

റിയാദ്: സൗദി അറേബ്യയിൽ നടക്കുന്ന സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ രംഗത്ത്. രാജ്യത്തിനകത്ത് സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിലൂടെയും, മറ്റ് ഡിജിറ്റൽ ആപ്ലിക്കേഷനുകളിലൂടെയും നടക്കുന്ന കുറ്റകൃത്യങ്ങൾക്കാണ് ഇതോടെ കടുത്ത ശിക്ഷ നടപ്പിലാക്കാനിരിക്കുന്നത്. ആധുനിക സാങ്കേതിക പ്ലാറ്റുഫോമുകളിലൂടെ മറ്റൊരാളുടെ ശരീരത്തെ ബഹുമാനിക്കാതെ നടക്കുന്ന ലൈംഗിക സ്വഭാവമുള്ള പ്രവർത്തികൾ, പ്രസ്‌താവനകൾ, ആംഗ്യം തുടങ്ങിയവയാണ് ഇനിമുതൽ നിയമപ്രകാരം ക്രിമിനൽ കുറ്റകൃത്യമാകുന്നതെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
സമൂഹത്തെ സൈബർ കുറ്റങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിനും, ഡിജിറ്റൽ പ്ലാറ്റുഫോമുകളിൽ മികച്ച പെരുമാറ്റവും ഉപയോഗരീതിയും വളർത്തിയെടുക്കുന്നതിനുമാണ് ഈ നടപടി എന്ന് പബ്ലിക് പ്രോസിക്യൂഷൻ അവരുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ അറിയിച്ചിട്ടുണ്ട്. നിലവിൽ പ്രഖ്യാപിതമായ നിയന്ത്രണങ്ങൾ പാലിക്കുന്നതിലൂടെ സാമൂഹിക മൂല്യങ്ങൾ ബഹുമാനിക്കണമെന്നും പോസ്റ്റിൽ പറഞ്ഞു. പീഡന വിരുദ്ധ നിയമത്തിലൂടെ വ്യക്തികളുടെ സ്വകാര്യത, മാന്യത, വ്യക്തിഗത സ്വാതന്ത്ര്യം എന്നിവ സംരക്ഷിക്കുന്ന ശ്രമങ്ങളുടെ ഭാഗമായാണ് നിയമം കർശനമാക്കിയതെന്നാണ് അധികാരികൾ വ്യക്തമാക്കുന്നത്. ഏതായാലും നിയമങ്ങളിലും ശിക്ഷയിലും വന്ന മാറ്റങ്ങൾ ഇതുവരെ പുറത്തു വന്നിട്ടില്ല.
നിലവിൽ സൗദി അറേബ്യയിൽ, ജനറൽ അതോറിറ്റി ഫോർ മീഡിയ റെഗുലേഷൻ സോഷ്യൽ മീഡിയകൾ ഉപയോഗിക്കുന്നതിൽ നിയന്ത്രണങ്ങൾ മുന്നോട്ടു വച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ ഉപഭോക്താക്കൾ പൊതുമാന്യതയും സ്വകാര്യതയും പരസ്പര ബഹുമാനവും നിലനിർത്തണമെന്നാണ് നിലവിൽ ശാസിക്കുന്നത്. കൂടാതെ തെറ്റായ വിവരങ്ങൾ പരസ്യപ്പെടുത്തൽ, അനധികൃത വെളിപ്പെടുത്തൽ, കുട്ടികളെയും വീട്ടുജോലിക്കാരെയും അനധികൃതമായി ചിത്രീകരിക്കൽ, വ്യക്തിപരമായ സമ്പത്ത് പ്രദർശിപ്പിക്കൽ, പൊതുമാന്യതയ്ക്ക് വിരുദ്ധമായ വസ്ത്രധാരണങ്ങൾ ധരിക്കുക തുടങ്ങിയവയെല്ലാം സൗദി അറേബ്യയിൽ നിയമവിരുദ്ധമാണ്.
English Summary: Saudi Arabia’s Public Prosecution has issued a strict warning against cyber harassment, declaring that any sexualized acts, statements, or gestures violating someone’s body, honor, or modesty are criminal offenses.