

ബെംഗളൂരു: മുസ്ലിം വിദ്യാർത്ഥിയോട് അപമാനകരവും ആക്ഷേപകരവുമായ പരാമർശങ്ങൾ നടത്തിയ സംഭവത്തിൽ അധ്യാപകന് സസ്പെൻഷൻ. ബെംഗളൂരുവിലെ പിഇഎസ് സർവകലാശാല അധ്യാപകൻ ഡോ. മുരളീധർ ദേശ്പാണ്ഡെയെയാണ് അധികൃതർ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. ചൊവ്വാഴ്ച ക്ലാസ് പുരോഗമിക്കുന്നതിനിടെയാണ് സംഭവം. ക്ലാസിൽ നിന്ന് പുറത്തിറങ്ങാൻ അനുവാദം ചോദിച്ച വിദ്യാർത്ഥിയെ 'ടെററിസ്റ്റ്' എന്ന് വിളിച്ച് അധ്യാപകൻ അധിക്ഷേപിക്കുകയായിരുന്നു. വിദ്യാർത്ഥികൾ സംഭവത്തിന്റെ ദൃശ്യം പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചതോടെ സർവ്വകലാശാലയ്ക്കെതിരെ വ്യാപക വിമർശനമുയർന്നു. പിന്നാലെയാണ് അധ്യാപകനെതിരെ നടപടി സ്വീകരിച്ചത്.
“നിങ്ങളെ പോലുള്ളവർ കാരണമാണ് ഇറാനിൽ യുദ്ധം ഉണ്ടായത്”, “ട്രംപ് നിങ്ങളെയൊക്കെ ഇവിടുന്ന് കൊണ്ടുപോകും” തുടങ്ങിയ പരാമർശങ്ങളോടൊപ്പം ‘തീവ്രവാദി’ എന്ന പദം പലവട്ടം ഉപയോഗിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വിദ്യാർത്ഥിയിൽ നിന്ന് പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം പൂർത്തിയാകുന്നതുവരെ സസ്‌പെൻഷൻ തുടരുമെന്നും സർവ്വകലാശാല വൈസ് ചാൻസലർ അറിയിച്ചു. സ്ഥാപനത്തിന്റെ ചരിത്രത്തിൽ ഇതുപോലൊരു സംഭവം ഉണ്ടായിട്ടില്ലെന്നും ആവശ്യമായ ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും ചാൻസലർ വ്യക്തമാക്കിയിട്ടുണ്ട്
സംഭവത്തെ കോൺഗ്രസ് വിദ്യാർത്ഥി സംഘടനയായ എൻഎസ്എയുഐ ശക്തമായി അപലപിച്ചു. അധ്യാപകനെതിരെ പോലീസ് പരാതി നൽകുകയും പൊതുവായി മാപ്പപേക്ഷിക്കണമെന്നും എൻഎസ്എയുഐ ആവശ്യപ്പെട്ടു. വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ വിവിധ വിദ്യാർത്ഥി സംഘടനകളും രാഷ്ട്രീയ പാർട്ടികളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
English Summary: A PES University professor in Bengaluru has been suspended after calling a Muslim student a “terrorist” during class. The video of the incident went viral, triggering protests and an internal investigation