ആദ്യ 12-ൽ ഇടംനേടാനായില്ല; മിസ് യൂണിവേഴ്‌സ് 2026 വേദിയിൽ നിന്ന് പുറത്തായി കെസിയ ലിസ് മെജോ

മികച്ച പ്രകടനത്തോടെ കെസിയ ആദ്യ 30 സെമിഫൈനലിസ്റ്റുകളിൽ ഇടംപിടിച്ചു.
ആദ്യ 12-ൽ ഇടംനേടാനായില്ല; മിസ് യൂണിവേഴ്‌സ് 2026 വേദിയിൽ നിന്ന് പുറത്തായി കെസിയ ലിസ് മെജോ
Published on: 

75-ാമത് മിസ് യൂണിവേഴ്‌സ് സൗന്ദര്യമത്സരത്തിൽ ഇന്ത്യയുടെ കിരീടപ്രതീക്ഷകൾക്ക് തിരിച്ചടിയായി മലയാളി താരം കെസിയ ലിസ് മെജോ മത്സരത്തിൽ നിന്ന് പുറത്തായി. പ്യൂർട്ടോ റിക്കോയിലെ സാൻ ജുവാനിലുള്ള ജോസ് മിഗുവൽ അഗ്രലോട്ട് കൊളീസിയത്തിൽ നടന്ന ഗ്രാൻഡ് ഫിനാലെയിൽ ആദ്യ 30 സെമിഫൈനലിസ്റ്റുകളുടെ പട്ടികയിൽ ഇടംപിടിക്കാൻ 19-കാരിയായ കെസിയയ്ക്ക് സാധിച്ചെങ്കിലും, ആദ്യ 12-ലേക്ക് യോഗ്യത നേടാനാകാതെ പുറത്താകുകയായിരുന്നു.

ലോകമെമ്പാടുമുള്ള 116 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾ മാറ്റുരച്ച വേദിയിൽ ആത്മവിശ്വാസത്തോടെയാണ് കെസിയ തുടക്കമിട്ടത്. മികച്ച പ്രകടനത്തോടെ കെസിയ ആദ്യ 30 സെമിഫൈനലിസ്റ്റുകളിൽ ഇടംപിടിച്ചു. സ്വിംസ്യൂട്ട് റൗണ്ടിൽ തിളങ്ങുന്ന ഓറഞ്ച് ടു-പീസ് വേഷത്തിൽ റാംപിൽ ചുവടുവെച്ച് ശ്രദ്ധ നേടുകയും ചെയ്തു. എന്നാൽ തുടർന്നുള്ള ഘട്ടത്തിൽ ആദ്യ 12 പേരുടെ പട്ടികയിലേക്ക് മുന്നേറാൻ കഴിയാതെ വന്നതോടെ കിരീടപ്പോരാട്ടത്തിൽ നിന്ന് കെസിയയ്ക്ക് പുറത്താകേണ്ടി വന്നു. ചിലി, ഫിലിപ്പീൻസ്, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഫ്രാൻസ്, കൊളംബിയ, നിക്കരാഗ്വ, വെനസ്വേല, ഡൊമിനിക്കൻ റിപ്പബ്ലിക്, ന്യൂസിലൻഡ്, ക്യൂബ, പ്യൂട്ടോ റിക്കോ എന്നീ രാജ്യങ്ങളിലെ മത്സരാർത്ഥികളാണ് അടുത്ത ഘട്ടത്തിലേക്ക് മുന്നേറിയത്.

ആദ്യ 12-ൽ ഇടംനേടാനായില്ല; മിസ് യൂണിവേഴ്‌സ് 2026 വേദിയിൽ നിന്ന് പുറത്തായി കെസിയ ലിസ് മെജോ
സൗന്ദര്യവേദിയിൽ കേരളത്തിന്റെ പൊൻതിളക്കം; മിസ്സ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം ചൂടി മാവേലിക്കരക്കാരി കസിയ ലിസ് മെജോ

ആലപ്പുഴ ജില്ലയിലെ മാവേലിക്കര സ്വദേശിയായ കെസിയ ലിസ് മേജോ, യുഎഇയിലെ അബുദാബിയിലാണ് വളർന്നത്. നിലവിൽ ബെംഗളൂരുവിൽ നിയമവിദ്യാർഥിനിയായി പഠനം തുടരുന്നതിനൊപ്പം മോഡലിങ് രംഗത്തും സജീവമാണ്. ഈ വർഷം ആദ്യം മിസ് യൂണിവേഴ്സ് കേരള കിരീടം നേടിയ കെസിയ, സംസ്ഥാന മത്സരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വിജയി എന്ന നേട്ടവും സ്വന്തമാക്കിയിരുന്നു. തുടർന്ന് ഓഗസ്റ്റ് 23-ന് ജയ്പൂരിൽ നടന്ന ഗ്രാൻഡ് ഫിനാലെയിൽ 52-ലധികം മത്സരാർത്ഥികളെ പിന്നിലാക്കിയാണ് കെസിയ മിസ് യൂണിവേഴ്സ് ഇന്ത്യ 2026 ആയി തെരഞ്ഞെടുക്കപ്പെട്ടത്. മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം നേടുന്ന ആദ്യ മലയാളി വനിത എന്ന ചരിത്രനേട്ടവും ഇതോടെ അവർ കുറിച്ചു.

പഠനത്തിനും മോഡലിങിനും പുറമെ കായിക-കലാരംഗങ്ങളിലും കെസിയ കഴിവ് തെളിയിച്ചിട്ടുണ്ട്. 12 വർഷത്തെ ശാസ്ത്രീയ നൃത്ത പരിശീലനമുള്ള അവർ മികച്ച ഗായികയും വയലിൻ, ഡ്രംസ് എന്നിവ വായിക്കുന്ന കലാകാരിയുമാണ്. കരാട്ടെയിലും പരിശീലനം നേടിയിട്ടുള്ള കെസിയ, മമ്മൂട്ടി ചിത്രമായ ഷൈലോക്ക് എന്ന മലയാള സിനിമയിലൂടെ അഭിനയരംഗത്തും മുഖം കാണിച്ചിട്ടുണ്ട്. കൗമാരകാലത്ത് നേരിട്ട ബോഡി ഡിസ്മോർഫിയയും ഫിൽട്ടർ ചെയ്ത ചിത്രങ്ങളോടുള്ള അരക്ഷിതാവസ്ഥയും തുറന്നുപറഞ്ഞുകൊണ്ട് ബോഡി പോസിറ്റിവിറ്റിയുടെ ശക്തമായ വക്താവായും കെസിയ നിലകൊണ്ടിട്ടുണ്ട്.

കിരീടം നേടാനായില്ലെങ്കിലും, 75 വർഷത്തെ മിസ് യൂണിവേഴ്‌സ് ചരിത്രത്തിൽ ആദ്യമായി കേരളത്തിൽ നിന്ന് 'മിസ് യൂണിവേഴ്‌സ് ഇന്ത്യ' പട്ടം നേടി അന്താരാഷ്ട്ര വേദിയിലെത്തുന്ന ആദ്യ മലയാളി എന്ന ചരിത്രനേട്ടവുമായാണ് കെസിയ മടങ്ങുന്നത്. ഇന്ത്യയ്ക്കായി ഇതുവരെ സുസ്മിത സെൻ (1994), ലാറ ദത്ത (2000), ഹർനാസ് സന്ധു (2021) എന്നിവരാണ് മിസ് യൂണിവേഴ്സ് കിരീടം നേടിയിട്ടുള്ളത്. നാലാമത്തെ അന്താരാഷ്ട്ര കിരീടം ലക്ഷ്യമിട്ടാണ് കസിയ സാൻ ഹുവാനിലെ ജോസ് മിഗ്വൽ അഗ്രെലോട്ട് കൊളീസിയത്തിൽ മത്സരിക്കുന്നത്. നിലവിലെ മിസ് യൂണിവേഴ്സ് ജേതാവായ മെക്സിക്കോയുടെ ഫാത്തിമ ബോഷ് തന്റെ പിൻഗാമിയെ കിരീടം അണിയിക്കുന്ന വേദിയിലാണ് മത്സരങ്ങൾ പുരോഗമിക്കുന്നത്.

Summary

Kaziah Liz Mejo, a 19-year-old law student from Mavelikkara, Kerala who grew up in Abu Dhabi, made history as the first Malayali woman to win Miss Universe India 2026 and the youngest winner of Miss Universe Kerala. At the 75th Miss Universe finale in San Juan, Puerto Rico, she reached the Top 30 among 116 contestants before missing out on the Top 12. Beyond pageantry and her legal studies at MAHE, Bengaluru, she is a trained classical dancer, singer, violinist, drummer, karate practitioner, former Miss Teen International 2025 first runner-up, and vocal advocate for body positivity who also appeared in the Malayalam film Shylock.