45 ഡിഗ്രീ സെൽഷ്യസ് പൊള്ളുന്ന ചൂടിൽ പരീക്ഷ എഴുതുന്ന ഒരു വിദ്യാർഥിയെ സങ്കൽപ്പിച്ചുനോക്കൂ. ചോദ്യപേപ്പറിന് മുന്നിലിരിക്കുമ്പോൾ അവരെ അലട്ടുന്നത് പരീക്ഷ നന്നായെഴുതാൻ കഴിയുമോ എന്ന പേടിയോ, കുടുംബത്തിന്റെ പ്രതീക്ഷയോ മാത്രമല്ല, മറിച്ച് കടുത്ത ചൂട് സൃഷ്ടിക്കുന്ന മാനസികവും ശാരീരികവുമായ അതിസമ്മർദ്ദം കൂടിയാണ്. ഇത്തരം സാഹചര്യങ്ങളെ വെറുമൊരു ഉത്കണ്ഠ മാത്രമായി കണ്ട് അവഗണിക്കാൻ പറ്റുമോ? ഇല്ല എന്നാണ് ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നത്.
കാലാവസ്ഥാ വ്യതിയാനവും സുരക്ഷിതമല്ലാത്ത ചുറ്റുപാടുകളും മുതൽ ഡിജിറ്റൽ ലോകത്തെ പ്രതിസന്ധികൾ വരെ നീളുന്ന കാരണങ്ങളെ പരിഗണിക്കാതെ യുവാക്കളുടെ മാനസികാരോഗ്യത്തെ പൂർണ്ണമായി സംരക്ഷിക്കാനാകില്ലെന്ന് ഈ റിപ്പോർട്ട് അടിവരയിടുന്നു.
ഐക്യരാഷ്ട്രസഭ പുറത്തിറക്കിയ അനിശ്ചിതത്വങ്ങൾ നിറഞ്ഞ ലോകത്ത് യുവാക്കളുടെ മാനസികാരോഗ്യവും ക്ഷേമവും: നടപടിക്കായുള്ള ആഗോള ആഹ്വാനം എന്ന പുതിയ റിപ്പോർട്ടാണ് മാനസികാരോഗ്യത്തെ കേവലം വ്യക്തിഗത രോഗാവസ്ഥയായി കാണുന്ന പരമ്പരാഗത രീതി തിരുത്താൻ ആവശ്യപ്പെടുന്നത്.
ചികിത്സാമുറികൾക്കപ്പുറത്തെ യാഥാർത്ഥ്യങ്ങൾ
യുവജന മാനസികാരോഗ്യ-ക്ഷേമ ആവാസവ്യവസ്ഥാ മാതൃക എന്ന ആശയമാണ് ഐക്യരാഷ്ട്രസഭ മുന്നോട്ടുവെക്കുന്നത്. ഒരു വ്യക്തിയുടെ മാനസികാരോഗ്യം രൂപപ്പെടുന്നത് കേവലം ചികിത്സാമുറിക്കുള്ളിലെ കൗൺസിലിങ് കൊണ്ടല്ല. വീട്, കുടുംബം, സൗഹൃദം, കാലാവസ്ഥ, സംഘർഷങ്ങൾ, ഡിജിറ്റൽ ഇടങ്ങൾ എന്നിവയെല്ലാം ഇതിൽ നിർണായക പങ്കുവഹിക്കുന്നുണ്ട്.
"വ്യവസ്ഥാപരമായ കാരണങ്ങളാൽ ഉണ്ടാകുന്ന ഒരു പ്രശ്നത്തെ കേവലം രോഗാവസ്ഥയായി മാത്രം കാണുന്നത് ഗുണകരമല്ല. താപനിലയിലുണ്ടാകുന്ന വർധനവ് പരീക്ഷയിലെ മികച്ച പ്രകടനത്തെ ബാധിക്കുകയും വിദ്യാർഥികളിൽ സമ്മർദ്ദം മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നുണ്ട്," മുംബൈയിലെ യുണൈറ്റഡ് ഫോർ ഗ്ലോബൽ മെന്റൽ ഹെൽത്തിലെ പോളിസി ആൻഡ് അഡ്വക്കസി സീനിയർ ഓഫീസർ ആസ്ഥ സേഥി ചൂണ്ടിക്കാട്ടുന്നു. സുരക്ഷ, പാർപ്പിടം, ഭക്ഷണം എന്നിവയുമായി ബന്ധപ്പെട്ട വെല്ലുവിളികൾ യുവജനങ്ങൾ നേരിടുന്നുണ്ടോ എന്ന് ചോദിക്കാൻ നമ്മൾ പലപ്പോഴും മറന്നുപോകുന്നുവെന്ന് NYU സിൽവർ സ്കൂൾ ഓഫ് സോഷ്യൽ വർക്കിലെ ഡോ. മൈക്കൽ എ ലിൻഡ്‌സി പറയുന്നു. സാമ്പത്തിക ഭദ്രതയോ സുരക്ഷിതമായ ഭാവിയോ ഇല്ലാത്ത ഒരു യുവാവിന് മാനസിക പ്രയാസം അനുഭവപ്പെടുന്നത് തികച്ചും സ്വാഭാവികമാണ്.
ആശങ്കയുണർത്തുന്ന ഇന്ത്യൻ കണക്കുകൾ
ഇന്ത്യയിലെ കൗമാരക്കാരുടെ മാനസികാരോഗ്യം സംബന്ധിച്ച കണക്കുകൾ ഈ റിപ്പോർട്ടിന്റെ ഗൗരവം വർധിപ്പിക്കുന്നു. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ സഹകരണത്തോടെ നിംഹാൻസ് നടത്തിയ സർവേ പ്രകാരം, 13നും 17നും ഇടയിൽ പ്രായമുള്ള കൗമാരക്കാരിൽ 7.3ശതമാനം പേർക്കും മാനസികാരോഗ്യ പ്രശ്നങ്ങളുണ്ട്. അതായത്, ഏകദേശം 98 ലക്ഷം ഇന്ത്യൻ കൗമാരക്കാർക്ക് സജീവമായ ഇടപെടൽ ആവശ്യമാണ്. ഗ്രാമപ്രദേശങ്ങളിൽ ഇത് 6.9% ആയിരിക്കുമ്പോൾ നഗരങ്ങളിൽ 13.5% ആയി ഉയർന്ന നിരക്കിലാണുള്ളത്. മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരിൽ 80 ശതമാനത്തോളം പേർക്കും യാതൊരുവിധ ചികിത്സയോ പരിചരണമോ ലഭിച്ചിട്ടില്ലെന്നതും ഗൗരവകരമാണ്.
ബോർഡ് പരീക്ഷകൾ, പ്രവേശന പരീക്ഷകൾ, തൊഴിലില്ലായ്മ, കടുത്ത ചൂടിലെ തൊഴിൽ സാഹചര്യങ്ങൾ എന്നിവയാണ് ഇന്ത്യയിലെ യുവാക്കൾ നേരിടുന്ന പ്രധാന വെല്ലുവിളികൾ. 'PLOS ഗ്ലോബൽ പബ്ലിക് ഹെൽത്ത്' പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, ആഗോളതലത്തിൽ നടക്കുന്ന നാല് ആത്മഹത്യകളിൽ ഒന്ന് ഇന്ത്യയിലാണ് സംഭവിക്കുന്നത്. ഇതിൽ തന്നെ 44 ശതമാനവും 15-നും 29-നും ഇടയിൽ പ്രായമുള്ളവരാണെന്നത് വിശാലമായ സാമൂഹിക സമ്മർദ്ദങ്ങളെ അഭിസംബോധന ചെയ്യേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നു.
പ്രതിരോധം തീർക്കാൻ സാമൂഹിക വാക്സിനുകൾ
ഒരു പ്രതിസന്ധി രൂപപ്പെടുന്നതിന് മുൻപുതന്നെ മാനസികാരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്ന അനുകൂല സാഹചര്യങ്ങളെ പ്രൊഫസർ രമേഷ് രാഘവൻ സാമൂഹിക വാക്സിനുകൾ എന്നാണ് വിശേഷിപ്പിക്കുന്നത്. ഇന്ത്യയിലെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതി ഇതിനൊരു മികച്ച ഉദാഹരണമാണ്. വിശപ്പകറ്റുക എന്നതിനപ്പുറം, കുടുംബങ്ങളുടെ സാമ്പത്തിക സമ്മർദ്ദം കുറയ്ക്കാനും കുട്ടികളെ സുരക്ഷിതമായ അന്തരീക്ഷത്തിൽ നിലനിർത്താനും ഈ പദ്ധതി സഹായിക്കുന്നു. സുരക്ഷിതമായ സ്കൂളുകൾ, മാന്യമായ തൊഴിൽ, സ്ഥിരമായ പാർപ്പിടം, കായികാധ്വാനം, സുരക്ഷിതമായ ഡിജിറ്റൽ ഇടങ്ങൾ എന്നിവയെല്ലാം ഇത്തരം സാമൂഹിക വാക്സിനുകളായി വർത്തിക്കുന്നു.
വിഘടിതമായ നടപടികൾക്കപ്പുറം കടന്ന്, എല്ലാ മേഖലകളിലെ നയങ്ങളിലും മാനസികാരോഗ്യത്തെ ഉൾപ്പെടുത്താൻ സർക്കാരുകൾ തയ്യാറാകണമെന്നാണ് വിദഗ്ധർ ആവശ്യപ്പെടുന്നത്.
A new UN report emphasizes that youth mental health cannot be treated as an isolated medical issue. Environmental and socio-economic factors like extreme heat, exam pressure, unemployment, and unsafe living conditions heavily impact well-being. Advocating for an "ecosystem approach," the report suggests that mental health policies must integrate "social vaccines"—such as secure housing, safe digital spaces, and welfare schemes like India's mid-day meals—to prevent crises before they start, rather than relying solely on clinical interventions.