'വിശന്നുവലഞ്ഞ് മലമുകളില്‍നിന്ന് തിരിച്ചിറങ്ങി, നാട്ടുകാര്‍ തിരിച്ചറിയാത്ത പോലെ അഭിനയിച്ചു'; നെടുങ്കണ്ടം ഇരട്ടക്കൊല കേസില്‍ സജി കുടുങ്ങിയത് ഇങ്ങനെ

നെടുങ്കണ്ടം ഇരട്ടക്കൊലക്കേസ് പ്രതി സജി മലമുകളിൽ ഒളിവിൽ കഴിഞ്ഞ ശേഷം വിശപ്പിനെ തുടർന്ന് പുറത്തിറങ്ങിയപ്പോൾ നാട്ടുകാർ തിരിച്ചറിഞ്ഞ് പൊലീസിന് കൈമാറി
Nedukandom Murder Case
Nedukandom Murder Case
Published on

നെടുക്കണ്ടം ഇരട്ടക്കൊല കേസിലെ പ്രതിയെന്ന് സംശയിക്കുന്ന സജിയെ പൊലീസ് അറസ്റ്റ് ചെയ്തു. നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് ഇയാളെ പൊലീസും നാട്ടുകാരും വലയിലാക്കിയത്. കൊലപാതകം നടന്നുവെന്ന് സംശയിക്കുന്ന വീട്ടില്‍ പൊലീസ് പരിശോധന പുരോഗമിക്കുന്നതിനിടെയാണ് സജി വീടിന് പിറകുവശത്ത് കൂടെ ഓടി രക്ഷപ്പെട്ടത്. നെടുങ്കണ്ടത്തിന് സമീപത്തെ മലമുകളില്‍ ഒളിച്ചുകഴിഞ്ഞ സജി, ഇന്ന് രാവിലെയോടെ ഭക്ഷണം വാങ്ങാനായി കടയിലെത്തി. വിശപ്പ് സഹിക്കാനാവാതെയാണ് ഇയാള്‍ കാടുവിട്ടിറങ്ങിയതെന്ന് നാട്ടുകാര്‍ പറയുന്നു. സജിയെ തിരിച്ചറിഞ്ഞ നാട്ടുകാരില്‍ ചിലര്‍ രഹസ്യമായി പൊലീസിനെ വിവരമറിക്കുകയായിരുന്നു. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി.

Nedukandom Murder Case
ചായക്കപ്പിലെ വിരലടയാളവും 'മദ്രാസിലെ മോൻ' കുടുങ്ങിയ നാടകീയ നിമിഷങ്ങളും! കരിക്കൻ വില്ല കേസിന് 45 വയസ്

പൊലീസ് തേടിയെത്തിയാല്‍ രക്ഷപ്പെടാനായി ബാഗ് വരെ സജി തയ്യാറാക്കി വെച്ചിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. വീട്ടില്‍നിന്ന് രക്ഷപ്പെടുമ്പോള്‍ ബാഗില്‍ ആവശ്യമായതെല്ലാം അദ്ദേഹം കരുതിയിരുന്നു. അതേസമയം അപ്രതീക്ഷിത നേരത്ത് പൊലീസെത്തിയതോടെ സജിക്ക് ആവശ്യമുള്ള ഭക്ഷ്യവസ്തുക്കള്‍ ശേഖരിക്കാനുള്ള സമയം ലഭിക്കാതെ വന്നു, ഇതോടെയാണ് മലമുകളിലേക്ക് രക്ഷപ്പെടാന്‍ തീരുമാനിച്ചത്. എന്നാല്‍ വിശപ്പ് സഹിക്കാനാവാതെ വന്നതോടെ രാവിലെ സജി പുറത്തിറങ്ങുകയായിരുന്നു. നാല് സംഘങ്ങളായി സജിയെ അന്വേഷിക്കുന്ന പൊലീസിന്റെ കണ്ണുവെട്ടിക്കാന്‍ ഇയാള്‍ക്ക് സാധിച്ചെങ്കിലും നാട്ടുകാര്‍ക്ക് മുന്നില്‍ കുടുങ്ങുകയായിരുന്നു. പൊലീസ് പിടികൂടിയ സമയത്ത് തനിക്ക് തെറ്റുപറ്റിപ്പോയെന്നും എന്തുവേണമെങ്കിലും ചെയ്‌തോളുവെന്നും സജി കരഞ്ഞുകൊണ്ട് സമ്മതിച്ചതായും പ്രദേശവാസികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

Nedukandom Murder Case
മാലിന്യത്തൊട്ടിയിൽ ആറ് ബാഗുകൾ; ഉള്ളിൽ വെട്ടിനുറുക്കിയ നിലയിൽ 19-കാരി! നഗരത്തെ നടുക്കിയ ആ ക്രൂരകൃത്യത്തിന് പിന്നിൽ ?

സജി ശാന്ത സ്വഭാവക്കാരന്‍, വിവാഹത്തെ സഹോദരന്‍ എതിര്‍ത്തു!

റെജിയും സജിയും ഇവരുടെ അമ്മ മറിയക്കുട്ടിയുമാണ് നെടുങ്കണ്ടത്തെ വീട്ടില്‍ താമസിച്ചിരുന്നത്. പ്രദേശവാസികളില്‍നിന്ന് അകന്ന് താമസിച്ചിരുന്ന മൂവരുമായി അധികമാര്‍ക്കും ബന്ധമില്ല. സജി വിവാഹം കഴിച്ച് കുടുംബവുമായി കഴിയാന്‍ ആഗ്രഹിക്കുന്നയാളാണെന്ന് ചില സുഹൃത്തുക്കളോട് പറഞ്ഞിരുന്നു, പൊതുവെ ശാന്ത സ്വഭാവക്കാരന്‍ കൂടിയാണ് ഇയാളെന്ന് നാട്ടുകാര്‍ പറയുന്നു.

സജിയുടെ വിവാഹവുമായി ബന്ധപ്പെട്ട അമ്മയ്ക്കും സഹോദരനും ശക്തമായ എതിര്‍പ്പുണ്ടായിരുന്നു. ഇതേച്ചൊല്ലി മൂവരും ദിനവും തര്‍ക്കിച്ചിരുന്നുവെന്നും മദ്യപിച്ച് സഹോദരങ്ങള്‍ വഴക്കുണ്ടാക്കാറുണ്ടെന്നും നാട്ടുകാര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഏറ്റവുമൊടുവില്‍ വിവാഹത്തിന് സജി നാട്ടുകാരില്‍ ചിലരെ ക്ഷണിക്കുക കൂടെ ചെയ്തതോടെ തര്‍ക്കം അതിരൂക്ഷമായി. വിവാഹതനായാല്‍ അമ്മയെയും ഒപ്പം ചേര്‍ത്ത് വീടുവിട്ടിറങ്ങുമെന്ന് സഹോദരന്‍ റെജി ഭീഷണിപ്പെടുത്തിയെന്നും പ്രദേശവാസികള്‍ പറയുന്നു.

പിന്നീട് വിവാഹം പലതവണ പല കാരണങ്ങള്‍ പറഞ്ഞ് മാറ്റിവെച്ച സജി ഏകദേശം 20 ദിവസത്തോളമായി നാട്ടുകാരില്‍നിന്ന് പൂര്‍ണമായും അകന്നാണ് താമസിക്കുന്നത്. മേരിക്കുട്ടിയെ കാണാതായതോടെ നാട്ടുകാരില്‍ പലരും സജിയോട് കാര്യങ്ങള്‍ തിരക്കിയിരുന്നു, ബന്ധുവിന്റെ വീട്ടില്‍ മരണാന്തര ചടങ്ങിനായി പോയിരിക്കുകയാണെന്ന് മറുപടിയാണ് പലര്‍ക്കും ലഭിച്ചത്. ദുരൂഹത വര്‍ധിച്ചതോടെ സജിയുടെ സഹോദരിക്ക് നാട്ടുകാരിലൊരാള്‍ വാട്‌സാപ്പില്‍ ഒരു സന്ദേശം കൈമാറി. ഇതാണ് വഴിത്തിരിവായത്. വാട്‌സാപ്പ് സന്ദേശം ലഭിച്ചതോടെ സഹോദരി പൊലീസിനെ സമീപിച്ചു.

അന്വേഷണത്തില്‍ 17 ദിവസത്തോളം പഴക്കമുള്ള പുരുഷന്റെയും സ്ത്രീയുടെയും മൃതദേഹം കണ്ടെത്തുകയായിരുന്നു. ഏകദേശം എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായ സജിയുടെ പിതാവിന്റെ തിരോധാനവും ഇതിനൊപ്പം അന്വേഷിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്. നേരത്തെ മനുഷ്യന്റേതെന്ന് തോന്നുന്ന ശരീരഭാഗം സജിയുടെ വീടിനടുത്ത് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയതും പ്രദേശവാസികളാണ്.

English Summary : A suspect in the Nedumkandam double murder case was arrested after hiding in the hills and later being identified by locals when he came down due to hunger

Madism Digital
madismdigital.com