

ബ്രസീലിലെത്തുന്ന വിനോദസഞ്ചാരികളെ കബളിപ്പിച്ച് നടക്കുന്നത് വൻ സാമ്പത്തിക കൊള്ള. റിയോ ഡി ജനൈറോയിൽ കഴിഞ്ഞ ദിവസം ബ്രിട്ടീഷ് ടൂറിസ്റ്റിൽ നിന്ന് ഒരു കബാബിന് 1000 മടങ്ങിലധികം തുക ഈടാക്കിയതായി ഉയർന്ന പരാതിയിൽ കച്ചവടക്കാരൻ പിടിയിലായി. ഏകദേശം1.50 ബ്രിട്ടീഷ് പൗണ്ട് മാത്രം വരുന്ന ഭക്ഷണത്തിനാണ് സഞ്ചാരിയില്‍നിന്നും 1480 ബ്രിട്ടീഷ് പൗണ്ട് കടക്കാരൻ വാങ്ങിയത്. ഇന്ത്യൻ രൂപയിൽ ഏകദേശം ഒന്നര ലക്ഷം വരെ വരുന്ന തുകയാണിത്. ബ്രസീലിലേക്ക് വിദേശ സഞ്ചാരികൾ കൂടുതലായി എത്തുന്നതോടെ തട്ടിപ്പുസംഘങ്ങളും വ്യാപകമാകുന്നുവെന്നാണ് പൊലീസ് റിപ്പോർട്ട്.
കഴിഞ്ഞ ദിവസം കോപകബാന ബീച്ചിൽ വെച്ചാണ് തട്ടിപ്പ് വീരനെ പോലീസ് സംഘം പിടികൂടുന്നത്. പ്രതിയും കൂട്ടാളിയും ചേർന്ന് സാമ്പത്തിക ഇടപാടിനായി സ്കാനറിലും കൃത്രിമം കാണിച്ചതായും പരാതിയിലുണ്ട്. എന്നാൽ ടൂറിസ്റ്റ് ഭക്ഷണത്തിന് 10 റിയൈസിനു പകരം 10000 റിയൈസ് നൽകിയതായാണ് പ്രതികൾ മൊഴി നൽകിയതെന്നാണ് റിപ്പോർട്ട്. രാജ്യത്ത് കഴിഞ്ഞ മാസങ്ങളിലും സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ കുറ്റകൃത്യങ്ങൾ വർധിച്ചെന്ന റിപ്പോർട്ടുകൾ ഉണ്ടെങ്കിലും, റിയോ ഡി ജനൈറോലേക്കുള്ള ഭൂരിഭാഗം യാത്രകളും സുരക്ഷിതമാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
രണ്ട് അർജന്റീനിയൻ വിനോദസഞ്ചാരികളിൽ നിന്ന് മദ്യത്തിന് 1000 ബ്രിട്ടീഷ് പൗണ്ട് ഈടാക്കിയതായും, 3 പൗണ്ട് വരുന്ന ധാന്യത്തിന്, ഏകദേശം 3000 പൗണ്ട് ആവശ്യപ്പെട്ടതായും പരാതികൾ ഉയർന്നിരുന്നു. സമീപ ബീച്ചുകളിലും അടുത്തിടെ ഇത്തരം തട്ടിപ്പുകൾ സംഭവിക്കുന്നതിനാൽ, ടൂറിസ്റ്റ് പോലീസ് ശക്തമായ അന്വേഷണം തുടരുന്നതായാണ് മേധാവി പട്രീഷ്യ അലമാനി മാധ്യങ്ങളോട് പ്രതികരിച്ചത്. ബീച്ചുകളിൽ തട്ടിപ്പുകൾ വർധിക്കുന്നത് സർക്കാരിന്റെ മേൽനോട്ടക്കുറവാണെന്നും ആരോപണമുണ്ട്. സമീപകാലത്തേതിലും സന്ദർശകർ ബ്രസീലിലേക്ക് വരുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നതെന്നാണ് അധികാരികൾ വ്യക്തമാക്കുന്നത്.
English Summary: Brazil tourist scam in Rio de Janeiro: Kebab vendor overcharges British traveler 1000x amid rising Copacabana beach fraud cases