കത്തുകൾ കാത്ത് ഇന്നത്തെ തലമുറ; ഡിജിറ്റൽ യുഗത്തിലെ 'സ്നെയിൽ മെയിൽ' ട്രെൻഡ്

സ്വന്തം വിലാസത്തിലേക്ക് മനോഹരമായി അലങ്കരിച്ച, കൈപ്പടയിലെഴുതിയ കത്തുകൾ വരുന്നത് കാത്തിരിക്കുകയാണ് നമ്മുടെ ജെൻ സി.
കത്തുകൾ കാത്ത് ഇന്നത്തെ തലമുറ; ഡിജിറ്റൽ യുഗത്തിലെ 'സ്നെയിൽ മെയിൽ' ട്രെൻഡ്
Published on

പോസ്റ്റ്മാൻ സൈക്കിൾ ബെല്ലടിക്കുമ്പോൾ ഓടിച്ചെല്ലുന്ന ആ പഴയ കാലം പലർക്കും ഇന്നൊരു മധുരമുള്ള ഓർമകളാണ്. ഒരു കത്തോ, മണി ഓ‍ർഡറോ, അതോ പോസ്റ്റ് കാർഡോ എന്നറിയാനായുള്ള ആ കാത്തിരിപ്പും ആകാംക്ഷയുമെല്ലാം ആ കാലഘട്ടത്തിൽ ജീവിച്ചവർക്ക് മാത്രം അറിയാവുന്ന ഒരു വികാരമാണ്. എന്നാൽ ഇന്ന് കോളിങ് ബെൽ മുഴങ്ങുന്നതിന് മുൻപ് തന്നെ ഫോണിലെ ആപ്പുകൾ വഴി ആരാണ് വരുന്നതെന്നും എന്തിനാണെന്നും നമുക്കറിയാം. ആമസോണും സ്വിഗ്ഗിയും ബ്ലിങ്കിറ്റും നൽകുന്ന ഇൻസ്റ്റന്റ് ഡെലിവറികളുടെ ലോകത്ത് കൗതുകങ്ങൾക്ക് വലിയ സ്ഥാനമില്ല.

എന്നാൽ ഈ ഡിജിറ്റൽ യുഗത്തിലും, വാട്ട്സ്ആപ്പിനും ജിമെയിലിനും പകരം പഴയൊരു ശീലത്തിലേക്ക് മടങ്ങുകയാണ് ഇന്നത്തെ യുവതലമുറ. സ്വന്തം വിലാസത്തിലേക്ക് മനോഹരമായി അലങ്കരിച്ച, കൈപ്പടയിലെഴുതിയ കത്തുകൾ വരുന്നത് കാത്തിരിക്കുകയാണ് നമ്മുടെ ജെൻ സി. കത്തുകൾക്കായുള്ള ഈ കാത്തിരിപ്പ് വീണ്ടും സജീവമാക്കുന്നത് ഡിജിറ്റൽ സ്ക്രീനുകൾക്ക് അപ്പുറം, തങ്ങളുടേതായ ചെറിയ കൂട്ടായ്മകൾ കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ് ഇന്നത്തെ തലമുറ. പാശ്ചാത്യ രാജ്യങ്ങളിൽ ഇത്തരം സ്നെയിൽ മെയിൽ ക്ലബ്ബുകൾ ഏറെക്കാലമായി സജീവമാണെങ്കിലും, ഇന്ത്യയിൽ അത് ഇപ്പോഴാണ് വലിയൊരു ട്രെൻഡായി മാറുന്നത്. സത്യത്തിൽ 'സ്നെയിൽ മെയിൽ' എന്ന പദം നമുക്ക് അത്ര പുതിയതൊന്നുമല്ല. ഒച്ചിന്റെ വേഗതയിൽ സഞ്ചരിക്കുന്ന നമ്മുടെ പരമ്പരാഗത തപാൽ സംവിധാനങ്ങളെ തമാശരൂപേണ പരിഹസിച്ചുകൊണ്ട് പണ്ടുമുതലേ ഉപയോഗിച്ചിരുന്ന ഒരു പ്രയോഗം മാത്രമായിരുന്നു അത്. എന്നാൽ ഇന്ന് ആ പഴയ വാക്കിൽ നിന്ന് പുതിയൊരു ആശയവിനിമയ സംസ്കാരം തന്നെ ഇവിടെ രൂപപ്പെടുകയാണ്.

വാട്ട്സ്ആപ്പ് മെസ്സേജുകൾക്ക് പകരം, നേരിട്ട് വായിക്കാനും തൊട്ടറിയാനും കഴിയുന്ന മനോഹരമായ കത്തുകൾ കൈമാറുന്നതാണ് ഇപ്പോൾ പുതിയ തലമുറയുടെ ട്രെൻഡ്. സുന്ദരമായ കാലിഗ്രാഫിയും ക്രാഫ്റ്റുകളും ഇഷ്ടപ്പെടുന്ന കലാകാരന്മാരാണ് ഈ സ്നെയിൽ മെയിൽ ക്ലബ്ബുകൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. ചെറിയൊരു തുക നൽകിയാൽ, മനോഹരമായി എഴുതിയ കത്തുകൾക്കൊപ്പം പഴയ സ്റ്റാമ്പുകൾ, പോസ്റ്റ് കാർഡുകൾ, സ്റ്റിക്കറുകൾ, ഉണക്കിയ പൂക്കൾ എന്നിവയെല്ലാം അടങ്ങിയ ഒരു കവർ എല്ലാ മാസവും നിങ്ങൾക്ക് ലഭിക്കും. ഇൻസ്റ്റാഗ്രാമിലും പിന്റെറസ്റ്റിലും ഇത് വലിയൊരു തരംഗമായി മാറിയിട്ടുണ്ട്. വെറുമൊരു മെസ്സേജ് അയക്കുന്നതിന് പകരം, ഇതൊരു രസകരമായ വിനോദമായാണ് പുതിയ തലമുറ കാണുന്നത്.

എപ്പോഴും ഫോണും കമ്പ്യൂട്ടറും ഉപയോ​ഗിച്ചുള്ള വിരസത മാറ്റാനാണ് ആളുകൾ പുതിയ ഈ ശീലത്തിലേക്ക് വരുന്നത്. വിദേശ രാജ്യങ്ങൾക്ക് പിന്നാലെ ഇപ്പോൾ ഇന്ത്യയിലും ഇതിന് വലിയ പ്രചാരമുണ്ട്. ഒരു മാസത്തിന് 300 മുതൽ 500 രൂപ വരെയാണ് ഇതിനായി നൽകേണ്ടത്. യാത്രകൾ, സാഹിത്യം, തമാശകൾ, നല്ല ചിന്തകൾ തുടങ്ങി പല വിഷയങ്ങളിലുള്ള കത്തുകളാണ് ഓരോ മാസവും ലഭിക്കുക. ഓരോ മാസവും വരുന്ന കവറിനുള്ളിൽ എന്തായിരിക്കും എന്നറിയാനുള്ള സസ്പെൻസും കാത്തിരിപ്പുമാണ് ഇതിലെ പ്രധാന ആകർഷണം.

പഴയ തലമുറയ്ക്ക് കത്തുകൾ എന്നത് ഒരു ഗൃഹാതുരമായ ഓർമ്മയാണെങ്കിൽ, ജെൻ സിക്ക് ഇതൊരു തികച്ചും പുതിയ അനുഭവമാണ്. വാട്ട്സ്ആപ്പിനോ ഇ-മെയിലിനോ പകരമാവാനല്ല ഇത് ശ്രമിക്കുന്നത്. മൊബൈൽ ഫോണിന്റെയും കമ്പ്യൂട്ടറുകളുടെയും തിരക്കുകളിൽ നിന്നൊന്ന് മാറി സ്വസ്ഥമായിരിക്കാനും, കലകളെ ആസ്വദിക്കാനുമാണിത്. ഫോണിൽ മെസ്സേജുകൾ വന്നുമാഞ്ഞുപോകുന്ന ഈ കാലത്തും, സ്വന്തം പേരെഴുതിയ ഒരു കത്ത് നേരിട്ട് കയ്യിൽ കിട്ടുമ്പോഴുള്ള സന്തോഷം പുതിയ തലമുറയിലൂടെ വീണ്ടും തിരിച്ചുവരികയാണ്.

Summary

Gen Z in India is embracing the new 'snail mail' trend, opting for paid monthly subscriptions to receive beautifully crafted, handwritten letters and aesthetic stationery. In an era of instant messaging and digital burnout, these snail mail clubs offer young people a refreshing, analog experience and the nostalgic joy of receiving physical mail delivered to their doorsteps.

Madism Digital
madismdigital.com