'ഏറ്റവും ക്രൂരമായി പീഡിപ്പിച്ചത് ശരണ്യ'; കളമശ്ശേരി സ്പാ കൂട്ടബലാത്സം​ഗക്കേസിൽ അതിജീവിതയുടെ മൊഴി

ഒരു സ്ത്രീ കൂടി സ്ഥലത്തുണ്ടെന്ന വിശ്വാസത്തിലാണ് താൻ അവിടേക്ക് എത്തിയതെന്നും എന്നാൽ ശരണ്യയിൽനിന്നാണ് ഏറ്റവും ഗുരുതരമായ പീഡനം നേരിട്ടതെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്
'ഏറ്റവും ക്രൂരമായി പീഡിപ്പിച്ചത് ശരണ്യ'; കളമശ്ശേരി സ്പാ കൂട്ടബലാത്സം​ഗക്കേസിൽ അതിജീവിതയുടെ മൊഴി
Published on: 

കളമശ്ശേരിയിലെ സ്പായുമായി ബന്ധപ്പെട്ട കൂട്ടബലാത്സംഗക്കേസിൽ അതിജീവിതയായ യുവതിയുടെ മൊഴിയിൽ ഗുരുതരമായ വെളിപ്പെടുത്തലുകൾ. കേസിൽ അറസ്റ്റിലായ നാലു പ്രതികളെയും യുവതി തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. ശ്രീരാജ്, ജിത്തു മാർട്ടിൻ, ശരണ്യ, സഞ്ജു എന്നിവരെയാണ് യുവതി തിരിച്ചറിഞ്ഞത്.

‘അമ്മു’ എന്ന പേരിൽ അറിയപ്പെടുന്ന ശരണ്യയാണ് തനിക്കെതിരെ ഏറ്റവും ക്രൂരമായ ലൈംഗികാതിക്രമം നടത്തിയതെന്നാണ് യുവതി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. ഒരു സ്ത്രീ കൂടി സ്ഥലത്തുണ്ടെന്ന വിശ്വാസത്തിലാണ് താൻ അവിടേക്ക് എത്തിയതെന്നും എന്നാൽ ശരണ്യയിൽനിന്നാണ് ഏറ്റവും ഗുരുതരമായ പീഡനം നേരിട്ടതെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. പ്രതികളുടെ മൊഴികളും പൊലീസ് രേഖപ്പെടുത്തി.

സ്പായിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് അഭിമുഖത്തിനായി വിളിച്ചുവരുത്തിയ ശേഷമാണ് യുവതിയെ ലോഡ്ജിലെത്തിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. തുടർന്ന് ബലമായി മദ്യവും ലഹരിമരുന്നും നൽകിയ ശേഷം പീഡിപ്പിച്ചെന്നാണ് പൊലീസ് പറയുന്നത്. ഐസ്‌ക്രീമിൽ ലഹരിമരുന്ന് കലർത്തി നൽകിയതായും യുവതി മൊഴി നൽകിയിട്ടുണ്ട്.

സംഭവത്തിന് പിന്നിൽ സ്പായുടെ മറവിൽ അനധികൃതമായി യുവതികളെ ആവശ്യക്കാർക്ക് എത്തിച്ചുനൽകുന്ന റാക്കറ്റുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. പ്രതികൾ പ്രവർത്തിച്ചിരുന്ന സ്പായ്ക്ക് ആവശ്യമായ ലൈസൻസ് ഉണ്ടായിരുന്നില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

കേസിൽ നേരത്തെ ആലപ്പുഴ കാർത്തികപ്പള്ളി സ്വദേശിയും കുനംതൈയിൽ സ്പാ നടത്തിയിരുന്നയാളുമായ ശ്രീരാജ് (30), കളമശ്ശേരി തേവയ്ക്കൽ സ്വദേശി ജിത്തു മാർട്ടിൻ (27) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതി റിമാൻഡ് ചെയ്ത ഇരുവരെയും കൂടുതൽ അന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്.

വയനാട് പുൽപ്പള്ളി താഴെയങ്ങാടിയിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയതിനിടെയാണ് സഞ്ജുവിനെയും ശരണ്യയെയും പൊലീസ് പിടികൂടിയത്. പുൽപ്പള്ളി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ സബ് ഇൻസ്പെക്ടർ എംസി പവനന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

അതേസമയം, സഞ്ജു യുവതിയെ ബലാത്സംഗം ചെയ്തിട്ടില്ലെന്നും യുവതി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ തടഞ്ഞുവെക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്. സംഭവത്തിന് പിന്നാലെ യുവതി വലിയ ശാരീരികവും മാനസികവുമായ ആഘാതത്തിലാണെന്നും നിലവിൽ ചികിത്സയിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. യുവതിയുടെ ഭർത്താവ് നേരത്തെ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലും അന്വേഷണ സംഘം കൂടുതൽ തെളിവുകൾ ശേഖരിക്കുന്നുണ്ട്.

ഏകദേശം ആറുമാസം മുമ്പാണ് ശരണ്യയും സഞ്ജുവും കളമശ്ശേരിയിലെ സ്പായിൽ എത്തിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഇരുവരും തമ്മിലുള്ള ബന്ധവും സാമ്പത്തിക ഇടപാടുകളും ഉൾപ്പെടെയുള്ള കാര്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. യുവതിക്ക് ലഹരിമരുന്ന് എങ്ങനെ ലഭിച്ചു, സംഭവത്തിന് പിന്നിലെ റാക്കറ്റിന് ലഹരിക്കടത്തുമായോ ഗുണ്ടാസംഘങ്ങളുമായോ ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളിലും അന്വേഷണം പുരോഗമിക്കുകയാണ്. സ്പായുടെ പ്രവർത്തനങ്ങൾ, പ്രതികളുടെ മുൻകാല ബന്ധങ്ങൾ, യുവതികളെ എത്തിച്ചുനൽകിയിരുന്ന ശൃംഖല എന്നിവയെക്കുറിച്ചും പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Summary

The survivor’s statement in the Kalamassery spa gang-rape case contains serious revelations. The woman testified that Sharanya, known as ‘Ammu,’ subjected her to the most brutal abuse. Police have also found indications of an illegal racket operating under the guise of the spa and the use of narcotics in connection with the incident.

Madism Digital
madismdigital.com