പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; ബെംഗളൂരുവിലെ ഇറച്ചിക്കടകള്‍ക്ക് 34 മണിക്കൂര്‍ നിരോധനം, മാംസാഹാരം ക്രമസമാധാന പ്രശ്‌നമോ?

2023-ലെ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത സെക്ഷന്‍ 163(1) പ്രകാരമാണ് ഈ നടപടി
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; ബെംഗളൂരുവിലെ ഇറച്ചിക്കടകള്‍ക്ക് 34 മണിക്കൂര്‍ നിരോധനം, മാംസാഹാരം ക്രമസമാധാന പ്രശ്‌നമോ?
Published on: 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബെംഗളൂരു സന്ദര്‍ശനത്തോടനുബന്ധിച്ച് നഗരത്തിലെ ഇറച്ചിക്കടകള്‍ അടച്ചിടാന്‍ ജില്ലാ ഭരണകൂടവും പൊലീസും പുറപ്പെടുവിച്ച ഉത്തരവ് വലിയ രാഷ്ട്രീയ-സാമൂഹിക ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി എന്നാണ് ഭരണകൂടം പറയുന്നത്. എന്നാല്‍, പൗരന്മാരുടെ ഭക്ഷണസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്ന വിമര്‍ശനം വിവിധ കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്.

നിയന്ത്രണത്തിന്റെ പശ്ചാത്തലം

ബെംഗളൂരു മെട്രോയുടെ പിങ്ക് ലൈന്‍ ഉള്‍പ്പെടെയുള്ള വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനും പ്രശാന്തി കുടീരത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനുമായാണ് പ്രധാനമന്ത്രി ബെംഗളൂരുവിലെത്തിയത്. ഈ സന്ദര്‍ശനത്തിന് മുന്നോടിയായി ബെംഗളൂരു അര്‍ബന്‍ ജില്ലയിലെ ജിഗനി ടൗണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍, കല്ലുബാലു ഗ്രാമപഞ്ചായത്ത് എന്നീ പരിധികളിലുള്ള ഇറച്ചിക്കടകള്‍ 34 മണിക്കൂര്‍ അടച്ചിടാന്‍ അധികൃതര്‍ ഉത്തരവിടുകയായിരുന്നു. ഇന്നലെ രാവിലെ ആറു മണി മുതല്‍ ഇന്ന് വൈകുന്നേരം നാല് മണി വരെയാണ് നിയന്ത്രണം. ഇതേ കാലയളവില്‍ പ്രദേശത്ത് മദ്യവില്‍പ്പനയ്ക്കും നിരോധനമുണ്ട്.

അധികൃതരുടെ വിശദീകരണം

ബെംഗളൂരു റൂറല്‍ പൊലീസ് സൂപ്രണ്ട് ചന്ദ്രകാന്ത് എം.വി ജില്ലാ ഭരണകൂടത്തിന് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ പി.എസ് കാന്തരാജുവാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 2023-ലെ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത സെക്ഷന്‍ 163(1) പ്രകാരമാണ് ഈ നടപടി. 'പരിപാടിക്കിടെ സാമൂഹിക വിരുദ്ധരോ കുഴപ്പക്കാരോ പൊതുസമാധാനം തകര്‍ക്കാന്‍ ശ്രമിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍, പ്രധാനമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പ്രദേശത്ത് ക്രമസമാധാനം നിലനിര്‍ത്തുന്നതിനുമാണ് ഇറച്ചിക്കടകള്‍ അടച്ചിടാന്‍ നിര്‍ദ്ദേശിച്ചത്' എന്നാണ് പൊലീസ് ഉത്തരവിലും കത്തിലും വ്യക്തമാക്കുന്നത്.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; ബെംഗളൂരുവിലെ ഇറച്ചിക്കടകള്‍ക്ക് 34 മണിക്കൂര്‍ നിരോധനം, മാംസാഹാരം ക്രമസമാധാന പ്രശ്‌നമോ?
പ്രണയവും ചതിയും ചാരവൃത്തിയും: ലോകരാഷ്ട്രീയത്തെ വിറപ്പിച്ച ഹണിട്രാപ്പുകള്‍

ഉയരുന്ന ചോദ്യങ്ങളും രാഷ്ട്രീയ വിമര്‍ശനങ്ങളും

മാംസാഹാരം കഴിക്കുന്നവര്‍ സാമൂഹിക വിരുദ്ധരാണോ, അതോ ഇറച്ചി വില്‍പ്പന ക്രമസമാധാന പ്രശ്‌നമാണോ എന്ന ചോദ്യമാണ് ഈ ഉത്തരവിലൂടെ ഉയരുന്നത്. വിഷയത്തില്‍ ശക്തമായ പ്രതിഷേധവുമായി സിപിഎം രംഗത്തെത്തി. പൗരന്മാരുടെ വ്യക്തിസ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം, ഇഷ്ടമുള്ള ഭക്ഷണവും ഉപജീവനമാര്‍ഗ്ഗവും തിരഞ്ഞെടുക്കാനുള്ള അവകാശം എന്നിവയ്ക്ക് മേലുള്ള 'നഗ്‌നമായ കടന്നുകയറ്റമാണ്' ഈ ഉത്തരവെന്ന് സിപിഐ (എംഎല്‍) ആരോപിച്ചു.

മതന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കും ആദിവാസികള്‍ക്കും മേല്‍ ബ്രാഹ്‌മണിക്കല്‍ ഭക്ഷണരീതി അടിച്ചേല്‍പ്പിക്കുന്ന പ്രവണതയാണിതെന്നും ഒരു സ്വകാര്യ ചടങ്ങിലേക്കുള്ള പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഭംഗിയാക്കാന്‍ പോലും ഇത്തരം തിട്ടൂരങ്ങള്‍ ഉപയോഗിക്കുകയാണെന്നും പാര്‍ട്ടി വിമര്‍ശിച്ചു. സംഘപരിവാറിനെതിരെ പോരാടുന്നുവെന്നും ഭരണഘടനാപരമായ സ്വാതന്ത്ര്യങ്ങള്‍ സംരക്ഷിക്കുമെന്നും അവകാശപ്പെടുന്ന കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കീഴിലാണ് ഈ ഉത്തരവ് ഇറങ്ങിയതെന്ന വൈരുദ്ധ്യവും എംഎല്‍ ചൂണ്ടിക്കാട്ടി.

Summary

The closure of meat shops for nearly 34 hours in parts of Bengaluru ahead of Prime Minister Narendra Modi's visit has triggered a political and social controversy, raising questions about food freedom and the justification for imposing such restrictions in the name of security. The order applies to meat shops within the limits of Jigani Town Municipal Council and Kallubalu Gram Panchayat in Bengaluru Urban district. The shops were directed to remain closed from 6 am on November 12 until 4 pm on November 13. Restrictions on liquor sales were also imposed during the same period.