ആലപ്പുഴ കരുവാറ്റയിൽ ശിവൻകുട്ടി എന്ന വയോധികനെ കൊലപ്പെടുത്തിയ കേസിൽ 13 വയസ്സുള്ള കൊച്ചുമകൾ ഉൾപ്പെടെ പ്രായപൂർത്തിയാകാത്ത നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിലെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച്, ഐഫോണും ബൈക്കും വാങ്ങാനായിരുന്നു ഇവർ ഈ ക്രൂരകൃത്യം നടത്തിയത്. കൊലപാതകം നടത്തുന്നതിന്റെ ദൃശ്യങ്ങൾ പ്രതികൾ വീഡിയോ കോളിലൂടെ പെൺകുട്ടിക്ക് കാണിച്ചു കൊടുത്തതായും പൊലീസ് പറയുന്നു.
ഞായറാഴ്ച രാത്രിയായിരുന്നു കൊലപാതകം. ശിവൻകുട്ടിയും ഭാര്യയും മകളും ചെറുമകളുമാണ് വീട്ടിൽ താമസിച്ചിരുന്നത്. ശിവൻകുട്ടിയുടെ മകൾ ശ്രീകലയെ പ്രസവത്തിനായി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇവർക്ക് കൂട്ടിരിക്കാനായി ശിവൻകുട്ടിയുടെ ഭാര്യയും ആശുപത്രിയിലായിരുന്നു. ശിവൻകുട്ടിയും കൊച്ചുമകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
കൊലപാതകം നടക്കുമ്പോൾ പെൺകുട്ടി വീട്ടിലുണ്ടായിരുന്നില്ല. ശനിയാഴ്ച ഉച്ചവരെ കൊച്ചുമകൾ വീട്ടിലുണ്ടായിരുന്നുവെങ്കിലും പിന്നീട് കൂട്ടുകാരിയുടെ വീട്ടിലേക്ക് പോയി. കിടക്കവിരികളും മറ്റും ഉപയോഗിച്ച് കയ്യും കാലും പിന്നിലേക്ക് വലിച്ചുകെട്ടിയ നിലയിലായിരുന്നു മൃതദേഹം. ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. തെളിവ് നശിപ്പിക്കാനായി അക്രമികൾ സംഭവസ്ഥലത്ത് മുളകുപൊടി വിതറിയിരുന്നു. വീട്ടിൽ നിന്ന് ആറ് പവൻ സ്വർണം നഷ്ടപ്പെട്ടിട്ടുണ്ട്.
രാത്രി സ്ഥലത്തെത്തിയ പ്രതികൾ ശൗചാലയത്തിന്റെ വെന്റിലേഷൻ വഴിയാണ് വീട്ടിനുള്ളിൽ കയറിയത്. അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ഒരു പ്രൊഫഷണല്‍ കൊലപാതകിയല്ല ഇതിന് പിന്നിലെന്ന് പൊലീസ് ഉറപ്പിച്ചിരുന്നു. വീട്ടിനുള്ളില്‍ ഒരാളുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന സംശയം നിലനില്‍ക്കേയാണ് എട്ടാം ക്ലാസുകാരിയാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് മനസിലാക്കിയത്. ഫോൺ രേഖകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. കൊലപാതകം നടത്തുന്നതിന്റെ ദൃശ്യങ്ങൾ പ്രതികൾ വീഡിയോ കോളിലൂടെ കൊച്ചുമകൾക്ക് തത്സമയം കാണിച്ചുകൊടുത്തതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ഞായറാഴ്ച രാവിലെ പരീക്ഷയുണ്ടെന്ന് പറഞ്ഞ് ബന്ധുവീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടിയാണ് വീട് തുറക്കാൻ കഴിയുന്നില്ലെന്ന വിവരവുമായി അയൽവാസികളെ സമീപിച്ചത്. തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിൽ അടുക്കളവാതിൽ തുറന്നുകിടക്കുന്നതായി കാണുകയും, ഡൈനിങ് ഹാളിൽ ശിവൻകുട്ടിയുടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. തുടക്കത്തിൽ കൊച്ചുമകളെ ആരും സംശയിച്ചിരുന്നില്ല. എന്നാൽ, മുത്തച്ഛൻ മരിച്ചു കിടക്കുന്നത് കണ്ടിട്ടും യാതൊരു ഭാവവ്യത്യാസവും ഇല്ലാത്തതും, തുടർന്ന് പരീക്ഷ എഴുതാൻ പോകണമെന്ന് ആവശ്യപ്പെട്ടതുമാണ് പെൺകുട്ടിയുടെ പെരുമാറ്റത്തിൽ പൊലീസിന് സംശയം തോന്നിപ്പിച്ചത്. തുടർന്ന് വനിതാ പൊലീസിന്റെ സാന്നിധ്യത്തിൽ നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് നാടിനെ നടുക്കിയ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
ഈ കുട്ടികൾക്ക് മറ്റാരുടേയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷിച്ചു വരികയാണ്. പ്രതികളെല്ലാം പ്രായപൂർത്തിയാകാത്തവരായതിനാൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസ് കൈകാര്യം ചെയ്യുന്നത്. വാടക വീടിനടുത്ത് പുതിയ വീട് പണിയുന്ന തൊഴിലാളികൾക്കും മറ്റും ശനിയാഴ്ച വൈകുന്നേരം വരെ ശിവൻകുട്ടി ചായ നൽകിയിരുന്നതായി വിവരമുണ്ട്.
In a shocking crime that has stunned Kerala, a 67-year-old man named Sivankutty was brutally murdered in Karuvatta, Alappuzha, by a group of four minors, including his own 13-year-old granddaughter. The police report that the 13-year-old orchestrated the killing to steal gold from her home so she could buy an iPhone, while her three 16-year-old accomplices from Paravur wanted to buy a motorcycle.