

വിഭവസമൃദ്ധമായ അത്താഴം ഒരുക്കി വെച്ച തീൻമേശയ്ക്ക് മുന്നിൽ പട്ടിണി ഇരിക്കുന്നത് പോലെയാണ് മലയാളികൾ രതിയെ കാണുന്നതെന്ന് ടി ഡി രാമകൃഷ്ണൻ. ഏഷ്യയിലെ ആദ്യത്തെ ഇ-ലിറ്ററേച്ചർ ഫെസ്റ്റിവലായ, മാഡിസം ഡിജിറ്റൽ ഇ-ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ (MDLF) ഒന്നാം പതിപ്പിന്റെ ഉദ്ഘാടന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹവും, മതങ്ങളും, മറ്റ് പല സദാചാര ബോധങ്ങളും രതി മോശമായിട്ടാണ് ചിത്രീകരിക്കുന്നതെന്നും, ഇത്തരം ചിന്താഗതികളിൽ മാറ്റങ്ങൾ വരേണ്ട സമയം അതിക്രമിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജീവിതത്തിലെ ഏറ്റവും വിശുദ്ധവും, പവിത്രവുമായ കാര്യമായാണ് താൻ രതിയെ കാണുന്നതെന്നും, രതി ഇല്ലാത്ത ഒരു മനുഷ്യനെ കുറിച്ച് ചിന്തിക്കാനാവുമോ? എന്നും അദ്ദേഹം ചോദിച്ചു. 'വിഭവസമൃദ്ധമായ അത്താഴം ഒരുക്കി വെച്ച തീൻമേശയ്ക്ക് മുന്നിൽ പട്ടിണി ഇരിക്കുന്ന ജനതയാണ് മലയാളികൾ' എന്ന് താൻ വർഷങ്ങൾക്ക് മുൻപ് ഇന്ത്യ ടുഡേ മാസികയിൽ എഴുതിയിരുന്നു എന്നും അദ്ദേഹം ഓർത്തെടുത്തു.
മനുഷ്യന് ആനന്ദം നൽകേണ്ട രതിയെ നിയന്ത്രിക്കുമ്പോൾ, അത് സമൂഹത്തിൽ പല തരം വയലൻസുകൾക്കും കാരണമാകുന്നു എന്നും, ഇന്ന് സമൂഹത്തിൽ കാണുന്ന വയലൻസിന്റെ നല്ലൊരു ശതമാനവും ഈ നിയന്ത്രണത്തിൽ നിന്നുണ്ടാകുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രണയിക്കുന്ന മനുഷ്യരെ അടിച്ചോടിക്കാൻ ചില സേനയുടെ ആളുകൾ ഇറങ്ങാറുണ്ട്, അവർ രതി ഒരു പാപമാണ് എന്ന് വരുത്തി തീർക്കാനാണ് ശ്രമിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.
നിർഭാഗ്യവശാൽ നമ്മുടെ സമൂഹവും, മതങ്ങളും, മറ്റ് പല സദാചാരബോധങ്ങളും, രതിയെ മോശം കാര്യമായിട്ടാണ് വ്യാഖ്യാനിക്കുന്നത്. രതി ആസ്വദിക്കാത്ത സമൂഹമായി മനുഷ്യൻ മാറി കഴിഞ്ഞു. ഫ്രാൻസിസ് ഇട്ടിക്കോരയിൽ ഇത്തരം വിലയിരുത്തലുകളെ മറികടക്കാനുള്ള ശ്രമങ്ങളുണ്ട്. നമ്മുടെ നാട്ടിലെ ചെറുപ്പക്കാരും ചെറുപ്പക്കാരികളും രതിയെ വളരെ പോസിറ്റീവായി വേണം മനസിലാക്കാൻ. ഉത്തരവാദിത്വത്തോടെയുള്ള രതി വളരെ അനിവാര്യമാണ്, ടി ഡി വ്യക്തമാക്കി.
വൈവിധ്യമാർന്ന സംവാദങ്ങളും, ബുക്ക് ടോക്കുകളും, ചർച്ചകളും അടക്കം, 40-ഓളം സെഷനുകളാണ് MDLF-നു വേണ്ടി മാഡിസം ഡിജിറ്റൽ അണിയറയിൽ ഒരുക്കിയിരിക്കുന്നത്. ഇന്ന് മുതൽ, മാർച്ച് ഒന്ന് വരെ നാല് ദിവസങ്ങളിലായാണ് MDLF നടക്കുക. മാഡിസം ഡിജിറ്റലിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളായ, യൂറ്റ്യൂബ് ചാനൽ, ഫേസ്ബുക്ക് എന്നിവ വഴി ലൈവ് ആയും, വീഡിയോ ആയും സെഷനുകൾ പ്രസിദ്ധീകരിക്കും. സാഹിത്യം, ശാസ്ത്രം, കല തുടങ്ങി വിവിധ മേഖലകളിലെ, നിരവധി പ്രമുഖർ വേദി അലങ്കരിക്കും.
English Summary: At the inaugural session of the Madisun Digital Literature Festival (MDLF), writer T. D. Ramakrishnan said society continues to treat human desire as a sin. He criticised cultural forces that distort intimacy and influence public perceptions of women and celebrities. Ramakrishnan added that Malayalis “starve before a feast of intimacy,” calling for a healthier and more honest understanding of desire.