യുവാവിനെ കൊലപ്പെടുത്താൻ ഭാര്യയുടേയും ജിം ട്രെയിനറുടേയും ഗൂഢാലോചന; സിസിടിവി ദൃശ്യങ്ങൾ പുറത്ത്, രണ്ടുപേരും അറസ്റ്റില്‍

ഉറങ്ങുകയായിരുന്ന യുവാവിനെ ജിം ട്രെയിനര്‍ കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തു
യുവാവിനെ കൊലപ്പെടുത്താൻ ഭാര്യയുടേയും ജിം ട്രെയിനറുടേയും ഗൂഢാലോചന; സിസിടിവി ദൃശ്യങ്ങൾ പുറത്ത്, രണ്ടുപേരും അറസ്റ്റില്‍
Published on: 

ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഭർത്താവിനെ കൊലപ്പെടുത്താൻ ഭാര്യയും ഇവരുടെ ജിം ട്രെയിനറും ചേർന്ന് പദ്ധതിയിട്ടെന്ന കേസിൽ നിർണായകമായ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഒക്ടോബർ 26ന് പുലർച്ചെ വസുന്ധരയിലെ വാടകവീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ശശാങ്ക് കാന്താരിയയെ 12 തവണ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഭാര്യ പ്രിയ ശർമ്മയെയും ജിം ട്രെയിനർ പ്രതാപ് സിംഗിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പുലർച്ചെ 5.17ന് പ്രിയ സൊസൈറ്റിയിലെ വീട്ടിൽനിന്ന് കാറിൽ പുറത്തേക്കുപോകുന്നതും മൂന്ന് മിനിറ്റിനുശേഷം 5.20ഓടെ പ്രതാപ് സിംഗ് ഓടിയെത്തി വീട്ടിലേക്ക് പ്രവേശിക്കുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. ഉറങ്ങുകയായിരുന്ന ശശാങ്കിനെ പ്രതാപ് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

ആക്രമണത്തിനിടെ ശശാങ്കിന്റെ നിലവിളിയും ദമ്പതികളുടെ മൂന്ന് വയസ്സുള്ള കുട്ടിയുടെ കരച്ചിലും കേട്ട് അയൽവാസികൾ സ്ഥലത്തെത്തി. രാവിലെ 5.23ഓടെ രണ്ട് കത്തികളുമായി വീട്ടിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതാപിനെ പ്രദേശവാസികളും സുരക്ഷാ ജീവനക്കാരനും രണ്ട് ബൈക്ക് യാത്രക്കാരും ചേർന്ന് സൊസൈറ്റിയുടെ പ്രധാന കവാടത്തിൽ തടഞ്ഞുവെച്ചു. പിന്നീട് ഗുരുതരമായി പരിക്കേറ്റ ശശാങ്കിനെ കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ കണ്ടെത്തിയ അയൽവാസികൾ ഉടൻ ആശുപത്രിയിലെത്തിച്ചു.

സൊസൈറ്റിയിൽ പുറത്തുനിന്നുള്ളവർക്ക് പ്രവേശിക്കാൻ താമസക്കാരുടെ അനുമതി ആവശ്യമാണ്. പ്രിയയുടെ സഹായത്തോടെയാണ് പ്രതാപ് അകത്തുകയറിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പ്രതാപിന് വീട്ടിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാനായി പ്രിയ വാതിൽ പൂട്ടാതെ വിട്ടതായും പൊലീസ് വ്യക്തമാക്കി.

ഝാൻസി സ്വദേശികളായ ശശാങ്കും പ്രിയയും നാല് വർഷം മുമ്പാണ് വിവാഹിതരായത്. പ്രിയയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ഇരുവരും സർക്കാർ ജീവനക്കാരാണ്. കഴിഞ്ഞ ഏഴ് മുതൽ എട്ട് മാസമായി പ്രിയ 'ഫിറ്റ്നസ് ഹെഡ്ക്വാർട്ടേഴ്സ്' എന്ന ജിമ്മിൽ പരിശീലനത്തിനെത്തിയിരുന്നു. ഇവിടെവെച്ചാണ് ജിം ട്രെയിനറായ പ്രതാപുമായി അടുപ്പത്തിലായതും വാട്സ്ആപ്പിലൂടെ ആശയവിനിമയം ആരംഭിച്ചതും. പ്രതാപും പ്രിയയും വിവാഹം കഴിക്കാൻ പദ്ധതിയിട്ടിരുന്നതായി ചോദ്യം ചെയ്യലിൽ വ്യക്തമായെന്ന് പൊലീസ് അറിയിച്ചു. ഇരുവരുടെയും ബന്ധത്തെക്കുറിച്ച് ശശാങ്ക് അറിഞ്ഞതിനെത്തുടർന്ന് ദീപാവലിക്ക് ശേഷം മറ്റൊരു സ്ഥലത്തേക്ക് താമസം മാറാൻ പദ്ധതിയിട്ടിരുന്നു.

ഇതിന് പിന്നാലെയാണ് ശശാങ്കിനെ കൊലപ്പെടുത്താൻ ഇരുവരും ഗൂഢാലോചന നടത്തിയതെന്നാണ് പൊലീസിന്റെ വിശദീകരണം. ഒക്ടോബർ 25ന് രാവിലെ ഓട്ടത്തിനിടെ ഇരുവരും ചേർന്ന് ആക്രമണത്തിന് പദ്ധതിയിട്ടതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ശശാങ്കിന്റെ തലയിലും കഴുത്തിലും തോളിലും നെഞ്ചിലും ആഴത്തിലുള്ള കുത്തേറ്റതായി സഹോദരൻ റിതേഷ് കാന്താരിയ പറഞ്ഞു. നെഞ്ചിലേറ്റ മുറിവ് ശ്വാസകോശത്തിന് ഗുരുതരമായ ക്ഷതമേൽപ്പിച്ചിട്ടുണ്ടെന്നും പൂർണമായി സുഖം പ്രാപിക്കാൻ സമയമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.