

രാജ്യത്തെ ഞെട്ടിച്ച നിതാരി കൊലപാതക പരമ്പരയിൽ കുറ്റവിമുക്തനാക്കപ്പെട്ട സുരേന്ദർ കോലിയെ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ ഇയളുടെ ചായക്കടയ്ക്കുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രണ്ട് പതിറ്റാണ്ടിലേറെക്കാലം ഇന്ത്യക്കാരെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ ആളാണ് മരിച്ച സുരേന്ദർ കോലി. കേസിൽ മുഖ്യപ്രതിയെന്ന് കണ്ടെത്തി അറസ്റ്റ് ചെയ്ത് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട്, പിന്നീട് തെളിവുകളുടെ അഭാവത്തിൽ കുറ്റവിമുക്തനാക്കപ്പെട്ട് 19 വർഷങ്ങൾക്കുശേഷം ജയിൽമോചിതനായ ഇയാളെ ഒടുവിൽ സ്വന്തം ചായക്കടക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉത്തരാഖണ്ഡിലെ അൽമോറ, ഭികിയാസൈൻ സ്വദേശിയായ കോലി, നിയമപരമായി സ്വതന്ത്രനായെങ്കിലും സമൂഹത്തിൽ നിന്നും കുടുംബത്തിൽ നിന്നും നേരിട്ട ഒറ്റപ്പെടലിനൊടുവിലാണ് ജീവിതം അവസാനിപ്പിച്ചത്.
കേസുകളുടെ തുടക്കം
2005–06 കാലത്താണ് ഡൽഹിക്കടുത്ത്, നോയിഡയിലെ നിഥാരി ഗ്രാമം രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്നത്. പ്രദേശത്തെ ദരിദ്ര കുടുംബങ്ങളിൽ നിന്നുള്ള കുട്ടികളെയും യുവതികളെയും തുടർച്ചയായി കാണാതായതോടെയാണ് സംഭവങ്ങളുടെ തുടക്കം. പരാതികൾ ഉണ്ടായിരുന്നെങ്കിലും കാര്യമായ പൊലീസ് അന്വേഷണം നടന്നില്ലെന്ന ആരോപണങ്ങൾക്കിടെ 2006 ഡിസംബറിൽ കേസിൽ നിർണായക വഴിത്തിരിവുണ്ടായി.
നോയിഡ സെക്ടർ 31ലെ ഡി-5 ബംഗ്ലാവിന് സമീപമുള്ള ഓടയിൽനിന്നും അഴുക്കുചാലുകളിൽ നിന്നുമായി മനുഷ്യ അസ്ഥികൂടങ്ങളും തലയോട്ടികളും വസ്ത്രങ്ങളും ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ കണ്ടെത്തുകയായിരുന്നു. ഇതോടെ പ്രദേശത്ത് നിന്ന് കാണാതായവരെ ചുറ്റിപ്പറ്റിയുള്ള ദുരൂഹത കൂടുതൽ ശക്തമായി.
വ്യവസായി മോനിന്ദർ സിങ് പന്ധറിന്റെ ഉടമസ്ഥതയിലായിരുന്നു ഈ ബംഗ്ലാവ്. സുരേന്ദ്ര കോലി ആയിരുന്നു അവിടത്തെ വീട്ടുജോലിക്കാരൻ. അന്വേഷണത്തിൽ, മധുരപലഹാരങ്ങളും ചോക്ലേറ്റുകളും നൽകി കുട്ടികളെയും യുവതികളെയും ബംഗ്ലാവിലേക്ക് എത്തിച്ചിരുന്നതായി കോലിക്കെതിരെ ആരോപണമുയർന്നു. .
ഇവരെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ചാക്കുകളിലാക്കും. തുടർന്ന് അഴുക്കുചാലുകളിൽ ഉപേക്ഷിക്കുകയായിരുന്നു ഇയാളുടെ രീതിയെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തി. സംഭവം പുറത്തുവന്നതോടെ നിഥാരി ഗ്രാമത്തിലെ മിസ്സിങ് കേസുകൾ ദേശീയതലത്തിൽ തന്നെ വലിയ ചർച്ചാവഷയമായി. രാജ്യത്തെ ഏറ്റവും ഞെട്ടിക്കുന്ന കുറ്റകൃത്യങ്ങളിലൊന്നായി പിന്നീട് നിഥാരി കേസ് മാറുകയും ചെയ്തു.
റദ്ദാക്കിയ വധശിക്ഷ
സിബിഐ അന്വേഷണം ഏറ്റെടുത്തതോടെ സുരേന്ദ്ര കോലിക്കെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, തെളിവ് നശിപ്പിക്കൽ തുടങ്ങി ഗുരുതര കുറ്റങ്ങൾ ചുമത്തി പതിനാറോളം കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ വിവിധ കേസുകളിൽ സിബിഐ പ്രത്യേക കോടതികൾ കോലിക്ക് വധശിക്ഷ വിധിക്കുകയും ചെയ്തു. ഇതിനിടെ, രാജ്യത്തെ ഏറ്റവും വലിയ സീരിയൽ കില്ലർമാരിലൊരാളെന്ന തരത്തിൽ കോലി മാധ്യമങ്ങളിൽ വ്യാപകമായി ചിത്രീകരിക്കപ്പെട്ടു.
ഒരു ഘട്ടത്തിൽ വധശിക്ഷ നടപ്പാക്കുന്നതിനുള്ള നടപടികളുമായി ജയിൽ അധികൃതർ മുന്നോട്ടുപോകുകയും ചെയ്തിരുന്നു. എന്നാൽ കേസുകൾ മേൽക്കോടതികളിലെത്തിയതോടെ സ്ഥിതിഗതികൾ മാറിമറിഞ്ഞു. അന്വേഷണത്തിലെ വീഴ്ചകളും തെളിവുകളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉൾപ്പെടെയുള്ള കാര്യങ്ങൾ കോടതികളുടെ പരിഗണനയിലെത്തിയതോടെ കോലിക്കെതിരായ കേസുകളുടെ ഗതി നിർണായകമായി മാറുകയായിരുന്നു.
12 കേസുകളിൽ കുറ്റവിമുക്തനാക്കി
2023 ഒക്ടോബറിൽ സുരേന്ദ്ര കോലിക്കെതിരായ 12 കേസുകളിൽ അലഹബാദ് ഹൈക്കോടതി നിർണായക വിധി പുറപ്പെടുവിച്ചു. കേസുകളിൽ കുറ്റം തെളിയിക്കാൻ ആവശ്യമായ കൃത്യമായ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിൽ അന്വേഷണ ഏജൻസികൾ പരാജയപ്പെട്ടതായി കോടതി ചൂണ്ടിക്കാട്ടി.
കുട്ടികളുടെ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിന്റെ ദിശയെക്കുറിച്ചും കോടതി ഗുരുതര ചോദ്യങ്ങൾ ഉന്നയിച്ചു. വീടിന്റെ മുൻ ഉടമയായിരുന്ന ഡോക്ടർ അനധികൃത അവയവക്കടത്തുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായിരുന്ന സാഹചര്യത്തിൽ, മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതിന് പിന്നാലെ അന്വേഷണ ഏജൻസികൾ എന്തുകൊണ്ട് അവയവക്കടത്ത് സാധ്യത കൂടി പരിശോധിച്ചില്ലെന്നായിരുന്നു കോടതിയുടെ ചോദ്യം.
കേസിന്റെ അന്വേഷണം ഒരു ദരിദ്രനായ വീട്ടുജോലിക്കാരനിലേക്ക് മാത്രം കേന്ദ്രീകരിക്കുകയും, സംഭവത്തിന് പിന്നിലെ മറ്റ് സാധ്യതകൾ വേണ്ടത്ര അന്വേഷിക്കാതിരിക്കുകയും ചെയ്തുവെന്ന വിമർശനവും വിധിയിൽ ഉയർന്നു. അന്വേഷണത്തിലെ വീഴ്ചകൾ കേസിന്റെ യഥാർഥ വസ്തുതകൾ പുറത്തുകൊണ്ടുവരുന്നതിന് തടസ്സമായെന്ന നിരീക്ഷണമാണ് ഹൈക്കോടതി നടത്തിയത്.
നിഥാരി കേസുമായി ബന്ധപ്പെട്ട 12 കേസുകളിൽ നിന്ന് അലഹബാദ് ഹൈക്കോടതി സുരേന്ദ്ര കോലിയെ കുറ്റവിമുക്തനാക്കിയിരുന്നെങ്കിലും, മറ്റൊരു കേസിൽ സുപ്രീം കോടതി നേരത്തെ വധശിക്ഷ ശരിവെച്ചിരുന്നതിനാൽ അദ്ദേഹത്തിന് ജയിലിൽ തുടരേണ്ടിവന്നു. ഒരേ തെളിവുകളുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത കേസുകളിൽ വ്യത്യസ്ത വിധികൾ നിലനിൽക്കുന്നത് നീതിനിഷേധത്തിലേക്ക് നയിക്കുമെന്ന വാദവുമായി കോലി സമർപ്പിച്ച ക്യൂറേറ്റീവ് ഹർജിയിലാണ് പിന്നീട് സുപ്രീം കോടതി നിർണായക ഇടപെടൽ നടത്തിയത്.
2025 നവംബറിൽ ചീഫ് ജസ്റ്റിസ് ബി. ആർ. ഗവായ് അധ്യക്ഷനായ ബെഞ്ച് കോലിയെ അവസാന കേസിലും കുറ്റവിമുക്തനാക്കി. ഇതോടെ നിഥാരി കേസുകളുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും അദ്ദേഹത്തിന് ആശ്വാസം ലഭിച്ചു. ഏകദേശം 19 വർഷം ജയിൽവാസം അനുഭവിച്ച ശേഷമാണ് കോലി ഗ്രേറ്റർ നോയിഡയിലെ ലുക്സർ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. ഇതോടെ വർഷങ്ങളായി തുടരുന്ന നിഥാരി കേസിലെ കോലിയുടെ ജയിൽവാസത്തിന് അവസാനമായി.
തകർന്ന കുടുംബ പശ്ചാത്തലും മാനസിക സംഘർഷവും
കുറ്റവിമുക്തനെന്ന് കണ്ട് കോടതി വിട്ടയച്ചെങ്കിലും കടുത്ത മാനിസിക സംഘർഷമാണ് കോലി അനുഭവിച്ചത്. കോലിയുടെ ജയിൽവാസം കാരണം കുടുംബം സമൂഹത്തിന് മുന്നിൽ നാണംകെടുന്ന സാഹചര്യമുണ്ടായി. അതുകൊണ്ട് തന്നെ കോലി ജയിലിലായിരുന്ന കാലയളവിലാണ് ഇയാളുടെ അമ്മ മരിച്ചത്. തുടർന്ന് രണ്ട് കുട്ടികളേയും കൂട്ടി കോലിയുടെ ഭാര്യ ഗ്രാമം വിട്ട് പോവുകയായിരുന്നു. ഇതറിഞ്ഞ കോലിയുടേയും മാനസിക നിലയിൽ വലിയ മാറ്റമുണ്ടായി. 19 വർഷങ്ങൾക്കുശേഷം ജയിൽ മോചിതനായ കോലി, ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെത്തുകയും കുറച്ചുനാൾ അവിടെ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തു. പിന്നീട് സപ്ത സരോവർ റോഡിൽ ഒരു ചായക്കട വാടകയ്ക്കെടുത്ത് നടത്തിവരികയായിരുന്നു.
Surendra Koli, who was arrested as the prime accused in the Nithari serial killings and sentenced to death, was acquitted and released after 19 years due to lack of evidence. However, he was later found dead at his tea shop in Haridwar, Uttarakhand. The High Court and Supreme Court had strongly criticised the lapses of the investigating agencies for allegedly limiting the investigation to the poor domestic worker.