

ബെംഗളൂരുവിൽ 13കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ അയൽവാസിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. യെലഹങ്ക വിനായക നഗർ സ്വദേശിയായ ഭാസ്കർ റെഡ്ഡിയാണ് അറസ്റ്റിലായത്. സംഭവത്തിന് ദൃക്‌സാക്ഷിയായ പ്രായപൂർത്തിയാകാത്ത കൂട്ടുപ്രതി ഓടി രക്ഷപ്പെട്ടു. ഇയാൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
ഗൗരി ഗണേശ ആഘോഷത്തിന് പടക്കം വാങ്ങിനൽകാമെന്ന് പറഞ്ഞാണ് ഭാസ്കർ റെഡ്ഡി അയൽവാസിയായ പ്രജ്വലിനെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസ് പറയുന്നത്. പ്രജ്വലിന്റെ കുടുംബത്തിൽ നിന്ന് പണം തട്ടിയെടുക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്നാണ് അന്വേഷണത്തിലെ പ്രാഥമിക നിഗമനം. പ്രജ്വലിനെ കാറിൽ കയറ്റിക്കൊണ്ടുപോകുന്നതിനിടെ ഭാസ്കർ തന്റെ പ്രായപൂർത്തിയാകാത്ത സുഹൃത്തിനെയും ഒപ്പം കൂട്ടിയിരുന്നു. വാഹനമോടിക്കാൻ താൽപര്യമുള്ള പ്രജ്വലിന് കാറോടിക്കാൻ അവസരം നൽകാമെന്നും ഇരുവരും കുട്ടിയോട് പറഞ്ഞിരുന്നു.
തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ ഭാസ്കർ കാർ നിർത്തി പ്രജ്വലിന്റെ പിതാവ് മനോഹറിനെ ഫോണിൽ വിളിച്ച് പണം ആവശ്യപ്പെട്ടു. പ്രജ്വലുമായി വീഡിയോ കോളിൽ സംസാരിക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടതായി പൊലീസ് പറഞ്ഞു. എന്നാൽ ഇത് എതിർത്തതോടെ കുട്ടിയെ കാറിൽ നിന്ന് പുറത്തേക്ക് വലിച്ചിറക്കി കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവം കണ്ട് ഭയന്ന പ്രായപൂർത്തിയാകാത്ത കൂട്ടുപ്രതി സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. ഇതിനിടെ പ്രജ്വലിന്റെ പിതാവ് ഭാസ്കറിന്റെ പിതാവിനെ വിവരമറിയിക്കുകയും തുടർന്ന് പൊലീസിനെ സമീപിക്കുകയും ചെയ്തു.
പൊലീസ് അന്വേഷണം ആരംഭിച്ചതോടെ പരിഭ്രാന്തനായ ഭാസ്കർ മൃതദേഹം കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ച് ആന്ധ്രാപ്രദേശിലേക്ക് കടക്കാൻ ശ്രമിച്ചെന്നാണ് വിവരം. യാത്രയ്ക്കിടെ കാർ പലതവണ അപകടത്തിൽപ്പെട്ടതായും റിപ്പോർട്ടുണ്ട്. ഭാസ്കറിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ നാട്ടുകാർ കാർ തടഞ്ഞുനിർത്തി പൊലീസിനെ വിവരമറിയിച്ചു.
പൊലീസ് നടത്തിയ പരിശോധനയിലാണ് കാറിന്റെ ഡിക്കിയിൽ നിന്ന് പ്രജ്വലിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ഭാസ്കർ റെഡ്ഡിയെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ ഓടി രക്ഷപ്പെട്ട 17കാരനായ കൂട്ടുപ്രതിക്കായി ചിക്കജാല പൊലീസ് അന്വേഷണം തുടരുകയാണ്. കൊലപാതകത്തിന്റെ മറ്റ് സാഹചര്യങ്ങളും തട്ടിക്കൊണ്ടുപോകലിന് പിന്നിലെ സാമ്പത്തിക ഇടപാടുകളും പൊലീസ് പരിശോധിച്ചുവരികയാണ്.
Bengaluru police have arrested neighbour Bhaskar Reddy in connection with the kidnapping and murder of 13-year-old Prajwal. He allegedly lured the boy from his home by promising to buy him firecrackers for the Gowri Ganesha celebrations. After demanding money from the boy’s father, he allegedly took Prajwal to an isolated location and killed him by hitting him on the head with a stone. He then hid the body in the car’s boot and attempted to flee to Andhra Pradesh, but was intercepted by locals.