

ന്യൂഡൽഹി: ഇന്ത്യക്കാരെ നാടുകടത്തിയതിൽ മുന്നിൽ സൗദി അറേബ്യ. നേരത്തെ അമേരിക്ക ആയിരുന്നു ഇന്ത്യക്കാരെ നാടുകടത്തുന്നതിൽ മുൻപന്തിയിലുണ്ടായിരുന്നത്. വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട നാടുകടത്തൽ സംബന്ധിക്കുന്ന കണക്കുകളിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ നാടുകടത്തിയത് സൗദി അറേബ്യയാണ്. വീസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്നവർക്കും നിയമലംഘനം ചെയ്യുന്നവർക്കും നേരെ സൗദി അറേബ്യ കർശന നടപടികൾ സ്വീകരിച്ചതാണ് ഈ വർദ്ധനവിന് പ്രധാന കാരണം. എന്നാൽ അമേരിക്ക പ്രധാനമായും അനധികൃതമായി അതിർത്തി കടക്കുന്നവരെയാണ് പുറത്താക്കുന്നത്.
2021 മുതൽ 2025 വരെയുള്ള അഞ്ചു വർഷത്തിനിടെ 46875 ഇന്ത്യക്കാരെ സൗദി അറേബ്യ നാടുകടത്തിയിട്ടുണ്ട്. എന്നാൽ അമേരിക്കയിൽ നിന്നും നാടുകടത്തപ്പെടുന്നവരുടെ ആകെ എണ്ണത്തിൽ കുറവുണ്ടെങ്കിലും ആളുകളുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. അമേരിക്ക 7066 പേരെയാണ് ഇതുവരെ നാടുകടത്തിയിട്ടുള്ളത്. സൗദി അറേബ്യയിൽ നിന്ന് ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ നാടുകത്തിയ വർഷം 2023 ആണ്, 11486 ആളുകൾ. 2025 ഇതുവരെ 7019 ഇന്ത്യക്കാരാണ് നാടുകടത്തിയവരുടെ പട്ടികയിലുള്ളത്. 2021 ൽ 8,887 പേരും, 2022 ൽ 10,277 പേരും, 2024 ൽ 9,206 പേരുമാണ് സൗദി അറേബ്യ നാടുകടത്തിയത്.
സൗദി അറേബ്യയിൽ നിന്ന് ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ നാടുകത്തിയ വർഷം 2023 ആണ്, 11486 ആളുകൾ
അമേരിക്കയിൽ നിന്നും ഈ വർഷമാണ് കൂടുതൽ ഇന്ത്യക്കാരെ നാടുകടത്തിയത്. ഏകദേശം 3,414 ഇന്ത്യക്കാരുണ്ട്. ഏറ്റവും കുറവ് 2023 ലാണ്. 617 ആളുകൾ. 2021ൽ 805 പേരും 2022 ൽ 862 പേരും, 2024 ൽ 1,368 ആളുകളെയും നാടുകടത്തി. മറ്റു രാജ്യങ്ങളും ഇന്ത്യക്കാരുടെ നിയമലംഘനങ്ങൾക്ക് നടപടിയെടുക്കുന്നുണ്ട്. കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ മറ്റു രാജ്യങ്ങളിൽ നിന്നും ഇന്ത്യക്കാരെ നാടുകടത്തിയതായി റിപ്പോർട്ടുകൾ ഉണ്ട്.
English Summary: The Ministry of External Affairs has released data on the deportation of Indians over the past five years. Saudi Arabia leads, deporting the highest number due to visa violations and overstays.