ജീവിക്കാന്‍ ഇടമില്ലെങ്കില്‍ മുംബൈ വിട്ടുപോകൂ; വെര്‍സോവ കടപ്പുറത്തെ ആ രാത്രികളില്‍ സംഭവിക്കുന്നത് എന്ത്?

രാത്രി ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഫോട്ടോകള്‍ അനുവാദമില്ലാതെ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ ഇടുന്നതിനെതിരെ കടുത്ത അമര്‍ഷത്തിലാണ് ചേരിനിവാസികള്‍
ജീവിക്കാന്‍ ഇടമില്ലെങ്കില്‍ മുംബൈ വിട്ടുപോകൂ; വെര്‍സോവ കടപ്പുറത്തെ ആ രാത്രികളില്‍ സംഭവിക്കുന്നത് എന്ത്?
Published on

രാത്രി പതിനൊന്നു മണി കഴിഞ്ഞിരിക്കുന്നു. മുംബൈയിലെ വെര്‍സോവ കടപ്പുറത്തിന് പിന്നിലെ ഇടുങ്ങിയ ഇടവഴികളില്‍ അവസാനത്തെ റൊട്ടിയും ചുട്ടുതീര്‍ന്നു. പാത്രങ്ങളെല്ലാം കഴുകിവെച്ച്, അടുക്കളയിലെ ചെറിയ ലൈറ്റും അണച്ച് ആ കുടുംബങ്ങള്‍ പുറത്തേക്ക് നടക്കാന്‍ തുടങ്ങുകയാണ് ലക്ഷ്യം വെര്‍സോവ ബീച്ചാണ്.

സ്ലീവ്ലെസ് ബനിയനും ഷോര്‍ട്സുമിട്ട പുരുഷന്മാര്‍, നൈറ്റി ധരിച്ച സ്ത്രീകള്‍, ഉറക്കം തൂങ്ങുന്ന കണ്ണുകള്‍ തിരുമ്മി നടക്കുന്ന കുട്ടികള്‍, അവരുടെ കൈകളില്‍ പഴയ പായകളുണ്ട്, ചിലരുടെ കയ്യില്‍ നേര്‍ത്ത ബെഡ്ഷീറ്റുകളും മുഷിഞ്ഞ തലയണകളും. കടല്‍ക്കാറ്റ് ശരീരത്തില്‍ തട്ടുന്ന, എന്നാല്‍ തിരമാലകള്‍ ഇരച്ചെത്താത്ത മണല്‍പ്പരപ്പില്‍ അവര്‍ ആ പായകള്‍ വിരിക്കും. മുംബൈയുടെ തുറന്ന ആകാശത്തിന് കീഴില്‍ അവര്‍ക്കിനി ഉറങ്ങണം. വെളുപ്പിന് നാലുമണിക്ക് ആകാശത്തൊരു വെളിച്ചം വീഴുന്നത് വരെ മാത്രം നീളുന്ന സ്വസ്ഥമായ ഉറക്കം.

പക്ഷേ, കൊടിയ ചൂടില്‍ നിന്ന് രക്ഷപ്പെടാന്‍ പാവപ്പെട്ട മനുഷ്യര്‍ കണ്ടെത്തിയ ഈ ചെറിയൊരു ആശ്വാസം ഇന്ന് മുംബൈ നഗരത്തില്‍ വലിയൊരു 'വര്‍ഗസമരത്തിന്' (Class War) തിരികൊളുത്തിയിരിക്കുകയാണ്. പൊതുയിടങ്ങള്‍ ആര്‍ക്കൊക്കെ അവകാശപ്പെട്ടതാണ് എന്ന പഴയ ചോദ്യം വീണ്ടും ഉയരുന്നു.

ഞങ്ങള്‍ എന്തോ വിനോദത്തിന് വേണ്ടി ബീച്ചില്‍ വന്ന് കിടക്കുകയാണെന്നാണ് ആളുകളുടെ വിചാരം. ഇതൊരു പിക്‌നിക്കല്ല സാറേ...

ഇടമില്ലെങ്കില്‍ മുംബൈ വിട്ടുപോകൂ...

'നിങ്ങള്‍ക്ക് ജീവിക്കാന്‍ ഇവിടെ സ്ഥലമില്ലെങ്കില്‍ ദയവായി മുംബൈ വിട്ടുപോകൂ...' കഴിഞ്ഞ ആഴ്ച എക്‌സ് (ട്വിറ്റര്‍) പ്ലാറ്റ്ഫോമില്‍ വൈറലായ ഒരു പോസ്റ്റിലെ വരികളാണിത്. കടപ്പുറത്ത് പായവിരിച്ചുറങ്ങുന്ന മനുഷ്യരുടെ ചിത്രങ്ങള്‍ സഹിതമായിരുന്നു പോസ്റ്റ്. പിന്നാലെ ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലുമായി നഗരത്തിലെ സമ്പന്നരായ ഫ്ലാറ്റ് നിവാസികളുടെ വക പോസ്റ്റുകളുടെ ബഹളമായി.

ബീച്ച് കയ്യേറിയിരിക്കുന്നു എന്നും, മുംബൈ നഗരത്തിന്റെ 'ബിഹാറൈസേഷന്‍' (Biharification) ആണ് നടക്കുന്നതെന്നും അവര്‍ ആക്ഷേപിച്ചു. പാവപ്പെട്ടവരെ അവിടുന്ന് ഒഴിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ടാഗ് ചെയ്തവരുമുണ്ട്. 'സാഗര്‍ കുടീറില്‍ നിന്നുള്ള ആളുകള്‍ കൂട്ടത്തോടെ വന്ന് ബീച്ചില്‍ അലഞ്ഞുതിരിയുകയാണ്, സാധാരണക്കാര്‍ക്ക് ബീച്ചിലേക്ക് ഇറങ്ങാന്‍ പറ്റുന്നില്ല- മറ്റൊരാള്‍ കുറിച്ചു.

പക്ഷേ, ഇവര്‍ ഈ ആക്ഷേപിക്കുന്ന 'സാഗര്‍ കുടീര്‍' എന്ന ചേരിയിലെ മനുഷ്യരാണ് യഥാര്‍ത്ഥത്തില്‍ മുംബൈ നഗരത്തിന്റെ ചക്രങ്ങള്‍ ചലിപ്പിക്കുന്നത്. സൗത്ത് ബോംബെയിലെ കോര്‍പ്പറേറ്റ് ഓഫീസുകളിലേക്ക് കൃത്യസമയത്ത് ഉച്ചഭക്ഷണം എത്തിക്കുന്ന 'ഡബ്ബാവാലകള്‍', അതിരാവിലെ നഗരത്തെ നെട്ടോട്ടമോടിക്കുന്ന ഓട്ടോ ഡ്രൈവര്‍മാര്‍, കടല്‍ കാണുന്ന ആഡംബര ഫ്ലാറ്റുകളുടെ തറ വെട്ടിത്തിളങ്ങാന്‍ പാകത്തില്‍ തുടച്ച് വൃത്തിയാക്കുന്ന വീട്ടുജോലിക്കാര്‍... ഇവരെല്ലാം അടങ്ങുന്നതാണ് ആ ഇടുങ്ങിയ ചേരി.

'ഞങ്ങള്‍ എന്തോ വിനോദത്തിന് വേണ്ടി ബീച്ചില്‍ വന്ന് കിടക്കുകയാണെന്നാണ് ആളുകളുടെ വിചാരം. ഇതൊരു പിക്‌നിക്കല്ല സാറേ... ജീവന്‍ നിലനിര്‍ത്താന്‍ കുറച്ചു ശുദ്ധവായു കിട്ടാനുള്ള ഒരേയൊരു വഴിയാണ്. രാത്രിയിലും ഈ ചൂട് ഞങ്ങളെ വിട്ടുപോകുന്നില്ല. ശരീരം മുഴുവന്‍ വിയര്‍ത്തൊലിക്കുമ്പോള്‍ ഒരാള്‍ക്ക് എങ്ങനെ ഉറങ്ങാന്‍ കഴിയും? സ്‌കൂളില്‍ പോകുന്ന എന്റെ കുട്ടികളെ ഞാന്‍ എങ്ങനെയാണ് ആ ചൂളയ്ക്കുള്ളില്‍ കിടത്തി ഉറക്കുക? സാഗര്‍ കുടീര്‍ നിവാസിയും ഓട്ടോ ഡ്രൈവറുമായ സദാശിവ് പാട്ടീലിന്റെ വാക്കുകളില്‍ ഉള്ളത് അമര്‍ഷമല്ല, ഗതികേടാണ്! ചിലര്‍ക്ക് രാവേറുവോളം മുറികളില്‍ ഒന്നിലധികം എസികള്‍ പ്രവര്‍ത്തിപ്പിക്കാം. മറ്റ് ചിലര്‍ക്ക് ഒരു പായയുമായി കടല്‍ത്തീരത്തേക്ക് നടക്കാനേ കഴിയൂ നേരം വെളുക്കുന്നത് വരെയെങ്കിലും ഈ കടല്‍ക്കാറ്റ് നിലച്ചുപോകരുതേ എന്ന പ്രാര്‍ത്ഥനയോടെ.'

150 ചതുരശ്ര അടിയിലെ 'ചൂളകള്‍'

പകല്‍ മുഴുവന്‍ സെവന്‍ ബംഗ്ലാവിലെ എയര്‍കണ്ടീഷന്‍ ചെയ്ത ആഡംബര വീടുകള്‍ അടിച്ചുവാരി വൃത്തിയാക്കുന്ന സുരേഖ ബച്ചേ രാത്രി മടങ്ങിയെത്തുന്നത് സാഗര്‍ കുടീറിലെ തന്റെ 150 ചതുരശ്ര അടി മുറിയിലേക്കാണ്. ആ അടുക്കളയില്‍ ഒരു എക്‌സോസ്റ്റ് ഫാന്‍ പോലുമില്ല. ഫാനിട്ടാല്‍ താഴേക്ക് വരുന്നത് തിളച്ച കാറ്റാണ്. തകരഷീറ്റുകള്‍ മേഞ്ഞ, വായുസഞ്ചാരമില്ലാത്ത ആ മുറികള്‍ വേനല്‍ക്കാലത്ത് ശരിക്കും 'ചൂളകളായി' മാറും.

2011-ലെ സെന്‍സസ് പ്രകാരം 2,414 വീടുകളിലായി പത്തൊന്‍പതിനായിരത്തോളം പേരായിരുന്നു ഈ രണ്ടേക്കര്‍ ചേരിയില്‍ ഉണ്ടായിരുന്നത്. ഇന്നത് മൂവായിരം വീടുകളും ഇരുപതിനായിരത്തിലധികം മനുഷ്യരുമായി വളര്‍ന്നിരിക്കുന്നു.

'പകല്‍ മുഴുവന്‍ മറ്റുള്ളവരുടെ വീടുകളില്‍ ഞങ്ങള്‍ കഷ്ടപ്പെടുകയാണ്. പാത്രം കഴുകി, തുണിയലക്കി, തറ തുടച്ച് വരുമ്പോള്‍ രാത്രിയൊന്ന് നടുനിവര്‍ത്തണം എന്ന് തോന്നും. പക്ഷേ വീടിനുള്ളില്‍ കയറിയാല്‍ ശ്വാസം മുട്ടും. കുട്ടികളും മുതിര്‍ന്നവരും വിയര്‍ത്തു കുളിക്കും. കുഞ്ഞുങ്ങള്‍ കരയാന്‍ തുടങ്ങും. അപ്പോഴാണ് ഞങ്ങള്‍ പായയുമെടുത്ത് കടപ്പുറത്തേക്ക് ഓടുന്നത്,'- സുരേഖയുടെ മകള്‍ വിധിഷി പറയുന്നു.

ഡബ്ബാവാല വിലാസ് ഷിന്‍ഡെ മണലില്‍ വട്ടത്തിലിരിക്കുന്ന സുഹൃത്തുക്കള്‍ക്കിടയിലിരുന്ന് തന്റെ ഫോണ്‍ തുറന്ന് വാട്‌സാപ്പില്‍ വന്ന അദാനി ഇലക്ട്രിസിറ്റിയുടെ ബില്ല് കാണിച്ചു 24,840 രൂപ! കൂട്ടുകാര്‍ ഞെട്ടിത്തരിച്ചുപോയി. ടിവിയോ എസിയോ ഇല്ലാത്ത, പകല്‍ മുഴുവന്‍ ആളൊഴിഞ്ഞു കിടക്കുന്ന വീട്ടിലെ വൈദ്യുതി ബില്ലാണിത്

ബികോം മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് വിധിഷി. ഈ വര്‍ഷം ദുര്‍ബലമായ മണ്‍സൂണും 'എല്‍ നിനോ' പ്രതിഭാസവും കാരണം മഹാരാഷ്ട്ര കടുത്ത ഉഷ്ണതരംഗത്തിലാണ്. ഡല്‍ഹിയിലെന്നപോലെ മുംബൈയിലും രാത്രികള്‍ പകലുകളേക്കാള്‍ ഭയാനകമായി മാറുന്നു. സൂര്യാസ്തമയത്തിന് ശേഷവും കോണ്‍ക്രീറ്റ് കെട്ടിടങ്ങളും തകരപ്പുരകളും ചൂട് പുറത്തുവിടാതെ ഉള്ളില്‍ തടഞ്ഞുനിര്‍ത്തുകയാണ്.

കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റുള്ള 26-കാരനായ ബബ്ലു മണ്ഡല്‍ ചൂണ്ടിക്കാണിക്കുന്നത് മറ്റൊരു പാരിസ്ഥിതിക യാഥാര്‍ത്ഥ്യമാണ്. വെര്‍സോവ-ഭയന്ദര്‍ കോസ്റ്റല്‍ റോഡ് പദ്ധതിക്കായി ബീച്ചിനോട് ചേര്‍ന്നുള്ള കണ്ടല്‍ക്കാടുകള്‍ വ്യാപകമായി വെട്ടിനശിപ്പിച്ചു. 'ആ കാണുന്ന തടികള്‍ അവര്‍ വെട്ടിയിട്ട കണ്ടല്‍മരങ്ങളുടേതാണ്. മുമ്പ് ആ മരങ്ങളാണ് ഞങ്ങള്‍ക്ക് ചെറിയൊരു തണുപ്പും തണലും തന്നിരുന്നത്. കടല്‍വെള്ളം ചേരിയിലേക്ക് ഇരച്ചുകയറാതെ തടഞ്ഞുനിര്‍ത്തിയതും അവയായിരുന്നു. ഇപ്പോള്‍ വികസനം വന്നപ്പോള്‍ ഞങ്ങള്‍ക്ക് ബാക്കിയായത് വിയര്‍പ്പും ഈര്‍പ്പവും മാത്രമാണ്- ബബ്ലു പറയുന്നു. ബബ്ലുവിന്റെ പിതാവ് 1980-കളില്‍ ബിഹാറില്‍ നിന്ന് മുംബൈയിലെത്തിയ ഒരു ഓട്ടോ ഡ്രൈവറാണ്.

പകല്‍ ഡബ്ബാവാല, രാത്രി കടപ്പുറത്തെ 'അഭയാര്‍ത്ഥി'

46-കാരനായ മൗലി മോഹന്‍ പകല്‍ വെളുത്ത കുപ്പായവും ഗാന്ധിത്തൊപ്പിയുമിട്ട ഡബ്ബാവാലയാണ്. രാത്രിയില്‍ അയാള്‍ മണല്‍പുരണ്ട മഞ്ഞ ടീഷര്‍ട്ടിട്ട് കടപ്പുറത്തെ പ്ലാസ്റ്റിക് പായയില്‍ ഇരിക്കുന്നു. മാസം 20,000 രൂപ സമ്പാദിക്കുന്ന മൗലിയുടെ വീട്ടിലുള്ളത് ഒരേയൊരു ഫാന്‍ മാത്രമാണ്.'രാവിലെ ദാദറില്‍ ടിഫിന്‍ ബോക്‌സുകള്‍ വാങ്ങാന്‍ വീട്ടുവാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍ ഞാന്‍ ആ ലിവിങ് റൂമുകളിലേക്ക് നോക്കാറുണ്ട്. എ സി ഓണായിരിക്കും, സീലിങ് ഫാന്‍ ഫുള്‍ സ്പീഡിലുണ്ടാകും. നല്ല കാറ്റ് കിട്ടുന്ന വലിയ ബാല്‍ക്കണികള്‍ കാണാം. എനിക്കവരോട് അസൂയയില്ല, പക്ഷേ അതല്ല ഞങ്ങളുടെ ജീവിതം- മൗലി പറയുന്നു.

തങ്ങളുടെ നിസ്സഹായതയെ 'കയ്യേറ്റമായി' ചിത്രീകരിച്ച് ഫോട്ടോയെടുക്കുന്നതിലൂടെയുള്ള കടുത്ത അമര്‍ഷം അയാളുടെ വാക്കുകളിലുണ്ട്. 'ഇതാരും ആഗ്രഹിച്ച് ചെയ്യുന്നതല്ല സാറേ. വീട്ടില്‍ കിടന്നുറങ്ങാന്‍ തന്നെയാണ് ഞങ്ങള്‍ക്കും ഇഷ്ടം. പക്ഷേ അവിടെ കിടന്നാല്‍ വേവിച്ചെടുക്കുന്നതുപോലെയാണ്. പാതിരാത്രി വന്ന് കിടന്നിട്ട്, രാവിലെ ആളുകള്‍ പ്രഭാതസവാരിക്ക് ഇറങ്ങുന്നതിന് മുന്‍പ് ഞങ്ങള്‍ ഈ പായയും ചുരുട്ടി വീട്ടിലേക്ക് പോകാറുണ്ട്.'

പുലര്‍ച്ചെ നാലരയാകുമ്പോള്‍ വെര്‍സോവ കടപ്പുറത്ത് നിന്ന് പായകള്‍ മടക്കപ്പെടും. കാരണം, എ സി മുറികളില്‍ സുഖമായി ഉറങ്ങുന്ന തങ്ങളുടെ തൊഴിലുടമകള്‍ കണ്ണ് തുറക്കുമ്പോഴേക്കും അവര്‍ക്ക് ചൂടുള്ള ചായയും പ്രഭാതഭക്ഷണവുമായി ഈ മനുഷ്യര്‍ അവിടെയെത്തണം

ഇരുട്ടടിയാകുന്ന അദാനി ബില്ലുകള്‍

വെര്‍സോവ കടപ്പുറത്തെ ഈ രാത്രികള്‍ വെറുമൊരു ഉറക്കം മാത്രമല്ല; അത് ഈ മനുഷ്യരുടെ ഒത്തുചേരല്‍ കൂടിയാണ്. പുണെയില്‍ നിന്ന് രണ്ട് പതിറ്റാണ്ട് മുന്‍പ് മുംബൈയിലെത്തിയ ഡബ്ബാവാല വിലാസ് ഷിന്‍ഡെ മണലില്‍ വട്ടത്തിലിരിക്കുന്ന സുഹൃത്തുക്കള്‍ക്കിടയിലിരുന്ന് തന്റെ ഫോണ്‍ തുറന്ന് വാട്‌സാപ്പില്‍ വന്ന അദാനി ഇലക്ട്രിസിറ്റിയുടെ ബില്ല് കാണിച്ചു 24,840 രൂപ!

കൂട്ടുകാര്‍ ഞെട്ടിത്തരിച്ചുപോയി. ടിവിയോ എസിയോ ഇല്ലാത്ത, പകല്‍ മുഴുവന്‍ ആളൊഴിഞ്ഞു കിടക്കുന്ന വീട്ടിലെ വൈദ്യുതി ബില്ലാണിത്. മറ്റൊരു ടിഫിന്‍ വിതരണക്കാരനായ സന്തോഷ് ഷിവേക്കറുടെ ഫോണില്‍ വന്ന ബില്ല് 8,000 രൂപയായിരുന്നു. 'വീട്ടില്‍ ആരുമില്ല, എന്നിട്ടും എങ്ങനെയാണ് ഇത്രയും വലിയ ബില്ല് വരുന്നത്? സന്തോഷ് ചോദിക്കുന്നു. അടുത്തയാഴ്ച അന്ധേരിയിലെ അദാനി കസ്റ്റമര്‍ കെയര്‍ സെന്ററില്‍ പോയി ഒരുമിച്ച് പരാതിപ്പെടാന്‍ ഉറപ്പിച്ചാണ് ആ സുഹൃത്തുക്കള്‍ സംസാരം നിര്‍ത്തിയത്. അപ്പോഴേക്കും പായകളുമായി അവരുടെ ഭാര്യമാരും മക്കളും തീരത്തേക്ക് എത്തിക്കഴിഞ്ഞിരുന്നു.

പാവപ്പെട്ടവന് സ്വകാര്യതയില്ലേ?

ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി ഫേമില്‍ ജോലി ചെയ്യുന്ന 30-കാരനായ സാഗര്‍ താക്കൂര്‍ പറയുന്നത് സാഗര്‍ കുടീറിലെ കാലപ്പഴക്കം ചെന്ന വൈദ്യുതി ലൈനുകളെക്കുറിച്ചാണ്. കയ്യില്‍ കുറച്ചു കാശുണ്ടെങ്കില്‍ പോലും ഒരു എ സി വാങ്ങി വെക്കാന്‍ ആ ലൈനുകള്‍ക്ക് ശേഷിയില്ല. കുറച്ചുനാള്‍ മുന്‍പ് സമീപത്തെ മീറ്റര്‍ ബോക്‌സ് കത്തി നാലുദിവസം ചേരിയില്‍ പൂര്‍ണ്ണമായി കറന്റ് പോയപ്പോള്‍ ആ മൂവായിരം കുടുംബങ്ങളും രാത്രി വെര്‍സോവ കടപ്പുറത്താണ് കിടന്നുറങ്ങിയത്.

രാത്രി ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഫോട്ടോകള്‍ അനുവാദമില്ലാതെ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ ഇടുന്നതിനെതിരെ കടുത്ത അമര്‍ഷത്തിലാണ് ചേരിനിവാസികള്‍.

'വലിയ അപ്പാര്‍ട്ട്‌മെന്റുകളില്‍ ജീവിക്കുന്നവരുടെ ഫോട്ടോകള്‍ പാതിരാത്രിയില്‍ ആരെങ്കിലും വന്ന് എടുത്താല്‍ അവര്‍ സമ്മതിക്കുമോ? പാവപ്പെട്ടവനും ഒരു സ്വകാര്യതയുണ്ട്. ഞങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് പോരാഞ്ഞിട്ടാണോ രാത്രി ക്യാമറയും തൂക്കി ആളുകള്‍ ഞങ്ങളെ അപമാനിക്കാന്‍ വരുന്നത്?' സാഗര്‍ ചോദിക്കുന്നു.

പുലര്‍ച്ചെ നാലരയാകുമ്പോള്‍ വെര്‍സോവ കടപ്പുറത്ത് നിന്ന് പായകള്‍ മടക്കപ്പെടും. കാരണം, എ സി മുറികളില്‍ സുഖമായി ഉറങ്ങുന്ന തങ്ങളുടെ തൊഴിലുടമകള്‍ കണ്ണ് തുറക്കുമ്പോഴേക്കും അവര്‍ക്ക് ചൂടുള്ള ചായയും പ്രഭാതഭക്ഷണവുമായി ഈ മനുഷ്യര്‍ അവിടെയെത്തണം. അഞ്ച് മിനിറ്റ് വൈകിയാല്‍ അന്നത്തെ ശമ്പളം പോകും. അതുകൊണ്ടുതന്നെ വെര്‍സോവ കടപ്പുറത്തേക്കുള്ള ഈ രാത്രിനടത്തം ഒരു സായന്തന വിനോദമല്ല. അടുത്ത പകല്‍ മുംബൈ നഗരത്തെ സുഗമമായി ഓടിക്കാന്‍ വേണ്ടി, സ്വന്തം ശരീരത്തെ ഒന്ന് തണുപ്പിച്ചെടുക്കാനുള്ള പാവപ്പെട്ടവന്റെ നെട്ടോട്ടമാണ്. അവര്‍ ആ മണലില്‍ ഉപേക്ഷിച്ചുപോകുന്ന വിയര്‍പ്പിന്റെ ഗന്ധത്തിന് മുംബൈയിലെ ആഡംബര ഫ്‌ലാറ്റുകളിലെ എയര്‍ ഫ്രഷ്‌നറുകളേക്കാള്‍ വിലയുണ്ട്.

Summary

Driven from their stifling homes by Mumbai's oppressive summer heat, Versova beach has transformed into a makeshift bedroom for the city's working poor. Who are these midnight residents of the beach? They are the domestic workers and laborers of the city. By day, they toil inside Mumbai’s luxurious, air-conditioned high-rises, cleaning and maintaining spaces of comfort that they themselves cannot afford.

By night, the relentless heat drives them out of their cramped, unventilated slum dwellings to seek refuge on the shore. It is a quiet but profound portrait of a class war: those who spend their days polishing the air-conditioned towers of the affluent are left at the mercy of the elements, relying on the ocean's breeze for just a few hours of sleep.

Madism Digital
madismdigital.com