2030ഓടെ യുഎഇയുടെ നിരത്തിൽ ചീറിപ്പായാൻ ആയിരക്കണക്കിന് ഡ്രൈവറില്ലാ റോബോ ടാക്സികൾ

യാത്രക്കാരുടെ ഗതാഗത ആവശ്യങ്ങൾ കൂടുതൽ സുഗമമാക്കുകയും റോബോ ടാക്സി സേവനങ്ങളുടെ വളർച്ചയ്ക്ക് പിന്തുണ നൽകുകയുമാണ് ലക്ഷ്യമെന്ന് ഐ ടി സി അധികൃതർ വ്യക്തമാക്കി.
Robotaxies
Robotaxies Image Credit: X
Published on

അബുദാബി: യുഎഇയിൽ റോബോ ടാക്സി സേവനങ്ങൾ വ്യാപിപ്പിക്കുന്നതിനുള്ള വിപുലമായ പദ്ധതികളുമായി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ഐ ടി സി). റോബോ ടാക്സികൾക്ക് ലഭിച്ച മികച്ച സ്വീകാര്യതയെ തുടർന്നാണ് ജനസാന്ദ്രതയേറിയ മേഖലകളിലേക്കും പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും സേവനം വ്യാപിപ്പിക്കാൻ തീരുമാനം. 2030-ഓടെ യുഎഇയുടെ വിവിധ നഗരങ്ങളിലായി ആയിരക്കണക്കിന് റോബോ ടാക്സികൾ നിരത്തിലിറക്കുകയാണ് ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്ററിന്റെ ലക്ഷ്യം.

അബുദാബി കോർണിഷിനെ ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദുമായി ബന്ധിപ്പിക്കുന്ന പുതിയ റൂട്ടുകൾ ആരംഭിക്കുന്നതടക്കമുള്ള പദ്ധതികളാണ് നിലവിൽ ഐ ടി സി ആസൂത്രണം ചെയ്യുന്നത്. യാത്രക്കാരുടെ ഗതാഗത ആവശ്യങ്ങൾ കൂടുതൽ സുഗമമാക്കുകയും റോബോ ടാക്സി സേവനങ്ങളുടെ വളർച്ചയ്ക്ക് പിന്തുണ നൽകുകയുമാണ് ലക്ഷ്യമെന്ന് ഐ ടി സി അധികൃതർ വ്യക്തമാക്കി. ഖലീഫ സിറ്റി, മസ്ദാർ സിറ്റി, റബ്ദാൻ എന്നിവിടങ്ങളിലേക്ക് സേവനങ്ങൾ വ്യാപിപ്പിക്കുമെന്നും ഐ ടി സി അറിയിച്ചു. യുഎഇയിലെ ഓപ്പറേറ്ററായ തവാസുൽ ട്രാൻസ്പോർട്ടുമായി സഹകരിച്ച് വീറൈഡ് (WeRide), ഉബർ (Uber) എന്നിവരാണ് റോബോ ടാക്സി സേവനങ്ങളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നത്.

കഴിഞ്ഞ വർഷം മാത്രം റോബോ ടാക്സി ഉപയോഗിക്കുന്ന യാത്രക്കാരുടെ എണ്ണത്തിൽ ഏകദേശം 150 ശതമാനം വളർച്ച രേഖപ്പെടുത്തിയതായാണ് കണക്കുകൾ. നിലവിൽ ദുബായിലെ ജുമൈറ, ഉം സുഖീം മേഖലകളിൽ പരീക്ഷണാടിസ്ഥാനത്തിൽ റോബോ ടാക്സി സർവീസുകൾ നടന്നു വരികയാണ്. ഉബർ ആപ്പ് മുഖേനയാണ് യാത്രക്കാർക്ക് റോബോ ടാക്സി ബുക്ക് ചെയ്യാൻ കഴിയുന്നത്.

English Summary: The UAE plans to deploy thousands of robot taxis by 2030 as the Integrated Transport Centre expands services to densely populated and key tourist areas.

Related Stories

No stories found.
Madism Digital
madismdigital.com