

അമിതാഭ് ബച്ചന്‍, ആമിര്‍ ഖാന്‍, രണ്‍വീര്‍ സിംഗ് തുടങ്ങിയ ബോളിവുഡിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം സിനിമകളില്‍ അഭിനയിച്ച നടന്‍ ഹേമന്ത് നഗിന്‍ദാസ് പുരുഷോത്തമദാസ് മോദി (54) യെ അഹമ്മദാബാദ് സിറ്റി പോലീസിന്റെ ഡിറ്റക്ഷന്‍ ഓഫ് ക്രൈം ബ്രാഞ്ച് (ഡിസിബി) അറസ്റ്റ് ചെയ്തു. കൊലക്കേസ് പ്രതിയായ മോദി പരോളിലിറങ്ങി 2014 മുതല്‍ ഒളിവിലായിരുന്നു. അഹമ്മദാബാദിലെ ഗീ കാന്ത മെട്രോ സ്റ്റേഷന് സമീപമുള്ള ഒരു വീട്ടില്‍ നിന്നാണ് ഹേമന്ത് മോദിയെ പിടികൂടിയതെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.
നിയമത്തിന്റെ കണ്ണുവെട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന സമയത്താണ് ഇയാള്‍ സിനിമാരംഗത്ത് സജീവമായത്. 2005 ജൂണ്‍ 15-നായിരുന്നു നരേന്ദ്ര എന്ന നാനോ യശ്വന്ത് കാംബ്ലെ കൊല്ലപ്പെടുന്നത്. ഈ കേസില്‍ ഹേമന്ത് മോദി, സഹോദരന്‍ സച്ചിന്‍, മറ്റ് അഞ്ച് പേര്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് 2008 ഓഗസ്റ്റ് 27-ന് വിചാരണ കോടതി കണ്ടെത്തുകയും ഇവര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുകയും ചെയ്തു. 2014 ജൂലൈ 25-ന് ഗുജറാത്ത് ഹൈക്കോടതിയില്‍ നിന്ന് ഹേമന്ത് മോദിക്ക് 30 ദിവസത്തെ പരോള്‍ ലഭിച്ചു. മേഹ്‌സാന ജയിലില്‍ നിന്ന് പരോളിലിറങ്ങിയ ഇയാള്‍ പിന്നീട് തിരികെ എത്തിയില്ല. അന്നുമുതല്‍ ഇയാള്‍ ഒളിവിലായിരുന്നു.
പരോള്‍ ലംഘിച്ചതിന് ശേഷം ഹേമന്ത് മോദി ഒരു വര്‍ഷത്തോളം പഠാന്‍ ജില്ലയിലാണ് താമസിച്ചതെന്ന് പോലീസ് പറഞ്ഞു. പിന്നീട് 'ട്വിങ്കിള്‍ മുകുന്ദ് ദവെ' എന്ന വ്യാജപ്പേര് സ്വീകരിച്ച് അഹമ്മദാബാദിലേക്ക് മാറുകയും അവിടെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയും ചെയ്തു. അഹമ്മദാബാദില്‍ വെച്ചാണ് നാടകരംഗത്തേക്ക് പ്രവേശിക്കുന്നത്. 2017-ഓടെ മുംബൈയിലെത്തിയ ഹേമന്ദ് മോദിക്ക് ബോളിവുഡ് ചിത്രങ്ങളില്‍ സഹനടനായി അവസരങ്ങള്‍ ലഭിച്ചു തുടങ്ങി.
2018-ല്‍ യഷ് രാജ് ഫിലിംസിന്റെ 'തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍' എന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, ആമിര്‍ ഖാന്‍ എന്നിവര്‍ക്കൊപ്പവും, 2022-ല്‍ 'ജയേഷ്ഭായ് ജോര്‍ദാര്‍' എന്ന ചിത്രത്തില്‍ രണ്‍വീര്‍ സിംഗ്, ബോമന്‍ ഇറാനി എന്നിവര്‍ക്കൊപ്പവും ഹേമന്ത് മോദി അഭിനയിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കൂടാതെ, ആദിത്യ റോയ് കപൂര്‍, സാറാ അലി ഖാന്‍ എന്നിവര്‍ അഭിനയിച്ച് 2025-ല്‍ പുറത്തിറങ്ങിയ 'മെട്രോ ഇന്‍ ദിനോ', ഇനി പുറത്തിറങ്ങാനിരിക്കുന്ന സണ്ണി ഡിയോള്‍ ചിത്രം 'ലാഹോര്‍ 1947', സോനാക്ഷി സിന്‍ഹ നായികയാകുന്ന 'തു ഹേ മേരി കിരണ്‍', മോഹന്‍ലാല്‍ ചിത്രമായ 'എല്‍2: എമ്പുരാന്‍' എന്നിവയിലും ഇയാള്‍ വേഷമിട്ടിട്ടുണ്ട്.
ഇവയ്ക്ക് പുറമെ 20 ഗുജറാത്തി ചിത്രങ്ങളിലും, ഇമ്രാന്‍ ഹാഷ്മി അഭിനയിച്ച 'തസ്‌കരി' എന്ന വെബ് സീരീസിലും, രണ്ട് ഹിന്ദി, നാല് ഗുജറാത്തി പരമ്പരകളിലും, 'യുഗ്പുരുഷ്', 'ഗാന്ധി വിരുദ്ധ് ഗോഡ്‌സെ' ഉള്‍പ്പെടെ 17 ഗുജറാത്തി നാടകങ്ങളിലും ഹേമന്ത് മോദി അഭിനയിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ചലച്ചിത്ര-നാടക രംഗങ്ങളിലൂടെ പൊതുമധ്യത്തില്‍ സജീവമായി നിന്നിട്ടും പിടിയിലാകുന്നത് വരെ അധികൃതരുടെ കണ്ണുവെട്ടിച്ച് ഒളിവില്‍ കഴിയാന്‍ ഇയാള്‍ക്ക് സാധിച്ചു.
English Summary: Hemant Nagindas Purushottamdas Modi, a murder convict who absconded after being released on parole in 2014, has been arrested by Ahmedabad City Police’s Detection of Crime Branch. Convicted in a 2005 murder case and sentenced to life imprisonment in 2008, he failed to return to prison after receiving a 30-day parole from Mehsana jail. During more than a decade on the run, police said he adopted a fake identity and entered the entertainment industry. He reportedly worked in theatre before moving to Mumbai and appearing in several Bollywood and regional film projects.