‍ക്കെതിരെ അവര്‍ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. മുഖംമൂടി ധരിച്ചെത്തുന്ന ഇത്തരം കുഴപ്പക്കാര്‍ക്ക് അധികാരം ലഭിച്ചാല്‍ തന്നെ കൊല്ലാനോ രാജ്യത്ത് നിന്ന് പുറത്താക്കാനോ മടിക്കില്ലെന്ന് അവര്‍ പറഞ്ഞു. 'ഞാന്‍ ഒരു യഥാര്‍ത്ഥ ബ്രിട്ടീഷുകാരിയാണെന്ന് അവര്‍ കരുതുന്നില്ല. ഞാന്‍ ഒരു മുസ്ലീമാണെന്ന വസ്തുതയെ അവര്‍ വെറുക്കുന്നു,' ഷബാന തുറന്നടിച്ചു.
താന്‍ എന്നും പലസ്തീന്‍ അനുകൂല നിലപാടുകള്‍ക്കൊപ്പമാണ് നിലകൊണ്ടിട്ടുള്ളതെന്ന് വ്യക്തമാക്കിയ ഷബാന, 'പലസ്തീന്‍ ആക്ഷന്‍' എന്ന സംഘടനയ്ക്കുമേല്‍ ഏര്‍പ്പെടുത്തിയ നിരോധനത്തെ എതിര്‍ത്ത പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ തനിക്ക് വ്യക്തിപരമായി വലിയ അസ്വസ്ഥതയുണ്ടെന്നും വ്യക്തമാക്കി. ലേബര്‍ പാര്‍ട്ടി സമ്മേളനത്തിനിടെ തിങ്കളാഴ്ചയാണ് മെര്‍സിസൈഡ് പൊലീസ് 82-ഓളം പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തത്. നിരോധിത സംഘടനയെ പിന്തുണയ്ക്കുന്ന ലഘുലേഖകളും വസ്തുക്കളും കൈവശം വെച്ച് എന്ന സംശയത്തിന്റെ പേരിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. തന്റെ വ്യക്തിപരമായ നിലപാടുകള്‍ എന്തുതന്നെയായാലും നിയമം കൃത്യമായി നടപ്പിലാക്കാന്‍ താന്‍ ബാധ്യസ്ഥയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സുരക്ഷിത മാര്‍ഗങ്ങള്‍ അടയ്ക്കരുതെന്ന് റഫ്യൂജി കൗണ്‍സില്‍
അഭയാര്‍ത്ഥി സ്ത്രീകള്‍ നേരിടുന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ചുള്ള ആഭ്യന്തര സെക്രട്ടറിയുടെ തുറന്നുപറച്ചിലിനെ 'റഫ്യൂജി കൗണ്‍സില്‍' ഡയറക്ടര്‍ ഇമ്രാന്‍ ഹുസൈന്‍ സ്വാഗതം ചെയ്തു. എന്നാല്‍, അഭയാര്‍ത്ഥികള്‍ മനുഷ്യക്കടത്തുകാരുടെ കൈകളില്‍ അകപ്പെടുന്നത് ഒഴിവാക്കാന്‍ സഹായിക്കുന്ന സുരക്ഷിതവും നിയമപരവുമായ മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ തടയുന്നതിനെ അദ്ദേഹം വിമര്‍ശിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഏറെ ഉപകാരപ്രദമായിരുന്ന 'ഫാമിലി റീയൂണിയന്‍' പദ്ധതി കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ നിര്‍ത്തലാക്കിയിരുന്നു.
'യുദ്ധത്തില്‍ നിന്നും പീഡനങ്ങളില്‍ നിന്നും ഓടി രക്ഷപ്പെടുന്ന സ്ത്രീകളും പെണ്‍കുട്ടികളും, അവര്‍ ഉപേക്ഷിച്ചുപോന്ന സംഘര്‍ഷ മേഖലകളിലും സുരക്ഷിതത്വം തേടിയുള്ള യാത്രകളിലും ലൈംഗിക അതിക്രമങ്ങള്‍ നേരിടുന്നുണ്ടെന്ന് ഞങ്ങള്‍ക്കറിയാം', അദ്ദേഹം പറഞ്ഞു. 'സ്ത്രീകളെ സംരക്ഷിക്കുക എന്നതിനര്‍ത്ഥം അവര്‍ക്കായി സുരക്ഷിതമായ കൂടുതല്‍ മാര്‍ഗങ്ങള്‍ തുറന്നുനല്‍കുക എന്നതാണ്, അത് അടച്ചുപൂട്ടുകയല്ല', ഇമ്രാന്‍ ഹുസൈന്‍ ഓര്‍മ്മിപ്പിച്ചു.
UK Home Secretary Shabana Mahmood has revealed that a large proportion of women crossing the English Channel from northern France to the UK in small boats are subjected to severe sexual abuse and exploitation during their journeys. She said criminal gangs involved in human trafficking control the crossings and effectively determine who gets access to the dangerous routes.