

ഡല്‍ഹി സര്‍വ്വകലാശാല പ്രൊഫസറുടെ കൊലപാതകക്കേസ് വെറും മൂന്ന് ദിവസത്തിനുള്ളില്‍ ചുരുളഴിച്ചുകൊണ്ട് പശ്ചിമ ബംഗാളില്‍ നിന്നുള്ള ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്ന് കൊലപാതകം നടത്തുന്നതിനായി പ്രതികള്‍ ബംഗാളില്‍ നിന്ന് ഏകദേശം 1,400 കിലോമീറ്ററോളം സഞ്ചരിച്ചാണ് ഡല്‍ഹിയിലെത്തിയത്. കിഴക്കന്‍ ഡല്‍ഹിയിലെ വസുന്ധര എന്‍ക്ലേവിലുള്ള സത്യം അപ്പാര്‍ട്ട്മെന്റിലെ ഫ്‌ളാറ്റില്‍ ബുധനാഴ്ചയാണ് ശിവാജി കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ ദേബോസ്മിത പോളിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
പൊലീസ് നടത്തിയ വ്യാപകമായ റെയ്ഡുകള്‍ക്കൊടുവില്‍ ബംഗാളിലെ ബര്‍ധമാനില്‍ നിന്നാണ് പ്രതികളായ രാംപ്രസാദ് ദാസ്, ബന്‍ശ്രീ ദാസ് എന്നിവരെ അറസ്റ്റ് ചെയ്തത്. ഇവരുടെ പ്രായപൂര്‍ത്തിയാകാത്ത മകനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ദാസ് ദമ്പതികളെ പ്രാദേശിക കോടതിയില്‍ ഹാജരാക്കിയ ശേഷം, തുടരന്വേഷണത്തിനായി ഡല്‍ഹിയിലേക്ക് കൊണ്ടുപോകാന്‍ ട്രാന്‍സിറ്റ് റിമാന്‍ഡ് ആവശ്യപ്പെടുമെന്നും ഡല്‍ഹി പൊലീസ് കൂട്ടിച്ചേര്‍ത്തു.
കൊലപാതകം നടന്നത് ഇങ്ങനെ
പ്രതികള്‍ ബര്‍ധമാന്‍ സ്വദേശികളാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇരയെ കാണാനെന്ന വ്യാജേനയാണ് ഇവര്‍ ഡല്‍ഹിയിലെത്തിയത്. വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷത്തിന് ശേഷം 2022-ല്‍ ദേബോസ്മിത ഭര്‍ത്താവുമായി വേര്‍പിരിഞ്ഞിരുന്നു. ഭര്‍ത്താവ് ബെംഗളൂരുവിലായതിനാല്‍ ഇവര്‍ ഫ്‌ളാറ്റില്‍ ഒറ്റയ്ക്കായിരുന്നു താമസം. ബുധനാഴ്ച പ്രതികള്‍ മാസ്‌ക് ധരിച്ച് ഇവരുടെ ഫ്‌ളാറ്റ് സന്ദര്‍ശിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഏതാനും ബാഗുകളുമായി സ്വകാര്യ കാറില്‍ എത്തിയ ഇവര്‍ ലിഫ്റ്റ് ഒഴിവാക്കി പടികള്‍ വഴിയാണ് ആറാം നിലയിലെത്തിയത്. സംശയം തോന്നാതിരിക്കാനാണ് ഇവര്‍ പ്രായപൂര്‍ത്തിയാകാത്ത മകനെയും കൂടെക്കൂട്ടിയത്.
ഫ്‌ളാറ്റിലേക്ക് സൗഹൃദപൂര്‍വ്വം പ്രവേശിച്ച പ്രതികള്‍ തങ്ങള്‍ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് ദേബോസ്മിതയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊലപാതകത്തിന് ശേഷം വസ്ത്രം മാറി ഏകദേശം 30 മിനിറ്റിനുള്ളില്‍ പ്രതികള്‍ തിരിച്ചിറങ്ങുകയും താഴെ കാത്തുനിന്ന കാറില്‍ തന്നെ രക്ഷപ്പെടുകയും ചെയ്തു. ക്യാബ് ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് യാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിച്ചതാണ് പ്രതികളെ തിരിച്ചറിയാന്‍ സഹായിച്ചത്.
ബുധനാഴ്ച ഈ ഹൗസിംഗ് കോംപ്ലക്‌സ് സന്ദര്‍ശിച്ച 200 ഓളം ആളുകളില്‍ നിന്ന് സംശയാസ്പദമായ 13 പേരെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തി ചോദ്യം ചെയ്തു. കൂടാതെ ഏഴ് പൊലീസ് സംഘങ്ങള്‍ നാല് സംസ്ഥാനങ്ങളിലായി റെയ്ഡ് നടത്തുകയും നൂറുകണക്കിന് ആളുകളെ ചോദ്യം ചെയ്യുകയും ചെയ്തു. ഇതാണ് കേസ് തെളിയിക്കാന്‍ സഹായകമായത്. ഒടുവില്‍ ബര്‍ധമാനില്‍ വെച്ച് അറസ്റ്റിലായ കൊലയാളികളെ ചോദ്യം ചെയ്തുവരികയാണ്.
കൊലപാതകത്തിന്റെ കാരണം
ദേബോസ്മിതയ്ക്ക് പശ്ചിമ ബംഗാളില്‍ പാരമ്പര്യമായി ലഭിച്ച കോടികള്‍ വിലമതിക്കുന്ന സ്വത്തുണ്ടായിരുന്നു. പ്രതികള്‍ ഈ വീട്ടിലെ വാടകക്കാരായിരുന്നു. ഈ സ്വത്ത് കൈക്കലാക്കാന്‍ ഇവര്‍ ശ്രമിച്ചുവരികയായിരുന്നു. എന്നാല്‍ വീട് ഒഴിഞ്ഞുതരണമെന്ന് ദേബോസ്മിത ഇവരോട് കര്‍ശനമായി ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് സ്വത്ത് തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെ ദമ്പതികള്‍ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
മൃതദേഹം കണ്ടെത്തിയത് സഹോദരി
ദേബോസ്മിതയെ മരിച്ച നിലയില്‍ കണ്ടെത്തിയ വിവരം വ്യാഴാഴ്ചയാണ് സഹോദരി ദേവരാതി പൊലീസിനെ അറിയിച്ചത്. ഫ്‌ളാറ്റ് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സഹോദരിയെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതായതിനെത്തുടര്‍ന്ന് ദേവരാതി വീട് ബലമായി തുറന്ന് അകത്തു പ്രവേശിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ നിലയിലും കൈത്തണ്ടയിലെ ഞരമ്പുകള്‍ മുറിച്ച നിലയിലുമാണ് ദേബോസ്മിതയെ കണ്ടെത്തിയത്. വീട്ടിലെ ആഭരണങ്ങളും പണവും നഷ്ടപ്പെടാത്തതിനാല്‍ ഇതൊരു കവര്‍ച്ചാ ശ്രമമല്ലെന്ന് പൊലീസ് സ്ഥിരീകരിക്കുകയും കൊലപാതകക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയുമായിരുന്നു.
English Summary: Delhi Police have arrested a couple from West Bengal for the murder of Delhi University assistant professor Debosmita Paul. Investigators said the accused travelled nearly 1,400 kilometres from Bardhaman to Delhi and allegedly carried out the murder over a dispute involving ancestral property worth crores of rupees. The couple, along with their minor son, reportedly visited the professor's apartment under the pretext of meeting her before killing her and fleeing the scene.