ലോകം ഉറ്റുനോക്കുന്ന അത്യാധുനിക വെടിക്കെട്ടുകളും ഡ്രോൺ പ്രദർശനങ്ങളുമായി പുതുവർഷത്തെ വരവേൽക്കാൻ യു.എ.ഇ. ഗിന്നസ് വേൾഡ് റെക്കോർഡുകൾ ലക്ഷ്യമിട്ടുള്ള വലിയ ഒരുക്കങ്ങളാണ് അബുദാബി, ദുബായ്, റാസൽഖൈമ തുടങ്ങിയ എമിറേറ്റുകളിൽ ഒരുക്കിയിരിക്കുന്നത്.
അബുദാബിയിലെ അൽ വത്ബയിലുള്ള ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ തുടർച്ചയായി 62 മിനിറ്റ് നീണ്ടുനിൽക്കുന്ന റെക്കോർഡ് വെടിക്കെട്ടാണ് നടക്കുന്നത്. 6,500 ഡ്രോണുകളുമായി ലോകത്തിലെ ഏറ്റവും വലിയ ഡ്രോൺ പ്രദർശനം യുഎഇ യുടെ ആകാശത്ത് വിസ്മയമൊരുക്കും. ഡിജിറ്റൽ കൗണ്ട്‌ഡൗണിനൊപ്പം ഒൻപത് കൂറ്റൻ ആകാശരൂപങ്ങളും ആകാശത്ത് തെളിയുന്നത്. അഞ്ച് ഗിന്നസ് റെക്കോർഡുകളാണ് ഇവിടെ യുഎഇ ലക്ഷ്യമിട്ടിരിക്കുന്നത്. കൂടാതെ റാസൽഖൈമയുടെ തീരദേശത്ത് ആറ് കിലോമീറ്റർ നീളത്തിലാണ് വെടിക്കെട്ട് ഒരുങ്ങുന്നത്.
ലോകത്തിലെ ഏറ്റവും വലിയ ഒറ്റ വെടിക്കെട്ട് വിക്ഷേപിക്കുന്നത്തിലൂടെയാണ് പുതിയ ഗിന്നസ് റെക്കോർഡ് തീർക്കാൻ അധികൃതർ ശ്രമിക്കുന്നത്. മർജാൻ ഐലൻഡിന് മുകളിൽ 2,300-ലധികം ഡ്രോണുകൾ അണിനിരക്കും.
പതിവ് പോലെ ബുർജ് ഖലീഫ തന്നെയാണ് ദുബൈയിലെ ആഘോഷങ്ങളിൽ പ്രധാനം. 40 ഇടങ്ങളിലായി 48 വെടിക്കെട്ടുകളാണ് ദുബൈയിൽ ഒരുക്കിയിരിക്കുന്നത്. ബുർജ് ഖലീഫയിലെ വെടിക്കെട്ട് കാണാനെത്തുന്നവരുടെ തിരക്ക് കണക്കിലെടുത്ത് വൻ സുരക്ഷാക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ബുർജ് ഖലീഫ കൂടാതെ ഗ്ലോബൽ വില്ലേജ്, അറ്റ്ലാന്റിസ് ദി പാം, ബ്ലൂവാട്ടേഴ്സ്, ജെബിആർ ബീച്ച്, ദുബായ് ഫെസ്റ്റിവൽ സിറ്റി, അൽ സീഫ് തുടങ്ങി നഗരത്തിന്റെ 40-ഓളം കേന്ദ്രങ്ങളിൽ വെടിക്കെട്ട് നടക്കും.
മറ്റ് എമിറേറ്റുകളിലും ആഘോഷങ്ങൾക്ക് കുറവില്ല. ഷാർജയിലെ അൽ മജാസ് വാട്ടർഫ്രണ്ട്, അബുദാബി കോർണിഷ് എന്നിവിടങ്ങളിലും വൻതോതിലുള്ള ആഘോഷങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. വിനോദസഞ്ചാരികളുടെയും താമസക്കാരുടെയും വൻ തിരക്ക് പരിഗണിച്ച് സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണങ്ങളും അധികൃതർ കർശനമാക്കിയിട്ടുണ്ട്.
English Summary: The UAE is set to welcome the New Year with massive fireworks and drone shows across Abu Dhabi, Dubai, and Ras Al Khaimah, aiming to create multiple Guinness World Records.