

ടൂറിസത്തിന് പുതിയ അർത്ഥ തലങ്ങളാണ് കാലം പുരോഗമിക്കുന്തോറും മാറി മറിയുന്നത്. സ്പോർട്സ് ടൂറിസം, ഡിറ്റോക്സ് ടൂറിസം, ആസ്ട്രോ ടൂറിസം, വോളണ്ടിയർ ടൂറിസം, കലിനറി/ഫുഡ് ടൂറിസം തുടങ്ങി ഒട്ടേറെ ടൂറിസം രീതികളാണ് നിലവിലുള്ളത്. ഇപ്പോഴിതാ ഒന്ന് ഉറങ്ങാൻ വേണ്ടിമാത്രം ആളുകൾ ലക്ഷങ്ങൾ മുടക്കി യാത്ര പോകുന്ന പുതിയ ട്രെൻഡാണ് സ്ലീപ്പ് ടൂറിസം. ജോലിസമ്മർദ്ദം, സ്മാർട്ട്ഫോൺ ഉപയോഗം, അനിയന്ത്രിതമായ ജീവിതശൈലി എന്നിവ കാരണം ലോകമെമ്പാടും ഉറക്കക്കുറവും ഇൻസോമ്നിയയും വർധിച്ചതോടെയാണ് ഈ യാത്രാരീതി ജനപ്രിയമായത്.
സാധാരണ റിസോർട്ടുകളെപ്പോലെ കാഴ്ചകൾ കാണിക്കുകയല്ല, മറിച്ച് അതിഥികൾക്ക് മികച്ച ഉറക്കം ഉറപ്പാക്കാനാണ് ഇത്തരം റിസോർട്ടുകളുടെ പ്രധാന ലക്ഷ്യം. ഇതിനായി സൗണ്ട് പ്രൂഫ് മുറികൾ, ബ്ലാക്ക്-ഔട്ട് കർട്ടനുകൾ, ശരീരത്തിന് അനുയോജ്യമായ മെത്തകളും തലയിണകളും, ഉറക്കത്തിന് സഹായിക്കുന്ന അരോമാതെറാപ്പി, ധ്യാനം, യോഗ, ശ്വസന പരിശീലനം, ഡിജിറ്റൽ ഡിറ്റോക്സ് എന്നിവ ഒരുക്കാറുണ്ട്.
ചില ആഡംബര റിസോർട്ടുകളിൽ സ്ലീപ്പ് സ്പെഷ്യലിസ്റ്റുകൾ, സൈക്കോളജിസ്റ്റുകൾ, ഡയറ്റീഷ്യൻമാർ എന്നിവരുടെ സേവനവും ലഭ്യമാണ്. അതിഥിയുടെ ഉറക്കശീലങ്ങൾ വിലയിരുത്തി വ്യക്തിഗത സ്ലീപ്പ് പ്ലാൻ, കഫെയ്ൻ നിയന്ത്രിച്ച ഭക്ഷണക്രമം, മെലറ്റോണിൻ ഉൽപ്പാദനത്തെ സഹായിക്കുന്ന ഭക്ഷണങ്ങൾ എന്നിവ നിർദേശിക്കും. ചിലയിടങ്ങളിൽ സ്മാർട്ട് ഉപകരണങ്ങൾ ഉപയോഗിച്ച് ഉറക്കത്തിന്റെ ഗുണനിലവാരം നിരീക്ഷിച്ച് റിപ്പോർട്ടും നൽകാറുണ്ട്.
അമേരിക്ക, ബ്രിട്ടൻ, ജപ്പാൻ, സ്വിറ്റ്സർലൻഡ്, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിലെ നിരവധി ആഡംബര ഹോട്ടലുകളും വെൽനെസ് റിസോർട്ടുകളും ഇപ്പോൾ സ്ലീപ്പ് ടൂറിസം പാക്കേജുകൾ അവതരിപ്പിക്കുന്നുണ്ട്. രണ്ട് മുതൽ ഏഴ് ദിവസം വരെ നീളുന്ന ഈ പാക്കേജുകൾക്ക് ആയിരക്കണക്കിന് ഡോളർ വരെ ചെലവാകാം.
ആരോഗ്യകരമായ ഉറക്കം ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും, ഗുരുതരമായ ഇൻസോമ്നിയയോ മറ്റ് ഉറക്കരോഗങ്ങളോ ഉള്ളവർ ഇത്തരം യാത്രകളെ മാത്രം ആശ്രയിക്കാതെ ഡോക്ടറുടെ ചികിത്സയും തേടണമെന്ന് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നുണ്ട്.
As travel trends evolve, sleep tourism has emerged as a fast-growing wellness experience, with people spending thousands simply to improve their sleep. Rising stress, excessive smartphone use, and insomnia have fueled its popularity. Sleep-focused resorts offer soundproof rooms, blackout curtains, aromatherapy, meditation, yoga, digital detox programs, and personalized sleep plans designed by specialists. Luxury hotels in countries such as the US, UK, Japan, Switzerland, and Thailand now offer these packages, though experts stress they cannot replace medical treatment for serious sleep disorders.