

മൂന്ന് വർഷത്തിൽ ആദ്യമായി, മിസൈലുകൾക്ക് വേണ്ടി ഒപ്റ്റിക്കൽ സൈറ്റുകൾ വാങ്ങാൻ ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് സ്വകാര്യ കമ്പനിയെ സമീപിച്ചായി റിപ്പോർട്ട്. മുൻ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായിരുന്ന വ്യക്തിയും ഭാര്യയും ചേർന്ന് രൂപീകരിച്ച സ്വകാര്യ കമ്പനിക്ക് കരാർ നൽകാൻ നീക്കം നടക്കുന്നതായി ഇന്ത്യൻ എക്സ്പ്രസ് ആണ് റിപ്പോർട്ട് ചെയ്യുന്നത്. റഷ്യൻ സാങ്കേതികവിദ്യയിൽ ബിഡിഎൽ നിർമ്മിക്കുന്ന കോൺകുർസ്-എം ടാങ്ക് വിരുദ്ധ ഗൈഡഡ് മിസൈലുകൾക്ക് ആവശ്യമായ 300 ഒപ്റ്റിക്കൽ സൈറ്റുകൾ വാങ്ങുന്നതിനായി 2026 മെയ് മാസത്തിൽ ബിഡിഎൽ 'സിംഗിൾ ടെൻഡർ' വിളിച്ചതായാണ് റിപ്പോർട്ട്.
മത്സരാധിഷ്ഠിത ടെൻഡർ പൂർണമായും ഒഴിവാക്കി ബിഡിഎൽ മുൻ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സിദ്ധാർഥ് മിശ്രയും ഭാര്യ ശംഭവി മിശ്രയും 2024ൽ തുടങ്ങിയ ഐന്ദ്രി ഡിഫൻസ് അഡ്വൈസറി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് മിസൈലുകൾ വിതരണം ചെയ്യാനുള്ള ടെൻഡർ ലഭിച്ചത്.
ടാങ്ക് വേധ ഗൈഡഡ് മിസൈലുകൾക്ക് ആവശ്യമായ 300 ഒപ്റ്റിക്കൽ സൈറ്റുകൾ വാങ്ങാനാണ് ഒറ്റക്കമ്പനിയെ മാത്രം പങ്കെടുപ്പിച്ചുള്ള ബിഡിഎൽ ടെന്ഡർ. 56. 8 കോടി രൂപയാണ് ഐന്ദ്രി ഡിഫൻസ് കമ്പനി ക്വോട്ട് ചെയ്തത്. സ്വന്തമായി നിർമാണശാലകളോ ആസ്തികളോ ഇല്ലാത്ത കമ്പനിയാണെന്ന കാര്യവും ഇന്ത്യൻ എക്സ്പ്രസ് നടത്തിയ അന്വേഷണത്തിൽ വെളിവായി. ഹൈദരാബാദിൽ കമ്പനിയുടെ രജിസ്റ്റർ ചെയ്ത ഓഫീസ് പൂട്ടിയ നിലയിലാണ്. 2024ലും 2025ലും സമാനമായ ഉപകരണങ്ങൾ മത്സരാധിഷ്ഠിത ടെൻഡറിലൂടെയാണ് ബിഡിഎൽ വാങ്ങിയിരുന്നത്.
ടെൻഡർ നിബന്ധനകളിൽ വരുത്തിയ അടിമുടി മാറ്റങ്ങളാണ് ദുരൂഹത വർധിപ്പിക്കുന്നത്. 2024-ലും 2025-ലും സമാനമായ ഒപ്റ്റിക്കൽ സൈറ്റുകൾക്കായി ബിഡിഎൽ ടെൻഡർ വിളിച്ചപ്പോൾ അത് പൊതുമേഖലാ പ്രതിരോധ സ്ഥാപനങ്ങൾക്കിടയിലുള്ള തുറന്ന ടെന്ഡര് ആയിരുന്നു. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള മിനിരത്ന പൊതുമേഖലാ സ്ഥാപനമായ 'ഇന്ത്യ ഒപ്റ്റെൽ ലിമിറ്റഡ്' ആയിരുന്നു അന്ന് ഈ കരാറുകൾ നേടിയത്. എന്നാൽ 2026-ലേക്ക് എത്തിയപ്പോൾ പൊതുമേഖലാ സ്ഥാപനങ്ങൾ തമ്മിലുള്ള മത്സരം പൂർണ്ണമായി ഒഴിവാക്കുകയും ഐന്ദ്രി ഡിഫൻസിന് മാത്രം കരാർ നൽകാന് നീക്കം നടത്തുകയായിരുന്നു.
കമ്പനി രേഖകൾ പ്രകാരം, 2024 മേയിലാണ് സിദ്ധാർത്ഥ് മിശ്രയും അദ്ദേഹത്തിന്റെ ഭാര്യയും ചേർന്ന് 'ഐന്ദ്രി ഡിഫൻസ് അഡ്വൈസറി' എന്ന സ്ഥാപനം രൂപീകരിച്ചത്. തുടക്കത്തിൽ ഇരുവരും 50 ശതമാനം വീതം ഓഹരികൾ കൈവശം വെച്ചിരുന്നു.
ബി.ഡി.എല്ലിൽ നാല് വർഷം സി.എം.ഡി ആയി സേവനമനുഷ്ഠിച്ച ശേഷം 2023 മാർച്ചിനാണ് മിശ്ര വിരമിച്ചത്. കമ്പനി രൂപീകരിച്ചത് മുതൽ 2025 ജനുവരി വരെ അദ്ദേഹം ഇതിന്റെ ഡയറക്ടറും ഓഹരി ഉടമയുമായിരുന്നു. കൊൽക്കത്തയിലെ നാഷണൽ കമ്പനി ലാ ട്രിബ്യൂണലിൽ ടെക്നിക്കൽ അംഗമായി നിയമിതനായതിനെ തുടർന്നാണ് അദ്ദേഹം ഈ സ്ഥാനമൊഴിഞ്ഞത്.
നിലവിൽ ശംഭവിക്ക് കമ്പനിയിൽ 95 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. കൂടാതെ ഇവർ ഡയറക്ടർ പദവിയും വഹിക്കുന്നു. ശേഷിക്കുന്ന 5 ശതമാനം ഓഹരികൾ കൈവശം വെച്ചിരിക്കുന്ന കൗശികി നന്ദൻ വാത്സ്യായനനാണ് മറ്റൊരു ഡയറക്ടർ.
വിഷയത്തിൽ പ്രതികരണം തേടിക്കൊണ്ട് 'ദി ഇന്ത്യൻ എക്സ്പ്രസ്' അയച്ച സന്ദേശങ്ങൾക്കോ ഫോൺ കോളുകൾക്കോ മിശ്രയും ശംഭവിയും മറുപടി നൽകിയില്ല. രജിസ്ട്രാർ ഓഫ് കമ്പനീസ് രേഖകളിൽ നൽകിയിട്ടുള്ള ഇമെയിൽ വിലാസത്തിലേക്ക് അയച്ച ചോദ്യങ്ങൾക്കും കമ്പനി പ്രതികരിച്ചില്ല. എന്നാൽ ബി.ഡി.എൽ ടെൻഡറിനെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കാൻ കഴിയില്ലെന്ന് വാത്സ്യായനൻ വ്യക്തമാക്കിയിട്ടുണ്ട്.
‘അടിയന്തര സാഹചര്യം’ മുന്നിര്ത്തിയാണ് സിംഗിള് ടെന്ഡര് നല്കിയതെന്നാണ് ബി.ഡി.എല് വാദിക്കുന്നത്. പരസ്യമായ ടെന്ഡര് വഴി വാങ്ങാത്തതിനാല് ഉണ്ടാകുന്ന അധിക ചെലവ് അടിയന്തര സാഹചര്യം കണക്കിലെടുത്ത് ന്യായമാണെന്ന് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല് എന്താണ് ഈ അടിയന്തര സാഹചര്യം എന്നതിന്റെ വ്യക്തമായ കാരണങ്ങള് ടെന്ഡറില് പരാമര്ശിച്ചിട്ടില്ല.
For the first time in three years, Bharat Dynamics Limited (BDL) has reportedly approached a private company to procure optical sights for missiles. The Indian Express reports that efforts are underway to award the contract to a private firm founded by the company's former Chairman and Managing Director and his wife. According to the report, BDL invited a 'single tender' in May 2026 to procure 300 optical sights required for its Konkurs-M anti-tank guided missiles, which are manufactured using Russian technology.