ഷാർജയിലെ പ്രവാസി ഡ്രൈവർക്ക് 15 മില്യൺ ദിർഹം ഭാഗ്യം; ബിഗ് ടിക്കറ്റ് ജാക്ക്‌പോട്ട് നേടി വിബീഷ് പള്ളിയാലി

ഫെബ്രുവരി 7-ന് നാട്ടിലേക്ക് പോകാൻ തയ്യാറെടുക്കവേ 1000 ദിർഹത്തിന്റെ ടിക്കറ്റുകൾ വാങ്ങിയിരുന്നു
ഷാർജയിലെ പ്രവാസി ഡ്രൈവർക്ക് 15 മില്യൺ ദിർഹം ഭാഗ്യം; ബിഗ് ടിക്കറ്റ് ജാക്ക്‌പോട്ട് നേടി വിബീഷ് പള്ളിയാലി
Published on

ഷാർജ: യുഎഇയിലെ ഷാർജയിൽ താമസിക്കുന്ന മലപ്പുറം സ്വദേശിയായ വിബീഷ് പള്ളിയാലി, അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 1.5 കോടി ദിർഹം (ഏകദേശം 35 കോടി രൂപയോളം) ജാക്ക്‌പോട്ട് നേടി. ട്രാൻസ്പോർട്ട് കമ്പനിയിൽ പിക്കപ്പ് ഡ്രൈവറായി ജോലി ചെയ്യുന്ന വിബീഷ്, കഴിഞ്ഞ 20 വർഷമായി യുഎഇയിലെ വിവിധ ഭാഗങ്ങളിൽ വാഹനമോടിച്ചാണ് ജീവിതം കെട്ടിപ്പടുത്തത്.

15 വർഷമായി മാസാമാസം ബിഗ് ടിക്കറ്റ് വാങ്ങിപ്പോന്നിരുന്ന വിബീഷിന് ഈ വിജയം ലഭിച്ചത് അവസാന നിമിഷ തീരുമാനത്തിലൂടെയാണ്. ഫെബ്രുവരി 7-ന് നാട്ടിലേക്ക് പോകാൻ തയ്യാറെടുക്കവേ 1000 ദിർഹത്തിന്റെ ടിക്കറ്റുകൾ വാങ്ങിയിരുന്നു. എന്നാൽ ഫെബ്രുവരി 28-ന് കസിനും സുഹൃത്തുക്കളും ചേർന്ന് മറ്റൊരു ടിക്കറ്റ് എടുക്കാൻ നിർബന്ധിച്ചു. ബജറ്റ് കഴിഞ്ഞുവെന്ന് ആദ്യം വിസമ്മതിച്ചെങ്കിലും അവരുടെ സ്നേഹനിർബന്ധത്തിന് വഴങ്ങി രാത്രി 8 മണിയോടെ ഓൺലൈനായി എടുത്ത ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. ഈ നറുക്കെടുപ്പ് സീരീസ് 284-ലാണ് വിജയം പ്രഖ്യാപിച്ചത്.

ജോലി കഴിഞ്ഞ് ഷാർജയിലെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ബിഗ് ടിക്കറ്റ് അധികൃതരിൽ നിന്നുള്ള ഫോൺ കോൾ ലഭിച്ചത്. സ്ഥിരം ടിക്കറ്റ് വാങ്ങുന്നയാളായതിനാൽ ഓഫറുകൾ അറിയിക്കാൻ വിളിക്കാറുണ്ടെങ്കിലും ഇത്തവണത്തെ വിളി ജീവിതം മാറ്റിമറിക്കുന്നതാണെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്നില്ല. വാർത്ത കേട്ടപ്പോൾ തമാശയാണോയെന്ന് തിരിച്ചുചോദിച്ച വിബീഷ്, പിന്നീട് ഭാര്യ രസ്നയെ വിളിച്ചറിയിക്കുകയും വെബ്സൈറ്റിൽ പേര് കണ്ട് ഉറപ്പുവരുത്തുകയും ചെയ്തു.

ഈ തുക സുഹൃത്തുക്കളുമായി പങ്കുവയ്ക്കുമ്പോൾ വിബീഷിന് ഏകദേശം 9 കോടി രൂപയോളം ലഭിക്കുമെന്നാണ് കണക്ക്. ഷാർജ ഇന്ത്യൻ സ്കൂളിൽ പഠനം പൂർത്തിയാക്കി ബംഗളൂരുവിൽ ബിബിഎ കോഴ്സ് ചെയ്യുന്ന മകൾ വന്ദനയുടെ ഭാവിയും പഠനവുമാണ് അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യം. റമസാൻ കാലത്ത് ലഭിച്ച ഈ അനുഗ്രഹം പ്രവാസജീവിതത്തിന് സമാധാനപരമായ അവസാനം നൽകുമെന്ന് വിബീഷ് വിശ്വസിക്കുന്നു. ഇനി നാട്ടിലെത്തി കുടുംബത്തോടൊപ്പം സമാധാനമായ ജീവിതം നയിക്കാനാണ് അദ്ദേഹത്തിന്റെ ആഗ്രഹം.

English Summary: An Indian expatriate driver, Vibeesh Palliyali from Kerala living in Sharjah, won the 15 million dirham jackpot in the Abu Dhabi Big Ticket. The Malappuram native bought the winning ticket online at the last minute after encouragement from friends and relatives.

Related Stories

No stories found.
Madism Digital
madismdigital.com