

അബുദാബി: മാലിന്യ നിയന്ത്രണത്തിനായി എ ഐ യെ പ്രയോജനപ്പെടുത്തി യുഎഇ. ഉപഗ്രഹ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്. അബുദാബി പരിസ്ഥിതി ഏജൻസിയാണ് പദ്ധതിക്ക് രൂപം നൽകിയത്.
അനധികൃതമായി മാലിന്യം തള്ളുന്ന നിയമലംഘനങ്ങൾ കണ്ടെത്തുന്നത് വഴി മാലിന്യ സംസ്കരണം കൂടുതൽ കാര്യക്ഷമമാക്കുക, പരിസ്ഥിതി നിരീക്ഷണം ശക്തിപ്പെടുത്തുക എന്നിവയാണ് ലക്ഷ്യം വെക്കുന്നതെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. നിർമ്മിത ബുദ്ധിയും ഉപഗ്രഹ ചിത്രങ്ങളും ഉപയോഗിച്ച് നിയമലംഘനം കണ്ടെത്തുന്ന യുഎഇയിലെ ആദ്യ പദ്ധതിയാണിത്.
പരമ്പരാഗത പരിശോധനാ സംവിധാനങ്ങളിൽ നിന്ന് മാറി, ഡാറ്റ സ്വയം വിശകലനം ചെയ്യുകയും നിയമലംഘനങ്ങൾ മുൻകൂട്ടി കണ്ടെത്തുകയും ചെയ്യുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്നാണ് ഇഎഡി സെക്രട്ടറി ജനറൽ ഡോ. ഷൈഖ് സലേം അൽ ധാഹേരി അറിയിച്ചിട്ടുള്ളത്. കൂടാതെ ഇതിനോടകം തന്നെ അൽ ഐനിലെ അൽ ബുഖൈരിയ മേഖലയിൽ എ ഐ യുടെ സഹായത്തോടെ നടത്തിയ പരിശോധനയിൽ 150 നിയമലംഘനങ്ങൾ കണ്ടെത്താൻ കഴിഞ്ഞു.
മാലിന്യത്തിന്റെ തരം, കാലയളവ് എന്നിവ കൃത്യമായി നിരീക്ഷിക്കാനും, ശുചീകരണ പ്രവർത്തനങ്ങൾ അതിവേഗം നടത്താനും ഈ പുതിയ സംവിധാനത്തിലൂടെ സാധിക്കുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്. യുഎഇയുടെ 2031 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്ട്രാറ്റജിയുടെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
English Summary: The UAE has launched its first AI- and satellite-based system to detect illegal waste dumping. Developed by the Abu Dhabi Environment Agency, the project aims to improve waste management, enhance environmental monitoring, and support the UAE’s 2031 Artificial Intelligence Strategy.