രാമക്ഷേത്ര സംഭാവനയിൽ അഴിമതി, തുറന്നുസമ്മതിച്ച് ബിജെപി മുൻ എംപി ബ്രിജ് ഭൂഷൺ; പുതിയ വിവാദം ആർഎസ്എസിന് തലവേദനയാകുമോ?

ക്ഷേത്ര നിർമാണത്തിനായി 3000 കോടി രൂപയോളം സംഭാവന ലഭിച്ചുവെന്നാണ് കണക്ക്. ദൈനംദിന സംഭാവനകൾ ഉൾപ്പെടെ കോടിക്കണക്കിന് സംഖ്യ വേറെയും വരും
രാമക്ഷേത്ര സംഭാവനയിൽ അഴിമതി, തുറന്നുസമ്മതിച്ച് ബിജെപി മുൻ എംപി ബ്രിജ് ഭൂഷൺ; പുതിയ വിവാദം ആർഎസ്എസിന് തലവേദനയാകുമോ?
Published on

അയോധ്യയിലെ രാമക്ഷേത്രനിർമാണവുമായി ബന്ധപ്പെട്ട സംഭാവനകളിൽ ക്രമക്കേട് ആരോപിച്ച് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് കഴിഞ്ഞ ദിവസം ഇന്ത്യയിൽ പുതിയ ചർച്ചക്ക് തിരികൊളുത്തിയിരുന്നു. രാമക്ഷേത്രത്തിലെ സംഭാവനകളിൽനിന്ന് കോടിക്കണക്കിന് രൂപ കാണാതായെന്നും വിഷയത്തിൽ കോടതി സ്വമേധയാ ഇടപെടണമെന്നുമായിരുന്നു ജൂൺ ഏഴിന് എക്സിലൂടെ അഖിലേഷ് യാദവ് ആവശ്യപ്പെട്ടത്. പിറ്റേദിവസവുമ അദ്ദേഹം സമാന ആരോപണം ഉന്നയിച്ചിരുന്നു.

രാജ്യത്ത് പതിറ്റാണ്ടുകളോളം നിലനിന്ന രാഷ്ട്രീയ അസ്ഥിരതയ്ക്കുശേഷം മോദി സർക്കാരിന്റെ പ്രധാന വാ​ഗ്ദാനമായിരുന്നു രാമ ക്ഷേത്ര നിർമാണം. പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ തുടങ്ങി ബിജെപിയുടെ ഉന്നത നേതാക്കൾ നേരിട്ട് പങ്കെടുത്ത ചടങ്ങായിരുന്നു ക്ഷേത്രത്തിന്റെ തുടക്കംതന്നെ. സംഘ്പരിവാറിന്റെ പൈതൃക മാറിയ അത്തരമൊരു ക്ഷേത്രത്തിനെതിരെ ഉയർന്ന സാമ്പത്തിക ക്രമക്കേട് പൊതുസമൂഹത്തിലേക്ക് എത്താതിരിക്കാൻ മാധ്യമങ്ങളും ബിജെപി നേത‍ൃത്വവും അഖിലേഷ് യാദവിന്റെ പ്രസ്താവനയ്ക്കുശേഷം ശ്രമിച്ചിരുന്നു. അതുകൊണ്ടുതന്നെ അധികം മാധ്യമശ്രദ്ധ നേടാതിരുന്ന ആ ആരോപണത്തെ ചില മാധ്യമപ്രവർത്തകർ ഏറ്റെടുത്തു. ​

ഗുസ്തി താരം വിനേഷ് ഫോ​ഗട്ട് ഉയർത്തിയ ലൈം​ഗികാരോപണത്തിൽ ഉൾപ്പെട്ട മുൻ ബിജെപി എംപി ബ്രിജ് ഭൂഷൺ ശരൺ സിങിനോടാണ് വിഷയത്തെക്കുറിച്ച് മാധ്യമ പ്രവർത്തകർ ആദ്യം ചോദിച്ചത്. അഴിമതിയെക്കുറിച്ച് തനിക്കറിയാമെന്നും വലിയ നേതാക്കൾക്ക് സംഭവത്തിൽ പങ്കുണ്ടെന്നും തുറന്നുപറഞ്ഞ് ബ്രിജ് ഭൂഷൺ, ആർഎസ്എസിന് തലവേദനയുണ്ടാക്കി മാധ്യമങ്ങൾക്ക് ഒരു വടി എറിഞ്ഞുകൊടുക്കുകയായിരുന്നു ഇന്ന്. സത്യം പറഞ്ഞാൽ തനിക്ക് പ്രശ്നമാകുമെന്നുകൂടി തുറന്നുസമ്മതിച്ച് അയാൾ ഒരുപടികൂടി മുന്നോട്ടുകടന്നു. വിഷയത്തിനു കൂടുതൽ ശ്രദ്ധകൊടുക്കരുതെന്ന നേതൃത്വത്തിന്റെ നിർദേശം അറിയാത്തതാണോ അതോ ബിജെപിയുമായി ബ്രിജ് ഭൂഷണ് എന്തെങ്കിലും അസ്വാരസ്യങ്ങൾ ഉണ്ടോയെന്നത് വരും ദിവസങ്ങളിൽ കാണാം.

രാമക്ഷേത്ര സംഭാവനയിൽ അഴിമതി, തുറന്നുസമ്മതിച്ച് ബിജെപി മുൻ എംപി ബ്രിജ് ഭൂഷൺ; പുതിയ വിവാദം ആർഎസ്എസിന് തലവേദനയാകുമോ?
മീനാക്ഷി നടരാജന്റെ പത്രിക തള്ളിയതിൽ അട്ടിമറി? തെലങ്കാന കോൺഗ്രസിലെ ഗ്രൂപ്പ് പോരിലേക്ക് വിരൽ ചൂണ്ടി ബിജെപി

രാമക്ഷേത്രംപോലൊരു ആർഎസ്എസ് പൈതൃകത്തിൽതന്നെ അഴിമതി ആരോപണം വരുന്നത് രാജ്യത്ത് സംഘ്പരിവാറിന് കടുത്ത തലവേദനയാകും. കോടിക്കണക്കിനു രൂപയുടെ അഴിമതിയുണ്ടെന്നാണ് ആരോപണം. ബാബരി മസ്ജിദ് പൊളിച്ച സ്ഥലത്ത് 1900 കോടി രൂപ ചെലവഴിച്ചാണ് രാമക്ഷേത്രം പണിതത്. എന്നാൽ ക്ഷേത്രനിർമാണത്തിനായി 3000 കോടി രൂപയോളം സംഭാവന ലഭിച്ചുവെന്നാണ് കണക്ക്. ദൈനംദിന സംഭാവനകൾ ഉൾപ്പെടെ കോടിക്കണക്കിന് സംഖ്യ വേറെയും വരും. ഈ കണക്കിലാണ് വൻ അഴിമതികൾ സംഭവിച്ചതായി ബ്രിജ് ഭൂഷൺ സമ്മതിക്കുന്നത്.

ആരോപണത്തിൽ രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റിനെകൊണ്ട് മറുപടി പറയിപ്പിച്ച് വിവാദം മൂടിവെക്കാനാണ് ബിജെപി നേതൃത്വം ശ്രമിക്കുന്നത്. ആരോപണങ്ങൾ നിഷേധിക്കുന്നതായും ഓഡിറ്റുകളിൽ ക്രമക്കേടൊന്നും കണ്ടെത്തിയില്ലെന്നുമുള്ള അലസ മറുപടിയിലൂടെ ട്രസ്റ്റും ആരോപണത്തിൽ കൈ കഴുകി. വിഷയത്തെ മാധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളും എങ്ങനെ കൈകാര്യം ചെയ്യുമെന്ന് കാത്തിരുന്ന് കാണേണ്ടിവരും. രാമ ജന്മഭൂമിയെ സ്വാ​ഗതം ചെയ്തിരുന്ന കോൺ​ഗ്രസ് വിഷയം രാഷ്ട്രീയ ആയുധമാക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന.

English Summary: Allegations of irregularities in donations collected for the Ram Mandir have sparked a fresh political controversy in India. Samajwadi Party leader Akhilesh Yadav claimed that crores of rupees were unaccounted for and demanded judicial intervention. The debate intensified after former BJP MP Brij Bhushan Sharan Singh suggested that influential figures were involved in the alleged irregularities, though he offered no evidence. The controversy is particularly sensitive because the temple is closely linked to the BJP and the Sangh Parivar. While critics question the handling of funds, the Ram Janmabhoomi Trust has denied wrongdoing and cited clean audit reports.

Madism Digital
madismdigital.com