ലോക സുരക്ഷാ സൂചികയിൽ തിളങ്ങി ഒമാൻ; സിംഗപ്പൂരിന് തൊട്ടുപിന്നിൽ രണ്ടാമതായി സുൽത്താനേറ്റ്

പുതിയ സൂചിക പ്രകാരം സിംഗപ്പൂരാണ് പൊതുസുരക്ഷയിൽ ലോകത്ത് ഒന്നാം സ്ഥാനത്തുള്ളത്
ലോക സുരക്ഷാ സൂചികയിൽ തിളങ്ങി ഒമാൻ; സിംഗപ്പൂരിന് തൊട്ടുപിന്നിൽ രണ്ടാമതായി സുൽത്താനേറ്റ്
Published on

ഒരു രാജ്യത്തിന്റെ മഹത്വം അളക്കുന്നത് അവിടുത്തെ ആകാശചുംബികളായ കെട്ടിടങ്ങളുടെ എണ്ണത്തിലോ സാമ്പത്തിക കണക്കുകളിലോ മാത്രമല്ല. അവിടെയെത്തുന്ന ഒരു അപരിചിതന് ലഭിക്കുന്ന സ്നേഹത്തിലും സമാധാനത്തിലും കൂടിയാണ്. വഴിതെറ്റി എത്തുന്ന ഒരു യാത്രക്കാരനെ സ്വന്തം വീട്ടിലേക്ക് ക്ഷണിച്ചിരുത്തി, സുഗന്ധം വമിക്കുന്ന ഒമാനി കാവയും ഈത്തപ്പഴവും നൽകി സൽക്കരിക്കുന്ന പാരമ്പര്യം ഒമാന്റെ രക്തത്തിലലിഞ്ഞതാണ്.

വെറുമൊരു രാജ്യത്തിനപ്പുറം, ഊഷ്മളമായ സ്നേഹത്തിന്റെയും സുരക്ഷിതത്വത്തിന്റെയും പര്യായമായി മാറുകയാണ് ഒമാൻ. അടുത്തിടെ പുറത്തുവന്ന നിരവധി ആഗോള സൂചികകളിൽ ഒമാൻ നേടിയ മുൻനിര സ്ഥാനങ്ങൾ ലോകത്തിന് മുന്നിൽ ഈ രാജ്യത്തിന്റെ സവിശേഷമായ യശസ്സ് ഒരിക്കൽ കൂടി ഉയർത്തിക്കാട്ടുന്നു.

ലോകമെമ്പാടും സംഘർഷങ്ങളും അരക്ഷിതാവസ്ഥകളും വാർത്തകളിൽ നിറയുമ്പോൾ, സമാധാനത്തിന്റെയും സുരക്ഷിതത്വത്തിന്റെയും പര്യായമായി വീണ്ടും തിളങ്ങുകയാണ് ഒമാൻ. പ്രവാസികൾക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ നിർഭയമായി വസിക്കാൻ കഴിയുന്ന സങ്കേതം എന്ന ഖ്യാതി കാത്തുസൂക്ഷിച്ചുകൊണ്ട്, ലോകത്തെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ രാജ്യമായി ഒമാൻ തിരഞ്ഞെടുക്കപ്പെട്ടു. ടൈംസ് ഓഫ് ഒമാൻ ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ലോക സുരക്ഷാ സൂചികയിൽ തിളങ്ങി ഒമാൻ; സിംഗപ്പൂരിന് തൊട്ടുപിന്നിൽ രണ്ടാമതായി സുൽത്താനേറ്റ്
യുദ്ധം മൂർച്ഛിക്കുന്നു: ഒമാൻ തീരത്ത് കപ്പലാക്രമണം; ഒരു ഇന്ത്യൻ പൗരനെ കാണാതായി, 10 പേരെ രക്ഷപ്പെടുത്തി

2026-ലെ യുഎസ് ന്യൂസ് ബെസ്റ്റ് കൺട്രീസ് റാങ്കിങിലെ 'പബ്ലിക് സേഫ്റ്റി' (പൊതുസുരക്ഷ) വിഭാഗത്തിലാണ് ഒമാൻ ഈ മികച്ച സ്ഥാനം കരസ്ഥമാക്കിയത്. ആഗോളതലത്തിൽ രാജ്യങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തിലാണ് വിവിധ ഘടകങ്ങൾ വിലയിരുത്തി ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. പുതിയ സൂചിക പ്രകാരം സിംഗപ്പൂരാണ് പൊതുസുരക്ഷയിൽ ലോകത്ത് ഒന്നാം സ്ഥാനത്തുള്ളത്. ഒമാൻ രണ്ടാം സ്ഥാനത്ത് എത്തിയപ്പോൾ ജപ്പാനാണ് മൂന്നാം സ്ഥാനം നേടിയത്.

സുരക്ഷയുടെ കാര്യത്തിൽ ഏഷ്യൻ രാജ്യങ്ങൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നതെന്ന് സിംഗപ്പൂർ, ഒമാൻ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ മുന്നേറ്റം ചൂണ്ടിക്കാട്ടി റിപ്പോർട്ട് എടുത്തുകാണിക്കുന്നു. ഖത്തർ (നാലാം സ്ഥാനം), വിയറ്റ്‌നാം, ഹംഗറി, ദക്ഷിണ കൊറിയ, ന്യൂസിലാൻഡ്, ലക്സംബർഗ് എന്നിവയാണ് പട്ടികയിൽ മുൻനിരയിലുള്ള മറ്റ് പ്രധാന രാജ്യങ്ങൾ.

പൗരന്മാർക്കും അവിടെ താമസിക്കുന്ന വിദേശികൾക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ലക്ഷ്യസ്ഥാനങ്ങളിൽ ഒന്നാണ് ഒമാൻ എന്ന യാഥാർത്ഥ്യത്തിനാണ് ഈ പുതിയ റാങ്കിങ് വീണ്ടും അടിവരയിടുന്നത്. മികച്ച നിയമപാലന സംവിധാനങ്ങളും വ്യക്തിഗത സുരക്ഷയുമാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. മുസ്ലീം യാത്രികർക്കുള്ള ലോകത്തെ 150 ലക്ഷ്യസ്ഥാനങ്ങളുടെ പട്ടികയിൽ മാസ്റ്റർകാർഡും ക്രെസെൻ്റ് റേറ്റിങും ഒമാന് മികച്ച റാങ്കാണ് നൽകിയിട്ടുള്ളത്. പ്രത്യേകിച്ച്, സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായി യാത്ര ചെയ്യാൻ കഴിയുന്ന അഞ്ച് ആഗോള ലക്ഷ്യസ്ഥാനങ്ങളിൽ ഒന്നായി ഒമാൻ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.

ലോക സുരക്ഷാ സൂചികയിൽ തിളങ്ങി ഒമാൻ; സിംഗപ്പൂരിന് തൊട്ടുപിന്നിൽ രണ്ടാമതായി സുൽത്താനേറ്റ്
ചരിത്രത്തിലാദ്യം! ഫിഫ റാങ്കിങിലെ 'ബിഗ് ഫോര്‍' സെമിയില്‍; വഴിത്തിരിവായത് ആ മാസ്റ്റര്‍ പ്ലാന്‍

ആധുനികതയുടെ പേരിൽ തങ്ങളുടെ പൈതൃകം നശിപ്പിക്കാൻ തയ്യാറല്ലാത്ത രാജ്യമാണ് ഒമാൻ. പാരമ്പര്യ വാസ്തുവിദ്യയുടെ ഭംഗി നിലനിർത്തുന്നതിനായി ഇവിടെ അംബരചുംബികളായ കെട്ടിടങ്ങൾക്ക് വിലക്കുണ്ട്. വംശനാശഭീഷണി നേരിടുന്ന കടലാമകൾക്കും ഡോൾഫിനുകൾക്കും വർണ്ണാഭമായ പവിഴപ്പുറ്റുകൾക്കും അഭയമൊരുക്കുന്ന മൂവായിരത്തോളം കിലോമീറ്റർ വരുന്ന കടൽത്തീരവും, മൺസൂൺ കാലത്ത് പച്ചപ്പണിഞ്ഞ് നിൽക്കുന്ന സലാലയുമെല്ലാം ഒമാന്റെ പ്രകൃതിസൗന്ദര്യത്തിന് മാറ്റുകൂട്ടുന്നു.

സുരക്ഷയിലും പൈതൃകത്തിലും മാത്രമല്ല, സാമ്പത്തിക-സാങ്കേതിക മുന്നേറ്റങ്ങളിലും ഒമാൻ ലോകത്തിന്റെ നെറുകയിലുണ്ട്. ക്വാളിറ്റി ഓഫ് ലൈഫ് ഇൻഡക്സിൽ ആഗോളതലത്തിൽ നാലാം സ്ഥാനവും ഏഷ്യയിൽ ഒന്നാം സ്ഥാനവുമാണ് ഒമാൻ കരസ്ഥമാക്കിയത്. മികച്ച ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളും താങ്ങാനാകുന്ന ജീവിതച്ചെലവുകളും ഉയർന്ന പർച്ചേസിങ് പവറും ഈ നേട്ടത്തിന് സഹായകമായി. ഹെറിറ്റേജ് ഫൗണ്ടേഷന്റെ സാമ്പത്തിക സ്വാതന്ത്ര്യ സൂചികയിൽ 19 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 39-ാം റാങ്കിലെത്താനും ഒമാന് കഴിഞ്ഞു. കാര്യക്ഷമമായ ഭരണനിർവ്വഹണവും തുറന്ന വിപണിയുമാണ് ഇതിന് കാരണമായത്.

ബിസിനസ് സൗഹൃദ നികുതി നയങ്ങളും മികച്ച ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളും കാരണം ലോക മത്സരക്ഷമതാ റിപ്പോർട്ടിൽ ഒമാൻ 28-ാം സ്ഥാനത്ത് നിന്നും 25-ലേക്ക് മുന്നേറി. ഇതിനെല്ലാം പുറമെ, ഐക്യരാഷ്ട്രസഭയുടെ ഐടിയു ഡബ്ല്യുഎസ്ഐഎസ് ഇ-എൻവയോൺമെന്റ് വിഭാഗത്തിൽ ആഗോളതലത്തിൽ ഒന്നാം സ്ഥാനം ഒമാൻ സ്വന്തമാക്കി. മുസന്ദം ഗവർണറേറ്റിൽ നടപ്പിലാക്കിയ ഊർജക്ഷമതയുള്ള സ്മാർട്ട് സ്ട്രീറ്റ് ലൈറ്റിങ് പദ്ധതിക്കാണ് ഈ അപൂർവ്വ നേട്ടം ലഭിച്ചത്.

ഒമാൻ വിഷൻ 2040-ന്റെ പിൻബലത്തിൽ രാജ്യാന്തര നിക്ഷേപകരുടെയും സാങ്കേതിക വിദഗ്ധരുടെയും പ്രിയപ്പെട്ട ഇടമായി രാജ്യം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ഹരിത ഊർജ മേഖലയിൽ ലോകത്തിലെ ഏറ്റവും വലിയ ഗ്രീൻ ഹൈഡ്രജൻ കയറ്റുമതിക്കാരായി മാറാനുള്ള തയ്യാറെടുപ്പിലാണ് ഒമാൻ. വിദേശികൾക്ക് പൂർണ്ണ ഉടമസ്ഥാവകാശം നൽകുന്ന നിയമങ്ങളും സോഹാർ, ദുഖം തുടങ്ങിയ സ്വതന്ത്ര വ്യാപാര മേഖലകളും വാണിജ്യരംഗത്ത് വലിയ മാറ്റങ്ങളാണ് കൊണ്ടുവരുന്നത്.

ലോക സുരക്ഷാ സൂചികയിൽ തിളങ്ങി ഒമാൻ; സിംഗപ്പൂരിന് തൊട്ടുപിന്നിൽ രണ്ടാമതായി സുൽത്താനേറ്റ്
പെട്ടി റേഡിയോയില്‍ വിരിഞ്ഞ സ്വപ്നം, ഭാഷകള്‍ കീഴടക്കിയ സംഗീത സഞ്ചാരം; ദശലക്ഷങ്ങളുടെ ഹൃദയം തൊട്ട ജാനകീയരാഗങ്ങള്‍

സാങ്കേതിക ഇൻകുബേറ്ററുകളിലൂടെയും സമ്മർ ഓഫ് സ്പോർട്സ് ആൻഡ് ആർട്സ് പോലുള്ള പരിപാടികളിലൂടെയും വിദ്യാസമ്പന്നരും പ്രഗത്ഭരുമായ ഒരു പുതിയ യുവതലമുറയെ വാർത്തെടുക്കാനും ഒമാൻ ഭരണകൂടം വലിയ പ്രാധാന്യമാണ് നൽകുന്നത്. പാരമ്പര്യവും പുരോഗതിയും സമന്വയിപ്പിച്ചുകൊണ്ടുള്ള ഒമാന്റെ ഈ കുതിപ്പ് ലോകത്തിന് തന്നെ വലിയൊരു മാതൃകയായി മാറുകയാണ്. സമാധാനപരമായി ജീവിക്കാനും ജോലി ചെയ്യാനും യാത്ര ചെയ്യാനും ആഗ്രഹിക്കുന്ന പ്രവാസികളുടെയും നിക്ഷേപകരുടെയും ടൂറിസ്റ്റുകളുടെയും പ്രിയപ്പെട്ട ഇടമായി മാറാൻ രാജ്യത്തിന് കഴിഞ്ഞിട്ടുണ്ട്. പുതിയതായി ലഭിച്ച ഈ ആഗോള അംഗീകാരം പശ്ചിമേഷ്യയിലെയും ലോകത്തെ തന്നെയും ഏറ്റവും സുരക്ഷിതമായ രാജ്യം എന്ന ഒമാന്റെ സൽപ്പേരിനെ കൂടുതൽ തിളക്കമുള്ളതാക്കുകയാണ്.

Summary

Oman has been ranked the second safest country in the world in the 2026 US News Best Countries rankings for Public Safety, positioned just behind Singapore and ahead of Japan. This ranking reflects the country's exceptionally low crime rates, robust law enforcement, and political stability. Furthermore, a recent Mastercard and Crescent Rating report placed Oman among the top five global destinations for Muslim women travelers, underscoring its reputation as a highly secure and welcoming environment for tourists and expatriates alike.

Madism Digital
madismdigital.com