

ജിദ്ദ: രാജ്യത്ത് വർധിച്ചു വരുന്ന സുരക്ഷ വെല്ലുവിളികൾ കണക്കിലെടുത്ത് യമൻ അധികൃതർ രാജ്യവ്യപകമായ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 2025 ഡിസംബർ 30 മുതൽ 90 ദിവസത്തേക്കാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയിരിക്കുന്നത്. സാഹചര്യങ്ങൾ വിലയിരുത്തി ഇത് നീട്ടാനും സാധ്യതയുണ്ടെന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് ശേഷം യമൻ പ്രസിഡന്റ് ഡോ: റഷാദ് മുഹമ്മദ് അൽഅലിമി പറഞ്ഞു. രാജ്യത്തിന്‍റെ പരമാധികാരം സംരക്ഷിക്കുന്നതിനായും ആഭ്യന്തര സുരക്ഷ ഉറപ്പാക്കുന്നതിനുമായാണ് ഈ നിർണായക നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് 72 മണിക്കൂർ നേരത്തേക്ക് യമനിലെ എല്ലാ കര, കടൽ, വ്യോമ അതിർത്തികളും തുറമുഖങ്ങളും പൂർണമായി അടച്ചിടുമെന്നാണ് അധികൃതർ അറിയിച്ചിട്ടുണ്ട്. സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേനയുടെ ഔദ്യോഗിക അനുമതിയുള്ളവർക്ക് മാത്രമേ ഈ സമയത്ത് യാത്ര ഇളവുകൾ ലഭിക്കുക. ഹളർമൗത്ത്, അൽമഹ്‌റ ഗവർണറേറ്റുകളിൽ എല്ലാ സൈനിക വിഭാഗങ്ങളും അറബ് സഖ്യസേനയുമായി പൂർണമായി സഹകരിക്കണമെന്നും യമൻ പ്രസിഡന്റ് ഉത്തരവിട്ടിട്ടുണ്ട്.
പ്രതിസന്ധി ഘട്ടങ്ങളിൽ അതത് പ്രവശ്യകളുടെ കാര്യങ്ങൾ നിയന്ത്രിക്കാൻ ഗവർണർക്ക് അധികാരം നൽകിയിട്ടുണ്ട്. സൈനിക ക്യാമ്പുകളുടെ നിയന്ത്രണം ഹോംലാൻഡ് ഷീൽഡ് സേന ഏറ്റെടുക്കും വരെ ഗവർണർമാരും സൈന്യവും ചേർന്ന് പ്രവർത്തിക്കണമെന്നും ഉത്തരവിലുണ്ട്.
English Summary: Yemen has declared a nationwide state of emergency for 90 days starting December 30, 2025, citing rising security challenges. Authorities have ordered the complete closure of all land, sea, and air borders for 72 hours, with limited travel allowed only with Arab coalition approval.