

17 പേർക്ക് പരിക്കേറ്റ എയർ ഇന്ത്യയുടെ ഫുക്കറ്റ്-ഡൽഹി വിമാനത്തിന്റെ ആകാശച്ചുഴി അപകടത്തിൽ പൈലറ്റിന്റെ ഡ്രഗ് പരിശോധനാഫലത്തിൽ കഞ്ചാവിന്റെ അംശം കണ്ടെത്തി. ഓഗസ്റ്റ് നാലിന് ഒഡീഷയ്ക്ക് മുകളിലൂടെ പറക്കുന്നതിനിടെയാണ് എയർ ഇന്ത്യയുടെ എയർബസ് A320 വിമാനം അപ്രതീക്ഷിതമായി 300 അടി താഴേക്ക് പതിച്ചത്. സംഭവത്തിൽ 17 യാത്രക്കാർക്കും കാബിൻ ക്രൂ അംഗങ്ങൾക്കും പരിക്കേറ്റിരുന്നു.
സംഭവത്തിന് പിന്നാലെ വിമാനത്തിന്റെ ക്യാപ്റ്റനിൽ നടത്തിയ പ്രാഥമിക പരിശോധനയ്ക്ക് ശേഷം നടത്തിയ സ്ഥിരീകരണ പരിശോധനയിലാണ് കഞ്ചാവിന്റെ സാന്നിധ്യം കണ്ടെത്തിയതെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് എയർ ഇന്ത്യ സിഇഒ ക്യാംപ്ബെൽ വിൽസന്റെ നേതൃത്വത്തിലുള്ള എയർ ഇന്ത്യ മാനേജ്മെന്റ് സംഘം ചൊവ്വാഴ്ച മുതിർന്ന വ്യോമയാന മന്ത്രാലയ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഓഗസ്റ്റ് നാലിന് നടന്ന അപകടം ഗുരുതര സംഭവമായാണ് അധികൃതർ കണക്കാക്കുന്നത്.
സംഭവത്തിൽ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അന്വേഷണം നടത്തിവരികയാണ്. ക്യാംപ്ബെൽ വിൽസണിന് പുറമെ മുൻ വ്യോമയാന സെക്രട്ടറി പ്രദീപ് സിങ് ഖരോളയും യോഗത്തിൽ പങ്കെടുത്തതായാണ് വിവരം. നിലവിൽ ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരന്റെ എക്സിക്യൂട്ടീവ് അഡ്വൈസറായാണ് ഖരോള പ്രവർത്തിക്കുന്നത്. എയർ ഇന്ത്യയുടെ ഫ്ലൈറ്റ് സേഫ്റ്റി വിഭാഗം മേധാവി ദീപക് ജോഷിയും യോഗത്തിൽ പങ്കെടുത്തിരുന്നു.
വ്യോമയാന മന്ത്രാലയത്തെ പ്രതിനിധീകരിച്ച് സിവിൽ ഏവിയേഷൻ സെക്രട്ടറി സമീർ കുമാർ സിൻഹ, ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വീർ വിക്രം യാദവ്, എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ഡയറക്ടർ ജനറൽ ജിവിജി യുഗന്ധർ എന്നിവരും യോഗത്തിൽ പങ്കെടുത്തതായാണ് വിവരം. എന്നാൽ യോഗത്തിൽ നടന്ന ചർച്ചകളുടെ വിശദാംശങ്ങൾ ഇപ്പോൾ പുറത്തുവിടില്ലെന്നാണ് വിവരം. യോഗത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ തങ്ങളെ ആരും ചോദ്യം ചെയ്തിട്ടില്ലെന്നും, അന്വേഷണത്തിന്റെ നിലവിലെ സ്ഥിതിഗതികൾ സംബന്ധിച്ച് താൻ “അപ്‌ഡേറ്റ് നൽകിയതാണെന്നും” മന്ത്രാലയത്തിന് പുറത്ത് ക്യാംപ്ബെൽ വിൽസൺ പ്രതികരിച്ചു.
The drug test of the pilot of the Air India Phuket-Delhi flight, in which 17 people were injured in a sudden altitude-loss incident, has detected traces of marijuana. On August 4, the Air India Airbus A320 aircraft unexpectedly lost 300 feet in altitude while flying over Odisha. The incident left 17 passengers and cabin crew members injured.