

2024 ഓഗസ്റ്റ് 17. ഉച്ചയ്ക്ക് 11.40ഓടെയാണ് കുണ്ടറ പൊലീസ് സ്റ്റേഷനിലേക്ക് ആ ഫോൺ കോള്‍ എത്തിയത്. പടപ്പക്കര പുഷ്പവിലാസത്തിൽ പുഷ്പലത എന്ന സ്ത്രീ മുഖത്ത് ഗുരുതരമായി പരിക്കേറ്റ് മരിച്ചുകിടക്കുന്നു. തൊട്ടടുത്ത മുറിയിൽ പിതാവ് ആന്റണിയും ഗുരുതരാവസ്ഥയിൽ. വീട്ടിലുണ്ടായിരുന്ന പുഷ്പലതയുടെ മകൻ അഖിലിനെ കാണാനുമില്ല.
സംഭവത്തിന് പിന്നാലെ കാണാതായ അഖിലിനെ കണ്ടെത്താൻ പൊലീസ് ആരംഭിച്ച അന്വേഷണം നാലരമാസത്തോളം നീണ്ടു. നിരവധി സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച ശേഷമാണ് ഒടുവിൽ ജമ്മു കശ്മീരിലെ ശ്രീനഗറിൽനിന്ന് ഇയാളെ കണ്ടെത്തിയത്. കുണ്ടറ സിഐ ആയിരുന്ന വി അനിൽകുമാറിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ നേരിട്ടത് നിരവധി പ്രതിസന്ധികളായിരുന്നു.
24കാരനായ അഖിൽ ലഹരിക്ക് അടിമയായിരുന്നു. മയക്കുമരുന്ന് വാങ്ങുന്നതിനായി ഇയാൾ അമ്മയോട് നിരന്തരം പണം ആവശ്യപ്പെട്ടിരുന്നു. പണം നൽകാതിരുന്നാൽ അമ്മയെയും മുത്തച്ഛനെയും മർദിക്കുന്നതും പതിവായിരുന്നു. മകന്റെ ഉപദ്രവം സഹിക്കാനാകാതെ പുഷ്പലത പലതവണ കുണ്ടറ പൊലീസിൽ പരാതിയും നൽകിയിരുന്നു. പൊലീസ് താക്കീത് നൽകിയിട്ടും അഖിലിന്റെ അതിക്രമങ്ങൾക്ക് കുറവുണ്ടായില്ല.
കൊലപാതകത്തിന് തൊട്ടുമുൻപുള്ള ദിവസവും പുഷ്പലത കൺട്രോൾ റൂമിൽ വിളിച്ച് മകനെതിരെ പരാതി പറഞ്ഞിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് അഖിൽ അമ്മയെ ആക്രമിച്ചതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ചാണ് പുഷ്പലതയെ കൊലപ്പെടുത്തിയത്. തടയാൻ ശ്രമിച്ച മുത്തച്ഛൻ ആന്റണിക്കും ഗുരുതരമായി പരിക്കേറ്റു. പിന്നീട് ചികിത്സയിലിരിക്കെ ആന്റണിയും മരിച്ചു.
കൊലപാതകത്തിന് ശേഷം അഖിൽ കൊട്ടിയത്തിലെ ഒരു കടയിൽ അമ്മയുടെ മൊബൈൽ ഫോൺ വിറ്റു. തുടർന്ന് ഫോൺ ഉപയോഗിക്കാതെയും സാമൂഹികമാധ്യമങ്ങളിൽ സജീവമാകാതെയും ഇയാൾ നാടുവിട്ടു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അന്വേഷണം
അഖിൽ ഫോൺ വിറ്റശേഷം എങ്ങോട്ടാണ് പോയതെന്നത് പോലീസിന് മുന്നിലെ പ്രധാന ചോദ്യമായി. അധികം സുഹൃത്തുക്കളില്ലാത്ത ഇയാൾ വീട്ടുകാരുമായി വഴക്കിട്ട ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യാറുണ്ടായിരുന്നു. ഗോവയിലും ഹിമാചൽ പ്രദേശിലും മുമ്പ് താമസിച്ചിട്ടുണ്ടായിരുന്നു. തൃശ്ശൂർ, പാലക്കാട്, കോട്ടയം എന്നിവിടങ്ങളിലെ ബാർ ഹോട്ടലുകളിലും ജോലി ചെയ്തിരുന്നു.
അന്വേഷണത്തിന് മറ്റൊരു വെല്ലുവിളിയും ഉണ്ടായിരുന്നു. അടുത്തകാലത്തുള്ള അഖിലിന്റെ വ്യക്തമായ ചിത്രങ്ങൾ പോലീസിന്റെ കൈവശമുണ്ടായിരുന്നില്ല. ലഭ്യമായ സിസിടിവി ദൃശ്യങ്ങളിലും മുഖം വ്യക്തമായിരുന്നില്ല.
അഖിലിന്റെ സഹോദരിയിൽനിന്ന് ലഭിച്ച ഒരു ചിത്രമാണ് അന്വേഷണത്തിൽ നിർണായകമായത്. ചിത്രത്തിൽ അഖിലിന്റെ കൈയിലും കഴുത്തിലും പച്ചകുത്തിയിരുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇത് കേന്ദ്രീകരിച്ച് ചിത്രം ട്രെയിന്‍ യാത്രക്കാരുടെയും ടാക്സി ഡ്രൈവർമാരുടെയും ഉൾപ്പെടെ വിവിധ വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചു.
പുഷ്പലതയുടെ എടിഎം കാർഡും മൊബൈൽ ഫോണും അഖിൽ കൊണ്ടുപോയതായി അന്വേഷണത്തിൽ വ്യക്തമായതോടെ ബാങ്ക് ഇടപാടുകളും പരിശോധിച്ചു. ആഴ്ചകൾക്കുശേഷം അക്കൗണ്ടിൽനിന്ന് 2,500 രൂപ പിൻവലിച്ചതായും കണ്ടെത്തി. പണം ഡൽഹിയിലെ ഒരു എടിഎം വഴിയാണ് പിൻവലിച്ചതെന്ന് തിരിച്ചറിഞ്ഞതോടെ പൊലീസ് സംഘം ഡൽഹിയിലെത്തി.
എന്നാൽ അപ്പോഴേക്കും അഖിൽ അവിടെനിന്ന് കടന്നിരുന്നു. സമീപത്തെ ഒരു കടയിൽ ഇയാൾ അമ്മയുടെ മൊബൈൽ ഫോൺ വിറ്റതായി കണ്ടെത്തി. ഫോൺ വിൽക്കുമ്പോൾ അഖിൽ തന്റെ ആധാർ രേഖയുടെ പകർപ്പും ഉപയോഗത്തിലില്ലാത്ത ഒരു ഫോൺ നമ്പറും നൽകിയിരുന്നു.
അഖിൽ മുമ്പ് സന്ദർശിച്ചിരുന്ന പഞ്ചാബ്, വാരാണസി, മണാലി, അസം, ബിഹാർ തുടങ്ങിയ സ്ഥലങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. എന്നാൽ പല ആഴ്ചകളോളം നടത്തിയ തിരച്ചിലിനും ഫലമുണ്ടായില്ല.
ശ്രീനഗറിൽ പുതിയ സൂചന
അന്വേഷണം വഴിമുട്ടിയ ഘട്ടത്തിലാണ് ശ്രീനഗറിലെ ഒരു ഹോട്ടലിൽ കഴുത്തിലും കൈയിലും പച്ചകുത്തിയ ഒരാൾ ഏതാനും മാസങ്ങൾക്ക് മുൻപ് ജോലി ചെയ്തിരുന്നതായി വിവരം ലഭിച്ചത്. പൊലീസ് നടത്തിയ പരിശോധനയിൽ അവിടെനിന്ന് അഖിലിന്റെ ആധാർ കാർഡിന്റെ പകർപ്പ് കണ്ടെത്തി.
ഹോട്ടലിൽനിന്ന് ഇയാൾ വഴക്കിട്ടാണ് പോയതെന്നും പിന്നീട് മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. അഖിൽ ജോലി ചെയ്തിരുന്ന സ്ഥലങ്ങളിലെല്ലാം ആധാർ കാർഡിന്റെ പകർപ്പും ഉപയോഗത്തിലില്ലാത്ത ഫോൺ നമ്പറുമാണ് നൽകിയിരുന്നത്. ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കുന്നതും ഇയാൾ ഒഴിവാക്കിയിരുന്നു.
'ഫാം പേ'യിൽ തെളിഞ്ഞ പുതിയ വഴി
ശ്രീനഗറിലേക്കുള്ള അന്വേഷണ യാത്രയ്ക്കായി പൊലീസ് സംഘം പുതിയ സിം കാർഡ് എടുത്തിരുന്നു. ഇതിനിടെ ഗൂഗിൾ പേ ഉൾപ്പെടെയുള്ള ഡിജിറ്റൽ ഇടപാടുകളെക്കുറിച്ച് പരിശോധിക്കുന്നതിനിടെയാണ് ബാങ്ക് അക്കൗണ്ട് ഇല്ലാതെയും പണം പിൻവലിക്കാൻ സാധിക്കുന്ന 'ഫാം പേ' സംവിധാനത്തിലേക്ക് അന്വേഷണസംഘത്തിന്റെ ശ്രദ്ധ തിരിഞ്ഞത്.
അഖിൽ ഈ സംവിധാനം ഉപയോഗിക്കുന്നുണ്ടാകാമെന്ന സംശയത്തെ തുടർന്ന് റിസർവ് ബാങ്കിലെ ഒരു ഉദ്യോഗസ്ഥന്റെ സഹായം തേടി. തുടർന്ന് ലഭിച്ച സാങ്കേതിക സഹായത്തിലൂടെയാണ് നിർണായക വിവരം ലഭിച്ചത്. ഡിസംബർ 16ന് അഖിലുമായി ബന്ധപ്പെട്ട അക്കൗണ്ടിലേക്ക് 100 രൂപയും ഡിസംബർ 18ന് ഒരു രൂപയും എത്തിയതായി കണ്ടെത്തി.
ഇതിന്റെ അടിസ്ഥാനത്തിൽ ഡിസംബർ 25ന് പോലീസ് സംഘം വീണ്ടും ഡൽഹിയിലെത്തി. ഇടപാടിന്റെ ഉറവിടം അന്വേഷിച്ചപ്പോൾ സമീപത്തെ ഒരു കടയിൽ ഇ-സിഗരറ്റ് വാങ്ങാനെത്തിയ ഒരാളുമായി ബന്ധപ്പെട്ട ഇടപാടാണെന്ന് വ്യക്തമായി. തൊട്ടടുത്ത കടയിൽ ജോലി ചെയ്യുന്നയാളാണ് ഈ സിഗരറ്റ് വാങ്ങിയതെന്ന് കടയുടമയിൽനിന്ന് വിവരം ലഭിച്ചു.
ഒരു രൂപ അയച്ചത് കശ്മീർ സ്വദേശിയാണെന്നും അന്വേഷണത്തിൽ കണ്ടെത്തി. ട്രാന്‍സ്‍ലേറ്ററുടെ സഹായത്തോടെ ഇയാളുമായി ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് ഡൽഹിയിൽ സൂപ്പർ മാർക്കറ്റ് നടത്തുന്ന കശ്മീർ സ്വദേശിയാണെന്ന് തിരിച്ചറിയുന്നത്.
ഒടുവിൽ കണ്ടെത്തിയത് ശിശുപരിചാരകനായി
സൂപ്പർ മാർക്കറ്റ് ഉടമയുമായി നടത്തിയ അന്വേഷണത്തിലാണ് അഖിലിലേക്ക് പൊലീസ് എത്തിയത്. അവരുടെ വീട്ടിൽ ശിശുപരിചാരകനായി ജോലി ചെയ്യുന്ന, കഴുത്തിലും കൈയിലും പച്ചകുത്തിയ ഒരു യുവാവിനെക്കുറിച്ച് വിവരം ലഭിച്ചു.
പൊലീസ് സംഘം വീട്ടിലെത്തുമ്പോൾ അഖിൽ കുഞ്ഞിനൊപ്പം ഭക്ഷണം കഴിക്കുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് ഇയാൾ തന്റെ ജീവിതത്തിലും കൊലപാതകത്തിന് ശേഷമുള്ള യാത്രയിലും നടന്ന കാര്യങ്ങൾ പോലീസിനോട് വിശദീകരിച്ചത്.
കുട്ടിക്കാലം മുതൽ തന്നെ ശാസിച്ചിരുന്ന മുത്തച്ഛനോടുള്ള വിരോധവും ലഹരി വാങ്ങാൻ പണം നൽകാത്തതിന്റെ പേരിൽ അമ്മയോട് തോന്നിയ വൈരാഗ്യവും ഇയാൾ അന്വേഷണസംഘത്തോട് പറഞ്ഞു.
അമ്മയെ കൊലപ്പെടുത്തിയ ശേഷമുള്ള പെരുമാറ്റവും അന്വേഷണ ഉദ്യോഗസ്ഥരെ ഞെട്ടിക്കുന്നതായിരുന്നു. കൊലപാതകത്തിന് ശേഷം ഓംലെറ്റ് ഉണ്ടാക്കി കഴിക്കുകയും മണിക്കൂറുകളോളം ടിവി കാണുകയും ചെയ്തതായി അഖിൽ ചോദ്യംചെയ്യലിൽ പറഞ്ഞതായാണ് പൊലീസ് വ്യക്തമാക്കുന്നത്. നാലരമാസത്തോളം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ നീണ്ട അന്വേഷണത്തിനൊടുവിലാണ് അഖിൽ പിടിയിലായത്. നിലവിൽ കൊല്ലം ജില്ലാ ജയിലിലാണ് അഖിലിനെ പാര്‍പ്പിച്ചിരിക്കുന്നത്.
After a four-and-a-half-month-long investigation into the murder of Pushpalatha in Kundara, police arrested her son Akhil from Srinagar, Jammu and Kashmir. Akhil, who was reportedly addicted to drugs, assaulted his mother while demanding money. After the murder, he sold his phone and fled to different parts of the country. Police got a crucial lead by examining PhonePe transactions.