

ഷാർജ: ഷാർജയിലെ പ്രശസ്ത ഡെസേർട്ട് പൊലീസ് പാർക്കിൽ വാരാന്ത്യ ദിവസങ്ങളിൽ പുതിയ പ്രവേശന നിയന്ത്രണം ഏർപ്പെടുത്തി അധികൃതർ. പാർക്കിലെ വർധിച്ച തിരക്കിനെതുടർന്ന് വെള്ളി, ശനി ദിവസങ്ങളിൽ സർക്കാർ ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും മാത്രം പ്രവേശിക്കാവുന്ന വിധം പുതിയ ക്രമീകരണം നടപ്പാക്കിയിരിക്കുകയാണ്.
ജനുവരി 5 വരെ ഈ താത്കാലിക ക്രമീകരണം പ്രാബല്യത്തിൽ ഉണ്ടാകും. എന്നാൽ തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ പൊതു ജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. ശൈത്യകാലം ആസ്വദിക്കാനെത്തുന്ന കുടുംബങ്ങൾക്കും സന്ദർശകർക്കും മികച്ച സൗകര്യങ്ങൾ ഉറപ്പു വരുത്തുന്നതിനായാണ് പുതിയ ക്രമീകരണം.
പാർക്കിനുള്ളിൽ സുരക്ഷാ, സാമൂഹിക പരിപാടികൾക്കായി തിയേറ്റർ, പൈതൃക ഗ്രാമം, വിനോദ ഗ്രാമം തുടങ്ങിയ പൈതൃക പ്രമേയത്തിലുള്ള മേഖലകൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ, തടവുകാർ പുനരുപയോഗ സാധനങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച പ്രാർത്ഥന ഹാൾ, റസ്റ്റോറന്റ് കോർണർ എന്നിവയും സന്ദർശകർക്കായി സജ്ജമാക്കിയിട്ടുണ്ട്. പാർക്ക് എല്ലാ ദിവസവും വൈകുന്നേരം 4 മണി മുതൽ രാത്രി 10 മണിവരെ പ്രവർത്തിക്കും.
English Summary: Sharjah’s Desert Police Park restricts weekend entry to government employees and families until January 5. Public access is allowed Monday to Thursday.