

കരമന കൂടത്തിൽ തറവാട്ടിലെ ജയമാധവൻ നായരുടെ കൊലപാതകത്തിന് പിന്നിൽ കോടിക്കണക്കിന് രൂപയുടെ സ്വത്ത് കൈക്കലാക്കാനുള്ള ഗൂഢലക്ഷ്യമായിരുന്നുവെന്ന് ജില്ലാ ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. തറവാട്ടിലെ അവസാന അംഗമായ ജയമാധവൻ നായർ രണ്ടാം വിവാഹത്തിന് താൽപര്യം പ്രകടിപ്പിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
ജയമാധവൻ നായർ ജീവിച്ചിരിക്കെ തന്നെ തറവാട്ടിലെ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ വ്യാജ വിൽപത്രത്തിന്റെ സഹായത്തോടെ കാര്യസ്ഥനായ രവീന്ദ്രൻ നായരും ചില ബന്ധുക്കളും സ്വന്തം പേരിലേക്ക് മാറ്റിയെടുത്തെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. ജയമാധവൻ നായർ വീണ്ടും വിവാഹം കഴിച്ച് കുടുംബജീവിതം ആരംഭിച്ചാൽ വിൽപത്രത്തിലെ ക്രമക്കേടുകൾ പുറത്തുവരുമെന്നും സ്വത്തുക്കൾ നഷ്ടപ്പെടുമെന്നും രവീന്ദ്രൻ നായർ ഭയപ്പെട്ടിരുന്നതായാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
ഈ സാഹചര്യത്തിലാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് ക്രൈംബ്രാഞ്ച് സംശയിക്കുന്നത്. 2017 ഏപ്രിൽ രണ്ടിനാണ് തടിക്കഷ്ണം ഉപയോഗിച്ച് തലയ്ക്കടിച്ച് ജയമാധവൻ നായരെ കൊലപ്പെടുത്തിയത്. കേസിൽ സ്വത്ത് തട്ടിയെടുക്കാനുള്ള ശ്രമങ്ങളും വിവാഹവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളും അന്വേഷണത്തിലെ പ്രധാന ഘടകങ്ങളായി മാറിയിട്ടുണ്ട്.
അതേസമയം, ജയമാധവൻ നായരുടെ മരണത്തിൽ മാത്രം ഒതുങ്ങുന്നതല്ല കൂടത്തിൽ തറവാട്ടിലെ ദുരൂഹതകൾ. 1991 മുതൽ 2017 വരെയുള്ള കാലയളവിൽ തറവാട്ടുമായി ബന്ധപ്പെട്ട് ആറ് ദുരൂഹമരണങ്ങൾ കൂടി നടന്നിട്ടുണ്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഈ മരണങ്ങൾക്കും കൊലപാതകവുമായി ബന്ധമുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
എന്നാൽ, മരിച്ചവരുടെ മൃതദേഹങ്ങളിൽ പോസ്റ്റ്മോർട്ടം നടത്തിയിട്ടില്ലെന്നതും സംസ്കാരവുമായി ബന്ധപ്പെട്ട കൃത്യമായ രേഖകൾ ലഭ്യമല്ലെന്നതും അന്വേഷണത്തിന് വെല്ലുവിളിയാകുന്നു. വ്യക്തമായ ശാസ്ത്രീയ തെളിവുകളുടെ അഭാവം പഴയ മരണങ്ങളിലെ ദുരൂഹത നീക്കുന്നതും സങ്കീർണമാക്കുന്നുണ്ട്.
കൂടത്തിൽ തറവാട്ടിലെ മരണങ്ങൾ തമ്മിൽ ബന്ധമുണ്ടോയെന്നും സ്വത്ത് കൈമാറ്റവുമായി ബന്ധപ്പെട്ട ക്രമക്കേടുകൾക്ക് കൊലപാതകത്തിൽ എന്തെങ്കിലും പങ്കുണ്ടോയെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് തിരുവനന്തപുരം സിറ്റി ജില്ലാ ക്രൈംബ്രാഞ്ച്. കേസിലെ ദുരൂഹതകൾ നീക്കാൻ കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനുള്ള നടപടികൾ തുടരുകയാണ്.
മരണത്തിന് പിന്നിലെ ദുരൂഹത നീക്കിയത് ഫൊറൻസിക് തെളിവുകൾ
2017 ഏപ്രിൽ രണ്ടിന് ജയമാധവൻ നായരെ കട്ടിലിൽനിന്ന് വീണ് പരുക്കേറ്റ നിലയിൽ കണ്ടെത്തിയെന്നും തുടർന്ന് ആശുപത്രിയിലെത്തിച്ചെന്നുമായിരുന്നു ആദ്യഘട്ടത്തിൽ നൽകിയ വിശദീകരണം. എന്നാൽ മരണസമയത്തെക്കുറിച്ചും ആശുപത്രിയിലേക്ക് കൊണ്ടുപോയ രീതിയെക്കുറിച്ചും ബന്ധപ്പെട്ടവരുടെ മൊഴികളിൽ വൈരുധ്യങ്ങൾ കണ്ടെത്തിയതോടെ അന്വേഷണത്തിൽ സംശയങ്ങൾ ഉയർന്നു. വീട്ടിലെ കട്ടിലിലും വീടിന് പിന്നിൽനിന്ന് കണ്ടെത്തിയ തടിക്കഷ്ണത്തിലും രക്തക്കറകൾ കണ്ടെത്തിയത് അന്വേഷണത്തിൽ നിർണായകമായി.
രക്തക്കറകൾ മനുഷ്യരക്തമാണെന്ന് പരിശോധനയിൽ സ്ഥിരീകരിച്ചതായും ജയമാധവൻ നായരുടെ തലയ്ക്കേറ്റ പരുക്കാണ് മരണത്തിന് കാരണമായതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കോഴിക്കോട് എൻഐടിയിലെ ബയോമെക്കാനിക്സ് വിഭാഗത്തിന്റെ പരിശോധനയിൽ പരുക്ക് സാധാരണ വീഴ്ചയിലൂടെ ഉണ്ടായതല്ലെന്ന നിഗമനവും അന്വേഷണത്തിന് സഹായകമായി.
അന്വേഷണത്തിന്റെ ഭാഗമായി രവീന്ദ്രൻ നായരെ ബ്രെയിൻ ഇലക്ട്രിക്കൽ ഓസിലേഷൻ സിഗ്നേച്ചർ പ്രൊഫൈലിങ് പരിശോധനയ്ക്കും വിധേയനാക്കിയിരുന്നു. 2025-ൽ ബെംഗളൂരുവിൽ നടത്തിയ ഈ പരിശോധനയുടെ റിപ്പോർട്ടും മറ്റ് ശാസ്ത്രീയ തെളിവുകളും അന്വേഷണ സംഘം വിലയിരുത്തിയതായാണ് റിപ്പോർട്ട്. ജയമാധവൻ നായരുടെ പേരിലുള്ള വിൽപത്രത്തിലെ ഒപ്പ് വ്യാജമാണെന്ന് ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തിയതും കേസിൽ നിർണായകമായി.The Crime Branch has found that the murder of Jayamadhavan Nair of Karamana Koodathil was allegedly motivated by a plot to seize property worth crores of rupees. Investigators suspect that the murder was planned out of fear that his attempt to remarry would expose irregularities in the property transfers.
The Crime Branch has found that the murder of Jayamadhavan Nair of Karamana Koodathil was allegedly motivated by a plot to seize property worth crores of rupees. Investigators suspect that the murder was planned out of fear that his attempt to remarry would expose irregularities in the property transfers.