അജിത് പവാറിന്റെ മരണത്തിൽ ഗൂഢാലോചനയുണ്ടെന്ന് കോൺഗ്രസ്സും ശിവസേനയും

അപകടം സംഭവിച്ച സമയത്തെ സാഹചര്യങ്ങളെ ചോദ്യം ചെയ്തും, മരണത്തിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആരോപിച്ചുമാണ് പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയിരിക്കുന്നത്.
അജിത് പവാറിന്റെ മരണത്തിൽ ഗൂഢാലോചനയുണ്ടെന്ന് കോൺഗ്രസ്സും ശിവസേനയും
Published on

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ (എൻസിപി) അധ്യക്ഷനുമായിരുന്ന അജിത് പവാറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷകക്ഷികളായ ശിവസേനയും കോൺഗ്രസും. മഹാരാഷ്ട്രയിലെ ബാരാമതിക്ക് സമീപമുണ്ടായ വിമാനാപകടത്തിലാണ് കഴിഞ്ഞ ദിവസം അജിത് പവാർ കൊല്ലപ്പെട്ടത്. അപകടം സംഭവിച്ച സമയത്തെ സാഹചര്യങ്ങളെ ചോദ്യം ചെയ്തും, മരണത്തിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആരോപിച്ചുമാണ് പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയിരിക്കുന്നത്.

അജിത് പവാറിന്റെ അപകട മരണത്തിന് കാരണമായ സാഹചര്യങ്ങളെ കുറിച്ച് സ്വന്തം പാർട്ടിക്കകത്തു തന്നെ ചോദ്യങ്ങൾ ഉയരുന്നുണ്ട് എന്നും ഈ മരണത്തിൽ തീർച്ചയായും ഒരു ചതി സംഭവിച്ചിട്ടുണ്ടെന്നും, ശിവസേന (യുബിടി) രാജ്യസഭാ എംപി സഞ്ജയ് റാവുത്ത് പറഞ്ഞു. എൻസിപിയുടെ രണ്ടു പ്രധാനപ്പെട്ട വിഭാഗങ്ങൾ തമ്മിലുള്ള ഏകീകരണ ചർച്ചകൾ പുരോഗമിക്കുന്ന സാഹചര്യത്തിലായിരുന്നു ഈ അപ്രതീക്ഷിത വിയോഗം സംഭവിക്കുന്നത് എന്നതിനാൽ, തിരശ്ശീലയ്ക്ക് പിന്നിൽ എന്തൊക്കെയോ സംഭവിച്ചിട്ടുണ്ട് എന്ന് അദ്ദേഹം ചൂണ്ടികാണിച്ചു.

'പവാർ പഴയ സഖ്യത്തിലേക്ക് മടങ്ങാൻ തയ്യാറെടുക്കുകയായിരുന്നു, എന്നാൽ പവാറിനെതിരെയുള്ള അഴിമതിയാരോപണവുമായി ബിജെപി വീണ്ടും രംഗത്തെത്തി. ശേഷം ദുരൂഹമായ അപകടം സംഭവിക്കുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് ബിജെപി നേതാക്കളെക്കുറിച്ചുള്ള ചില ഫയലുകൾ തന്റെ പക്കലുണ്ടെന്ന പ്രസ്താവന അജിത് പവാർ നടത്തിയിരുന്നു, ഇതിനർത്ഥം എൻഡിഎ വിടാൻ അജിത് പവാർ തീരുമാനിച്ചിരുന്നു എന്നാണ്. ഈ മരണത്തിൽ എനിക്ക് സംശയങ്ങളുണ്ട്. ഈ വിഷയം തീർച്ചയായും ഞാൻ പാർലമെന്റിൽ ഉന്നയിക്കും,' സഞ്ജയ് റാവുത്ത് പറഞ്ഞു.

സഞ്ജയ് റാവുത്തിന്റെ അഭിപ്രായങ്ങളോട് പ്രതികരിച്ചുകൊണ്ട് ബിജെപി നേതാവ് ഉജ്ജ്വൽ നികം, പവാറിന്റെ മരണവുമായി ഉയരുന്ന എല്ലാ ആരോപണങ്ങളും തള്ളിക്കളയുകയാണ് ഉണ്ടായത്. ആരോപിക്കുന്ന കാര്യങ്ങൾ എല്ലാം തെറ്റാണ് എന്നും, മരിച്ച ഒരു ആത്മാവിനെ വെച്ച് ഇത്രയും നിസ്സാരമായ രാഷ്ട്രീയം കളിക്കുന്നത് ലജ്ജാകരമാണെന്നും അദ്ദേഹം വിമർശിച്ചു. പവാറിന്റേത് ഒരു അപകട മരണമായിരുന്നു എന്ന സത്യം എല്ലാവർക്കും അറിയാമെന്നും, അതിൽ ഗൂഢാലോചനയുണ്ടെന്ന് താൻ കരുതുന്നില്ല എന്നും അദ്ദേഹം കൂട്ടിചേർത്തു.

പവാറിന്റെ മരണത്തിനു തൊട്ടുപിന്നാലെ രാഷ്ട്രീയ പിന്തുടർച്ചയെക്കുറിച്ച് എൻസിപിയിൽ ഗൗരവപരമായ ചർച്ചകൾ നടന്നതിനെയാണ് കോൺഗ്രസ് ചോദ്യം ചെയ്തത്. പവാറിന്റെ അപ്രതീക്ഷിത മരണം ഒരു ഗൂഢാലോചനയാകുന്നതിനുള്ള സാഹചര്യങ്ങൾ ഉണ്ടായിരുന്നു. ഈ മരണത്തിനു പിന്നിൽ കൃത്യമായ പദ്ധതിയുണ്ട്. രണ്ട് എൻസിപി വിഭാഗങ്ങൾ ലയിക്കുന്നത് തടയാൻ ഒരു ഗൂഢാലോചന നടന്നിട്ടുണ്ട്. അത് അന്വേഷിക്കണം. അതുകൊണ്ടാണ് ഉപമുഖ്യമന്ത്രി സ്ഥാനം ഇത്രയും ധൃതിയിൽ നികത്തിയത്. എന്നൊക്കെയാണ് കോൺഗ്രസ് നേതാവ് വിജയ് വഡേട്ടിവാർ ചൂണ്ടിക്കാട്ടിയത്.

English Summary: Opposition parties Congress and Shiv Sena alleged that the death of Maharashtra Deputy Chief Minister and NCP leader Ajit Pawar in a plane crash was suspicious and possibly a conspiracy, a claim strongly denied by the BJP.

Related Stories

No stories found.
Madism Digital
madismdigital.com