

ഈ വേനൽക്കാലത്ത് ലോകമെമ്പാടും തരംഗമായി മാറിക്കൊണ്ടിരിക്കുന്ന ഒരു ജീവിതശൈലിയാണ് 'ഫ്രഞ്ച് സൺഡേ'. ചുട്ടുപൊള്ളുന്ന വെയിലിൽ പുറത്തിറങ്ങാതെ, വീടിനുള്ളിൽ തന്നെ പൂർണ്ണമായ വിശ്രമം ആസ്വദിക്കുക എന്നതാണ് ഇതിന്റെ കാതൽ. വെറുതെയിരിക്കുന്നത് മടിയാണെന്ന് കരുതുന്നവർക്ക് മുന്നിൽ, അതൊരു കലയാണെന്ന് തെളിയിക്കുകയാണ് ഈ ഫ്രഞ്ച് രീതി. അലാറം ക്ലോക്കുകൾ ഓഫാക്കി, മുൻകൂട്ടി നിശ്ചയിച്ച തിരക്കേറിയ പരിപാടികളെല്ലാം മാറ്റിവെച്ച്, ശരീരവും മനസും ആവശ്യപ്പെടുന്ന രീതിയിൽ മാത്രം സമയത്തെ ക്രമീകരിക്കുന്ന ഒരു സാംസ്കാരിക മാറ്റമാണിത്
ഒരു 'ഫ്രഞ്ച് സൺഡേ' എന്നാൽ പ്രത്യേകിച് ഒരു പ്ലാനുകളില്ലാത്ത ഒന്നാണ്. തണുത്തുപോകുന്നത് വരെ സാവധാനം കുടിക്കുന്ന ഒരു കപ്പ് കാപ്പി, ലക്ഷ്യസ്ഥാനങ്ങളില്ലാത്ത നടത്തം, പ്രഭാതഭക്ഷണത്തിനും വൈകുന്നേരത്തെ ചായയ്ക്കും ഇടയിലുള്ള നീളമേറിയ ഉച്ചഭക്ഷണം എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്. ഫോണുകൾ 'ഡു നോട്ട് ഡിസ്റ്റർബ്' മോഡിലേക്ക് മാറ്റുകയോ പൂർണ്ണമായി ഓഫാക്കുകയോ ചെയ്യുന്നതിലൂടെ ഡിജിറ്റൽ ലോകത്ത് നിന്നും നിങ്ങൾക്ക് മോചനം ലഭിക്കുന്നു. നമ്മുടെ മാതാപിതാക്കളുടെ കാഴ്ചപ്പാടിൽ ഇതൊരു മൂഡ് ഓഫ് പരുപാടിയായിട്ട് തോന്നാമെങ്കിലും, ഇന്നത്തെ കാലത്ത് മാനസികാരോഗ്യം നിലനിർത്താൻ ഇത്തരം ചെറിയ ഇടവേളകൾ അനിവാര്യമാണ്
ജോലിഭാരം മൂലമുണ്ടാകുന്ന മാനസിക സമ്മർദ്ദവും തളർച്ചയും കുറയ്ക്കാൻ ഇത്തരത്തിലുള്ള വിശ്രമങ്ങൾ സഹായിക്കുമെന്ന് വിദഗ്ധർ സൂചിപ്പിക്കുന്നു. ജോലിയെപ്പോലെ തന്നെ പ്രധാനമാണ് വിശ്രമമെന്നും, വ്യായാമം, ഹോബികൾ, പ്രിയപ്പെട്ടവരോടൊപ്പം ചെലവഴിക്കുന്ന സമയം എന്നിവ ജീവിത സംതൃപ്തി വർദ്ധിപ്പിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. വിട്ടുമാറാത്ത തലവേദന, ഉറക്കമില്ലായ്മ, ദേഷ്യം, അമിതമായ തളർച്ച എന്നിവയെല്ലാം കഠിനമായ ജോലി സമ്മർദ്ദത്തിന്റെ ലക്ഷണങ്ങളാണ്. ഇത്തരം സാഹചര്യങ്ങളിൽ തലച്ചോറിലെ ഡോപാമൈൻ അളവ് കുറയുകയും ജീവിതത്തോടുള്ള താൽപ്പര്യം നഷ്ടപ്പെടുകയും ചെയ്യുന്നു. ഇത് പരിഹരിക്കാൻ 'ഫ്രഞ്ച് സൺഡേ' പോലുള്ള രീതികൾ മികച്ച പോംവഴിയാണ്
മാനസികമായി ഒന്ന് തളരുമ്പോൾ അല്പനേരം വെറുതെയിരിക്കുന്നത് വഴി മനസ്സിനെ റിലാക്സ് ആക്കാൻ ഈ വഴി സഹായിക്കും. ഓരോ വ്യക്തിയും തങ്ങളുടെ പരിധികൾ തിരിച്ചറിയണമെന്നും ഉറക്കം, ഏകാഗ്രത, ക്ഷമ എന്നിവ ശ്രദ്ധിക്കണമെന്നും ഓർഗനൈസേഷണൽ സൈക്കോളജിസ്റ്റുകൾ നിർദ്ദേശിക്കുന്നു. കരിയറിൽ മികച്ച വിജയം നേടുന്നവർ പോലും ഇടവേളകളിൽ ബോധപൂർവ്വം വിശ്രമിക്കുന്നവരാണ്. ഇത്തരത്തിൽ കൃത്യമായ ഇടവേളകളിൽ ഊർജ്ജം വീണ്ടെടുക്കുന്നത് ആരോഗ്യവും മികച്ച പ്രവർത്തനക്ഷമതയും നിലനിർത്താൻ സഹായിക്കും
English Summary: ‘French Sunday’ is a rising lifestyle trend that encourages people to slow down, unplug from digital distractions, and embrace rest without guilt. Focused on mental well-being, it promotes simple pleasures like long meals, relaxed routines, and mindful downtime