ടിക് ടോക്കിലൂടെ വളര്‍ച്ച, ലോറന്‍സ് ബിഷ്‌ണോയിയുമായി ചങ്ങാത്തം; പാകിസ്താനി ഇന്‍ഫ്‌ളുവന്‍സര്‍ ഇന്ത്യയ്ക്ക് ഭീഷണിയായി മാറിയത് എങ്ങനെ?

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായും, വ്യവസായിയായും, മതത്തിന്റെ സ്വയം പ്രഖ്യാപിത കാവല്‍ക്കാരനായും പ്രതിച്ഛായ കെട്ടിപൊക്കി
ടിക് ടോക്കിലൂടെ വളര്‍ച്ച, ലോറന്‍സ് ബിഷ്‌ണോയിയുമായി ചങ്ങാത്തം; പാകിസ്താനി ഇന്‍ഫ്‌ളുവന്‍സര്‍ ഇന്ത്യയ്ക്ക് ഭീഷണിയായി മാറിയത് എങ്ങനെ?
Published on

പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര ശൃംഖലയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒമ്പത് പേരെ അറസ്റ്റ് ചെയ്തതോടെ വീണ്ടും ഷഹ്സാദ് ഭട്ടിയെന്ന പേര് ഉയര്‍ന്നുവന്നിരിക്കുകയാണ്. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായും, വ്യവസായിയായും, മതത്തിന്റെ സ്വയം പ്രഖ്യാപിത കാവല്‍ക്കാരനായും പ്രതിച്ഛായ കെട്ടിപൊക്കിയ ഷഹസാദ് ഭട്ടി പാക്കിസ്ഥാന്‍ സ്വദേശിയാണ്. മതപരമായ തര്‍ക്കങ്ങള്‍, ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ തമ്മിലുള്ള പോരുകള്‍, ഇന്ത്യ-പാകിസ്ഥാന്‍ ബന്ധങ്ങള്‍ എന്നിവയെക്കുറിച്ച് '333' എന്ന ബാനറിന് കീഴില്‍ ഓണ്‍ലൈനില്‍ പങ്കുവെച്ച വീഡിയോകളിലൂടെയാണ് ഭട്ടി അനുയായികളെ നേടിയെടുത്തത്.

ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ അന്വേഷിക്കുന്ന ഒന്നിലധികം കേസുകളുടെ കേന്ദ്രബിന്ദുവാണ് 45 കാരനായ ഭട്ടി. താനൊരു ഗുണ്ടയോ മാഫിയ തലവനോ അല്ലെന്ന് ഭട്ടി അവകാശപ്പെടുമ്പോഴും അതിര്‍ത്തികടന്നുള്ള കുറ്റകൃത്യങ്ങളുടെയും ഭീകരവാദ ശൃംഖലകളുടെയും പ്രധാന സൂത്രധാരനാണ് ഇയാളെന്നാണ് അന്വേഷണ ഏജന്‍സികള്‍ ആരോപിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് ഭട്ടിയുടെ ശൃംഖലയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ജമ്മു കശ്മീര്‍, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നായി ഒമ്പത് പേരെ ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്തത്.

ഡല്‍ഹിയിലെ ഒരു ചരിത്രപ്രസിദ്ധമായ ക്ഷേത്രം, ഡല്‍ഹി-സോണിപത് ഹൈവേയിലെ ഒരു പ്രമുഖ ഭക്ഷണശാല, ഹരിയാനയിലെ സൈനിക താവളം എന്നിവടങ്ങളില്‍ ആക്രമണം നടത്താനായിരുന്നു ഇവര്‍ പദ്ധതിയിട്ടിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ അറസ്റ്റുകളാണ് ഭട്ടിയിലേക്ക് വീണ്ടും ശ്രദ്ധ തിരിച്ചത്. ഡല്‍ഹി പോലീസിന്റെ അറസ്റ്റുകള്‍ക്ക് പുറമെ, ഡല്‍ഹി-എന്‍സിആര്‍ മേഖലയിലുടനീളം ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടതിന് ഏപ്രിലില്‍ മധ്യപ്രദേശില്‍ നിന്ന് അറസ്റ്റിലായ രണ്ട് യുവാക്കളുമായും ഭട്ടിക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

ടിക് ടോക്കിലൂടെ വളര്‍ച്ച, ലോറന്‍സ് ബിഷ്‌ണോയിയുമായി ചങ്ങാത്തം; പാകിസ്താനി ഇന്‍ഫ്‌ളുവന്‍സര്‍ ഇന്ത്യയ്ക്ക് ഭീഷണിയായി മാറിയത് എങ്ങനെ?
ടിനി ടോം ഒരു വലിയ സമൂഹ വിപത്ത്; 'അമ്മ'യിലുള്ള വിശ്വാസവും തകർന്നതായി തുറന്നടിച്ച് അൻസിബ

കുറ്റകൃത്യങ്ങളുടെ പശ്ചാത്തലവും യുഎഇയിലേക്കുള്ള മാറ്റവും

പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ നിന്നുള്ള ഭട്ടി ആദ്യമായി പാകിസ്ഥാന്‍ പോലീസിന്റെ നിരീക്ഷണത്തിലായത് 2013 ലാണ്. മോഷണം, കവര്‍ച്ച കേസുകളാണ് ആദ്യം രജിസ്റ്റര്‍ ചെയ്തത്. പിന്നീട് വര്‍ഷങ്ങള്‍ക്കൊണ്ട് ബലാത്സംഗ ആരോപണം ഉള്‍പ്പെടെയുള്ള നിരവധി കേസുകള്‍ ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ലാഹോറിലെ അധോലോക കുറ്റവാളികളായ ഫറൂഖ് ഖോഖര്‍ പോലുള്ളവരുമായി ബന്ധമുണ്ടെന്നും ആരോപണമുണ്ടായിരുന്നു. ഈ ബന്ധങ്ങളെല്ലാം കേവലം സൗഹൃദങ്ങള്‍ മാത്രമാണെന്നും ഒരു സംഘടനയുടെ ഭാഗമല്ലെന്നുമാണ് ഭട്ടി പരസ്യമായി പറഞ്ഞത്.

2015-ഓടെ ഭട്ടി യുഎഇയിലേക്ക് താമസം മാറിയതായാണ് റിപ്പോര്‍ട്ടുകള്‍. യുഎഇയില്‍ ആക്രി കച്ചവട ബിസിനസും കൃഷി, ഡയറി ഫാമുകളും ഉണ്ടെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്. നിലവില്‍ ഇയാള്‍ എവിടെയാണെന്ന കാര്യം വ്യക്തമല്ലെങ്കിലും പാകിസ്ഥാനിലും ഗള്‍ഫ് രാജ്യങ്ങളിലും മാറിമാറി താമസിക്കാറുണ്ട് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.

ടിക് ടോക്കിലൂടെ വളര്‍ച്ച

2018-ന് ശേഷമാണ് പാകിസ്ഥാനില്‍ ടിക് ടോക്കിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ചയുണ്ടാകുന്നത്. ആ കാലഘട്ടങ്ങളില്‍ ടിക് ടോക്കില്‍ നിന്ന് നേട്ടമുണ്ടാക്കിയ സോഷ്യല്‍ മീഡിയ വ്യക്തിത്വങ്ങളില്‍ ഒരാളാണ് ഭട്ടി. മതം, ദേശീയത, ഓണ്‍ലൈന്‍ വിവാദങ്ങള്‍ എന്നിവയായിരുന്നു പ്രധാന കണ്ടന്റുകള്‍. മതപരമായ വിഷയങ്ങളുടെ സ്വയം പ്രഖ്യാപിത സംരക്ഷകനെന്ന പ്രതിച്ഛായ വളര്‍ത്തിയെടുത്ത ഭട്ടി, പാകിസ്ഥാനി ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ ഉള്‍പ്പെട്ട മതനിന്ദാ വിവാദങ്ങളില്‍ അടിക്കടി പ്രതികരിച്ചിരുന്നു. 2025 ഏപ്രിലില്‍ ഇന്‍ഫ്‌ളുവന്‍സറായ റജബ് ബട്ടിന്റെ വീടിന് പുറത്തുണ്ടായ വെടിവയ്പ്പ് ഇതിനൊരു ഉദാഹരണമാണ്. റജബ് ബട്ടും ഷഹ്സാദ് ഭട്ടിയും തമ്മില്‍ സാമൂഹ്യ മാധ്യമത്തില്‍ നടന്ന തര്‍ക്കമാണ് വെടിവെപ്പിന് കാരണമായത്.

ടിക് ടോക്കിലൂടെ വളര്‍ച്ച, ലോറന്‍സ് ബിഷ്‌ണോയിയുമായി ചങ്ങാത്തം; പാകിസ്താനി ഇന്‍ഫ്‌ളുവന്‍സര്‍ ഇന്ത്യയ്ക്ക് ഭീഷണിയായി മാറിയത് എങ്ങനെ?
10 വർഷമായി ബിഹാർ 'ഫിറ്റ്' ആവുന്നത് ഇങ്ങനെ; കഫ് സിറപ്പും ലഹരിയാക്കുന്ന ഒരു ജനതയുടെ കഥ !

ജയിലില്‍ കഴിയുന്ന ഗുണ്ടാതലവന്‍ ലോറന്‍സ് ബിഷ്‌ണോയിയുമായുള്ള സൗഹൃദമാണ് ഭട്ടിയുടെ പൊതുജീവിതത്തിലെ ഏറ്റവും കൗതുകമുണര്‍ത്തുന്ന ഒരു വശം. സോഷ്യല്‍ മീഡിയയിലെ ഇസ്ലാം വിരുദ്ധ ഉള്ളടക്കങ്ങള്‍ തടയുന്നതിന് സഹായം തേടിയതിനെ തുടര്‍ന്നാണ് ഈ ബന്ധം ആരംഭിച്ചതെന്നാണ് ഭട്ടി പറയുന്നത്. 2024 ഒക്ടോബറില്‍ മഹാരാഷ്ട്ര മുന്‍ മന്ത്രി ബാബാ സിദ്ദിഖി കൊല്ലപ്പെട്ട കേസില്‍ പ്രതിയായ ബിഷ്‌ണോയിയുടെ കൂട്ടാളി സീഷന്‍ അക്തറുമായി ഭട്ടിയെ അന്വേഷണ ഉദ്യോഗസ്ഥര്‍ ബന്ധിപ്പിച്ചതോടെയാണ് ഇവരുടെ ബന്ധം കൂടുതല്‍ ചര്‍ച്ചയായത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന് ശേഷം ബിഷ്‌ണോയി നടത്തിയ പാകിസ്താന്‍ വിരുദ്ധ പ്രസ്താവനകളെ തുടര്‍ന്ന് ഈ ബന്ധത്തില്‍ വിള്ളല്‍ വീണതായാണ് റിപ്പോര്‍ട്ട്.

ഇന്ത്യയിലെ ഭീകരവാദ ആസൂത്രണം

2024 മാര്‍ച്ചില്‍ പഞ്ചാബിലെ ജലന്ധറിലുണ്ടായ ഗ്രനേഡ് ആക്രമണമാണ് ഭട്ടിയെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരെ പ്രേരിപ്പിച്ചത്. ജലന്ധര്‍ ജില്ലയിലെ ഇന്‍ഫ്‌ളുവന്‍സറായ റോസര്‍ സന്ധുവിന്റെ വീടിന് സമീപമുണ്ടായ ഈ ആക്രമണം ഭട്ടി ആസൂത്രണം ചെയ്തതാണെന്നാണ് ആരോപണം. തൊഴിലില്ലാത്ത യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിച്ചുകൊണ്ട് ഭട്ടി ഇന്ത്യയില്‍ തന്റെ ശൃംഖല വ്യാപിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ഇതിനായി പാകിസ്ഥാന്റെ ഐഎസ്‌ഐയുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നും കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇന്ത്യന്‍ ഏജന്‍സികള്‍ ആരോപിക്കുന്നു.

ഡല്‍ഹി, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലായി ഭട്ടിക്കെതിരെ പന്ത്രണ്ടിലധികം എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ദേശീയ അന്വേഷണ ഏജന്‍സിയും ചില കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയെയും തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വകുപ്പുകളാണ് ഇവയില്‍ പലതിലും ചുമത്തിയിരിക്കുന്നത്.

English Summary: Pakistani social media influencer and businessman Shahzad Bhatti has once again come under scrutiny after the arrest of nine individuals allegedly linked to a Pakistan-based terror network. Indian security agencies claim Bhatti is connected to multiple terror-related investigations and accuse him of facilitating cross-border criminal and extremist activities.

Madism Digital
madismdigital.com